നമ്മുടെ നാട്ടിലെ ജനപ്രിയ ഭക്ഷണങ്ങളായി മാറിയവയാണ് ബിരിയാണിയും ഫ്രൈഡ് റൈസുമൊക്കെ. വിശേഷ അവസരങ്ങളില്‍ പണ്ടൊക്കെ സദ്യ ആയിരുന്നെങ്കില്‍ ഇന്ന് ആ സ്ഥാനം ബിരിയാണിയും ഫ്രൈഡ് റൈസുമൊക്കെ കൈയടക്കിയിരിക്കുകയാണ്. തെക്കന്‍ കേരളത്തില്‍ ചിലയിടങ്ങളിലെങ്കിലും ബിരിയാണി എന്ന പേരില്‍ ഫ്രൈഡ് റൈസാണ് നല്‍കുന്നത്. ബിരിയാണിയും ഫ്രൈഡ് റൈസും തമ്മില്‍ ചില സമാനതകളൊക്കെ ഉണ്ടെങ്കിലും അവ തമ്മിലുള്ള വ്യത്യാസങ്ങളാണ് കൂടുതല്‍. അവ എന്തൊക്കെയാണെന്ന് നോക്കാം.

1, തുടക്കം

ബിരിയാണി മുഗള്‍ ചക്രവര്‍ത്തിമാരുടെയും ഹൈദരാബാദ് നവാബുമാരുടെയും കാലഘട്ടത്തിലേ ഇന്ത്യയിലുള്ള ഭക്ഷണമാണ്. ഇത് പേര്‍ഷ്യയില്‍നിന്ന് ഇവിടെ എത്തിയതാകാമെന്നാണ് ചരിത്രകാരന്‍മാര്‍ സൂചിപ്പിച്ചിട്ടുള്ളത്.

അതേസമയം ഫ്രൈഡ് റൈസ് ചൈനക്കാരുടെ ഇഷ്‌ട വിഭവമാണ്. ചൈനീസ് വിഭവം എന്ന നിലയിലാണ് അത് ഇവിടേക്ക് എത്തിയത്. എന്നാല്‍ തെക്കന്‍ കേരളത്തിലും മറ്റും വിശേഷ അവസരങ്ങളില്‍ പ്രധാന ഭക്ഷണമായി ഫ്രൈഡ് റൈസ് മാറി.

2, അരി തയ്യാറാക്കുന്നത്

ബിരിയാണിക്കുള്ള അരി വെള്ളത്തില്‍ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇത് വെള്ളമൂറ്റി തട്ടുകളായി വേവിച്ചെടുക്കും. ഓരോ തട്ടിലായി ഇടയ്‌ക്ക് മസാലയും ഫ്രൈ ചെയ്‌തച സവാളയും ചിക്കന്‍, മട്ടന്‍ പോലെ ഉള്ളവയും ചേര്‍ക്കും.

എന്നാല്‍ ഫ്രൈഡ് റൈസിനുള്ള അരി മുന്‍കൂട്ടി തയ്യാറാക്കുകയാണ് ചെയ്യുന്നത്. ഇതിലേക്ക് പിന്നീട് മസാല ചേര്‍ക്കും. ചിക്കന്‍, മട്ടന്‍ എന്നിവയൊന്നും ഫ്രൈഡ് റൈസിനൊപ്പം ചേര്‍ത്ത് വേവിക്കില്ല. അത് പ്രത്യേകം തയ്യാറാക്കി ഇതിലേക്ക് ചേര്‍ക്കുകയാണ് ചെയ്യുക.

3, സുഗന്ധവ്യജ്ഞനങ്ങള്‍

എരിവും പുളിവുമൊക്കെയായി സുഗന്ധവ്യജ്ഞനങ്ങളുടെ കലവറയാണ് ബിരിയാണി. കറുവപ്പട്ട, ഗ്രാമ്പൂ, ഏലം എന്നിവയൊക്കെ ബിരിയാണിയില്‍ ഉണ്ടാകും. എന്നാല്‍ ഫ്രൈഡ് റൈസില്‍ പ്രധാനമായും ചൈനീസ് സുഗന്ധവ്യജ്ഞനങ്ങള്‍ ഉള്‍പ്പടെയുള്ള ചേരുവകളാണുള്ളത്. അജിനോമോട്ടോ, സോയ് സോസ് എന്നിവയും ഫ്രൈഡ് റൈസിനൊപ്പം ഉണ്ടാകും.

4, വേവിക്കുന്ന താപനില

ബിരിയാണി ചെമ്പില്‍ നന്നായി മൂടിവെച്ച് തീകുറച്ച് ഏറെനേരം വേവിക്കണം. എന്നാല്‍ ഫ്രൈഡ് റൈസ് ഉയര്‍ന്ന തീയില്‍ വേഗം വേവിച്ചെടുക്കുകയാണ് പതിവ്.