ആപ്പിൾ കാൻഡി തയ്യാറാക്കാം
കാൻഡീസ് കടയിൽ നിന്ന് വാങ്ങാതെ വീട്ടിൽ തന്നെ ഉണ്ടാക്കാനാകും. കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണല്ലോ കാൻഡി. ആപ്പിൾ കാൻഡി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ഉണ്ടാക്കാൻ വേണ്ട ചേരുവകൾ
ആപ്പിൾ 2 എണ്ണം
പഞ്ചസാര 3 കപ്പ് സിറപ്പിന്
പഞ്ചസാര 2 കപ്പ് (വേറെ)
വെള്ളം അര ഗ്ലാസ്
നാരങ്ങാനീര് അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ആപ്പിൾ തൊലികളഞ്ഞു ചെറുതായി അരിഞ്ഞു വെക്കുക. നിറം മാറാതിരിക്കാൻ ഒരു ചെറിയ പാത്രം വെള്ളത്തിൽ ഇട്ടു വെക്കാം.
ഇനി സിറപ്പ് ഉണ്ടാക്കാം. അതിനു വേണ്ടി ഒരു പാൻ ചൂടാക്കാൻ വെക്കുക. അതിൽ അര ഗ്ലാസ് വെള്ളവും 3 കപ്പ് പഞ്ചസാരയും ചേർത്ത് ഇളക്കികൊടുക്കുക.
തിളച്ചു തുടങ്ങുമ്പോൾ അരിഞ്ഞു വെച്ചിരിക്കുന്ന ആപ്പിൾ ചേർത്ത് കൊടുക്കണം. 15 മിനിറ്റ് നന്നായി വേവിക്കുക. നാരങ്ങാ നീരും ചേർത്ത് കൊടുക്കാം.
വേറൊരു പാത്രത്തിൽ പഞ്ചസാര പരത്തി ഇടണം. ഇനി പാനിലെ ആപ്പിൾ, പഞ്ചസാര സിറപ്പിൽ കുറുകി വരുമ്പോൾ പഞ്ചസാര പരത്തിയ പാത്രത്തിൽ എടുത്തിടുക.
ചൂടോടെ വേണം ചെയ്യാൻ. ഇനി ആപ്പിൾ കഷണങ്ങൾ പഞ്ചസാരയിൽ പൊതിഞ്ഞു എടുക്കണം. ചൂട് പോകാൻ വെക്കുക. ചൂട് മാറുമ്പോഴേക്കും കാൻഡി റെഡിയായിരിക്കും. കുട്ടികൾക്ക് ഇഷ്ടമുള്ള ആപ്പിൾ കാൻഡി തയ്യാറായി...
തയ്യാറാക്കിയത് : നീനു സാംസൺ