അദ്‌നാന്‍ സമി ആളാകെ മാറി; കാരണം ഇവളാണ്...
ഇരുവശത്തേക്കും ചീകിവച്ചിരിക്കുന്ന മുടിയും വലിയ ആകാരവുമൊക്കെയായി കാഴ്ചയില്‍ തന്നെ വ്യത്യസ്തനായിരുന്നു അദ്‌നാന്‍ സമി. അന്ന് ആ രൂപത്തെ ഇഷ്ടപ്പെടാന്‍ ധാരാളം പേരുണ്ടായിരുന്നുവെങ്കിലും അതില്‍ നിന്നൊരു മാറ്റം ആത്മാര്‍ത്ഥമായും അദ്‌നാന്‍ സ്വപ്‌നം കണ്ടിരുന്നു
ഒരുകാലത്ത് അദ്‌നാന്‍ സമിയുടെ പാട്ടുകള്‍ യുവാക്കളെ അത്രമാത്രം ഭ്രമിപ്പിച്ചിരുന്നു. പ്രണയവും, വിരഹവും, വിഷാദവും ആഹ്ലാദവുമെല്ലാം അദ്‌നാന്‍ സമിയുടെ ശബ്ദത്തില്‍ കേള്‍ക്കുമ്പോള്‍ അതിന്റെ പ്രത്യേകത വേറത്തന്നെയായി ആരാധകര്‍ കണ്ടു. അദ്ദേഹം തന്നെ പാടിയഭിനയിച്ച ആല്‍ബങ്ങള്‍ വലിയ ഹിറ്റുകളായി.
ഇരുവശത്തേക്കും ചീകിവച്ചിരിക്കുന്ന മുടിയും വലിയ ആകാരവുമൊക്കെയായി കാഴ്ചയില്‍ തന്നെ വ്യത്യസ്തനായിരുന്നു അദ്‌നാന്‍ സമി. അന്ന് ആ രൂപത്തെ ഇഷ്ടപ്പെടാന്‍ ധാരാളം പേരുണ്ടായിരുന്നുവെങ്കിലും അതില്‍ നിന്നൊരു മാറ്റം ആത്മാര്‍ത്ഥമായും അദ്‌നാന്‍ സ്വപ്‌നം കണ്ടിരുന്നു.
ഒടുവില്‍ അത് സംഭവിച്ചു. കണ്ടാല്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ പോലുമാകാത്ത രീതിയില്‍ അദ്‌നാന്‍ മാറിപ്പോയി. 16 മാസം കൊണ്ട് ഏതാണ്ട് നൂറ്റിയറുപതോളം കിലോയാണ് അദ്‌നാന്‍ കുറച്ചത്. സിനിമാരംഗത്തുള്ളവരെ മാത്രമല്ല, അദ്ദേഹത്തെ അറിയാവുന്നവര്‍ക്കെല്ലാം ഈ 'മേക്ക് ഓവര്‍' അവിശ്വസനീയമായിരുന്നു.
ഇപ്പോള്‍ താന്‍ വീണ്ടും ഏറെ മാറിയിരിക്കുന്നുവെന്നാണ് നാല്‍പത്തിയാറുകാരനായ അദ്‌നാന്‍ പറയുന്നത്. അതിന്റെ മുഴുവന്‍ ക്രെഡിറ്റും അദ്ദേഹം ഒന്നരവയസ്സുകാരിയായ മകള്‍ മദീനയ്ക്കാണ് നല്‍കുന്നത്. മകളുടെ വരവോടെ താന്‍ മറ്റൊരാളായി മാറിയെന്നാണ് അദ്ദേഹം പറയുന്നത്.
'മദീനയുടെ ജനനത്തോടെ എന്റെ ജീവിതം ആകെ മാറി, ഒരു ഗായകനെന്ന നിലയിലുള്ളതല്ല, വ്യക്തിയെന്ന നിലയ്ക്കുള്ള ജീവിതവും മാറിപ്പോയി. അവള്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ വാങ്ങിക്കൊണ്ടിരിക്കും, അതാണ് എനിക്കിപ്പോള്‍ ഏറെയിഷ്ടം. ഏറ്റവും പുതിയ ഫാഷനിലുള്ള വസ്ത്രങ്ങളോ അങ്ങനെയെന്തെങ്കിലും..'- അദ്‌നാന്‍ പറയുന്നു.
2017 മെയ് 10നാണ് മദീനയുടെ ജനനം. ഭാര്യ റോയയ്ക്കും മദീനയ്ക്കും ഒപ്പം നിരവധി ഫോട്ടോകളാണ് അദ്‌നാന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുള്ളത്.
'പെണ്‍മക്കളുണ്ടാവുകയെന്ന് പറയുന്നത് പിതാക്കന്മാരെ സംബന്ധിച്ച് ഒരു ഭാഗ്യമാണ്. പെണ്‍കുഞ്ഞും പിതാവും തമ്മിലുള്ള ബന്ധമെന്നത് വളരെ വ്യത്യസ്തമായ ഒരനുഭവം തന്നെയാണ്. മദീന ജീവിതത്തിലേക്ക് വരുന്നത് വരെ ഞാനത് തിരിച്ചറിഞ്ഞിരുന്നില്ല'- അദ്‌നാന്‍ പറയുന്നു.
അമിതവണ്ണത്തിന്റെ പേരില്‍ താന്‍ പരിഹസിക്കപ്പെട്ടിട്ടുണ്ടെന്നും അതില്‍ നിന്ന് മാറാന്‍ പിതാവിന്റെ വാക്കുകളാണ് പ്രചോദനമായതെന്നും അദ്‌നാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ജീവിതത്തില്‍ താന്‍ അനുഭവിക്കുന്ന മുഴുവന്‍ സന്തോഷത്തിന്റെയും കാരണക്കാരി മകളാണെന്നാണ് അദ്‌നാന്‍ പറയുന്നത്.
ഫെബ്രുവരിയില്‍ തുടങ്ങാനിരിക്കുന്ന 'ദ വോയ്‌സ്' എന്ന മ്യൂസിക് റിയാലിറ്റി ഷോയുടെ തിരക്കിലാണ് അദ്‌നാന്‍. ഇതിനിടയിലും മകളെക്കുറിച്ചുള്ള വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് പ്രിയ ഗായകന്‍.