'വിഷാദ രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ട്'; വിവാഹ പരസ്യത്തില്‍ പുതിയ ട്രെന്‍ഡ്
കഴിഞ്ഞ ദിവസം ദിനപത്രത്തില്‍ നല്‍കിയ മാട്രിമോണിയല്‍ പരസ്യത്തിലാണ് ചിലര്‍ രോഗാവസ്ഥ വെളിപ്പെടുത്തിയത്.
കൊച്ചി: മാട്രിമോണിയല്‍ പരസ്യത്തില്‍ താന്‍ വിഷാദ രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്നും വെളിപ്പെടുത്തി യുവതീ യുവാക്കള്‍ രംഗത്ത്. കഴിഞ്ഞ ദിവസം ദിനപത്രത്തില്‍ നല്‍കിയ മാട്രിമോണിയല്‍ പരസ്യത്തിലാണ് ചിലര്‍ രോഗാവസ്ഥ വെളിപ്പെടുത്തിയത്. ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍ മാനസികാരോഗ്യത്തെ സംബന്ധിച്ച് സോഷ്യല്‍മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ച നടക്കുമ്പോഴാണ് യുവതീയുവാക്കള്‍ വിഷാദ രോഗം വൈവാഹിക പരസ്യത്തില്‍ വെളിപ്പെടുത്തിയതെന്നതും ശ്രദ്ധേയം.
ബിരുദാനന്തര ബിരുദധാരികളടക്കമുള്ളവരാണ് വിഷാദ രോഗം വെളിപ്പെടുത്തി വിവാഹാലോചനകള്‍ തേടിയത്. മാനസിക രോഗത്തെ സംബന്ധിച്ച് സമൂഹം ബോധമുണ്ടാകണമെന്ന് ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നിരുന്നു. ശാരീരകോരോഗ്യം പോലെ തന്നെയാണ് മാനസികാരോഗ്യമെന്നും അതുകൊണ്ട് തന്നെ കൃത്യമായ ചികിത്സയും വിദഗ്‌ധോപദേശവും തേടുന്നതില്‍ ആരും ജാള്യത കാണിക്കരുതെന്നും അഭിപ്രായപ്പെട്ട് വിദഗ്ധരും രംഗത്തെത്തി. മാനസികമായി ബുദ്ധിമുട്ടുന്നവര്‍ക്ക് സമൂഹത്തില്‍ നിന്ന് മതിയായ പിന്തുണ ലഭിക്കുന്നില്ലെന്നും അഭിപ്രായയമുയര്‍ന്നിരുന്നു.
ബോളിവുഡ് നടനായ സുശാന്ത് സിംഗിന്റെ മരണം രാജ്യത്താകമാനം മാനസികാരോഗ്യത്തെ സംബന്ധിച്ച് വലിയ തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു.