ആണായി മാറിയ മലയാളി യുവതിയും പെണ്ണായി മാറിയ മലയാളി യുവാവും വിവാഹിതരാവുന്നു
മുംബൈ: ലിംഗമാറ്റ ശസ്ത്രക്രിയ ഇന്ന് പുതിയ സംഭവമല്ല. എന്നാല്‍ ലിംഗ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ പ്രണയിച്ചു വിവാഹം ചെയ്താല്‍ എങ്ങനെയിരിക്കും? മുംബൈയിലെ ആശുപത്രിയില്‍ യാദൃശ്ചികമായി കണ്ടുമുട്ടിയ രണ്ടു മലയാളികളാണ് വിവാഹിതരാവാനൊരുങ്ങുന്നത്. കോട്ടയം സ്വദേശിയായ ബിന്ദുവാണ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ആരവ് അപ്പുക്കുട്ടനെന്ന പുരുഷനായി മാറിയത്. എറണാകുളം തൃപ്പുണ്ണിത്തുറ സ്വദേശിയായ ചന്തു സുകന്യയുമായി മാറുകയായിരുന്നു.
പരസ്പരം അടുത്തറിഞ്ഞ അവര്‍ പ്രണയത്തിലായി, പിന്നീട് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മുംബൈയിലെ ആശുപത്രിയില്‍ വച്ച് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് എത്തിയപ്പോഴാണ് ഇരുവരും കണ്ടുമുട്ടിയത്. ആശുപത്രിയില്‍ നിന്ന് തുടങ്ങിയ അടുപ്പം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. തങ്ങള്‍ക്കു വന്ന ഒരു ഫോണ്‍ കോളാണ് പ്രണയത്തിന് തുടക്കം കുറിച്ചതെന്ന് ഇരുവരും പറയുന്നു. ഈ ഫോണ്‍ കോളിലൂടെ മലയാളിയാണെന്ന് മനസ്സിലാക്കുകയും ഇരുവരും തമ്മില്‍ പരിചയപ്പെടുകയുമായിരുന്നു. തുടര്‍ന്നാണ് ഈ സൗഹൃദം വിവാഹത്തിലേക്ക് എത്തിയത്.
ബിന്ദുവായി ആദ്യകാല ജീവിതം മുഴുവന്‍ ജീവിച്ച 46 കാരനായ ആരവ് പുരുഷ ജീവിതം സ്വീകരിക്കുകയായിരുന്നു. ചന്ദുവായ സുകന്യയ്ക്ക് 22 വയസ്സുണ്ട്. മുംബൈയിലെ ആശുപത്രിയില്‍ ഒരു ശസ്ത്രക്രിയ കൂടി കഴിഞ്ഞാല്‍ ലിംഗമാറ്റ ചികിത്സ ഏതാണ്ട് പൂര്‍ണമാവും. ഇരുവരുടെയും വിവാഹത്തിന് വീട്ടുകാരുടെ പിന്തുണയുണ്ട്. ബെംഗളൂരുവിലെ വെബ് ഡെപലപ്പറാണ് സുകന്യ. ആരവ് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുകയാണ്.