വീട്ടിൽ ഒന്നിലധികം വളർത്തുമൃഗങ്ങൾ ഉള്ളവരാണോ നിങ്ങൾ? എന്നാൽ ഇതൊക്കെ ശ്രദ്ധിച്ചിരിക്കണം
വീടുകളിൽ ഒന്നിലധികം വളർത്തു മൃഗങ്ങൾ ഉള്ളത് ആനന്ദകരമാണെങ്കിലും ഇവരെ നോക്കുന്നത് വലിയ പാടുള്ള കാര്യമാണ്. ചിലപ്പോൾ ഒരുപാട് പൂച്ചകളാവാം, ചിലപ്പോൾ നായകൾ, അല്ലെങ്കിൽ മറ്റു മൃഗങ്ങൾ. ഇവർക്കെല്ലാം വീടിനുള്ളിൽ വളരാനുള്ള നല്ലൊരു അന്തരീക്ഷം ഉറപ്പാക്കേണ്ടത് പ്രധാനമാണ്
![Do you have multiple pets at home? But this should be noted Do you have multiple pets at home? But this should be noted](https://static-gi.asianetnews.com/images/01jkdh3tjhv3kca5w3try00a33/more-pets_363x203xt.jpg)
വീടുകളിൽ ഒന്നിലധികം വളർത്തു മൃഗങ്ങൾ ഉള്ളത് ആനന്ദകരമാണെങ്കിലും ഇവരെ നോക്കുന്നത് വലിയ പാടുള്ള കാര്യമാണ്. ചിലപ്പോൾ ഒരുപാട് പൂച്ചകളാവാം, ചിലപ്പോൾ നായകൾ, അല്ലെങ്കിൽ മറ്റു മൃഗങ്ങൾ. ഇവർക്കെല്ലാം വീടിനുള്ളിൽ വളരാനുള്ള നല്ലൊരു അന്തരീക്ഷം ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ഒന്നിലധികം വളർത്തു മൃഗങ്ങൾ ഉള്ള വീടുകളിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ഇവ ശ്രദ്ധിക്കുകയാണെങ്കിൽ വളർത്തു മൃഗങ്ങൾക്ക് നല്ലൊരു സൗഹൃദപരമായ അന്തരീക്ഷം വീടിനുള്ളിൽ സൃഷ്ടിക്കാൻ സാധിക്കും.
വളർത്തു മൃഗങ്ങളുടെ ആവശ്യങ്ങൾ അറിയുക
ഓരോ വളർത്തു മൃഗങ്ങൾക്കും വ്യത്യസ്ത രീതികളാണ് ഉള്ളത്. അവ എന്തൊക്കെയാണെന്ന് വ്യക്തമായി മനസിലാക്കുകയാണ് ആദ്യം വേണ്ടത്. ഇവർക്ക് സ്വാതന്ത്ര്യമായി ഇരിക്കുവാനും വിശ്രമിക്കുവാനും പറ്റുന്ന സ്ഥലങ്ങൾ വീടിനുള്ളിൽ ക്രമീകരിക്കണം. അവരെ മനസിലാക്കി പെരുമാറണം.
വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം
നിരവധി വളർത്തു മൃഗങ്ങളുള്ള വീടുകളിൽ എപ്പോഴും വൃത്തിയാക്കുന്നത് പ്രായോഗികമല്ല. അതുകൊണ്ട് തന്നെ അതിനനുസരിച്ചുള്ള മാറ്റങ്ങൾ സ്വീകരിക്കുകയാണ് വേണ്ടത്. രൂക്ഷമായ ഗന്ധങ്ങളും വളർത്തു മൃഗങ്ങളുടെ രോമങ്ങളുമൊക്കെ വീടിനുള്ളിൽ ഉണ്ടാവാൻ സാധ്യതയുണ്ട്. ഫ്ലോറുകൾ എന്നും തുടക്കുക, വാക്യും ഉപയോഗിച്ച് വൃത്തിയാക്കുക, പെറ്റ് ബെഡ് വൃത്തിയാക്കുക തുടങ്ങിയ രീതികൾ സ്വീകരിക്കാവുന്നതാണ്. ലിറ്റർ ബോക്സുകൾ വെക്കുകയാണെങ്കിൽ വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കും. കൂടാതെ വളർത്തു മൃഗങ്ങൾക്ക് ഇണങ്ങുന്ന തരത്തിലുള്ള ഫർണിച്ചറുകളും തുണികളും ഉപയോഗിക്കണം.
ഭക്ഷണം നൽകുമ്പോൾ ശ്രദ്ധിക്കേണ്ടത്
ഓരോ പെറ്റുകൾക്കും വേറെ വേറെ ഭക്ഷണം നൽകുന്ന സ്ഥലങ്ങൾ ഉണ്ടെങ്കിൽ അതായിരിക്കും നല്ലത്. എത്ര അളവിലാണ് ഭക്ഷണം കഴിക്കുന്നത്, എങ്ങനെയാണ് ഭക്ഷണം കഴിക്കുന്നത് തുടങ്ങിയ രീതികൾ വ്യക്തമായി നിരീക്ഷിക്കണം. പസിൽ ഫീഡർ അഥവാ സ്ലോ ഫീഡർ പോലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ അവരെ അധിക നേരം അതിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കാൻ സഹായിക്കും.
പോസിറ്റീവ് ആയിട്ടുള്ള അന്തരീക്ഷങ്ങൾ സൃഷ്ടിക്കുക
വളർത്തു മൃഗങ്ങൾക്ക് വേണ്ട രീതിയിലുള്ള പരിശീലനം നൽകേണ്ടത് വളരെ അത്യാവശ്യമായി ഒന്നാണ്. വിവിധ തരം സാഹചര്യങ്ങളിൽ അവ എങ്ങനെയാണ് പെരുമാറുക എന്നത് നമുക്ക് പ്രവചിക്കാൻ കഴിയില്ല എന്നാൽ മതിയായ പരിശീലനം നൽകുന്നതിലൂടെ ഇത്തരം സാഹചര്യങ്ങൾ നിയന്ത്രിക്കാൻ സാധിക്കും. ഇവർക്ക് ആവശ്യമായ കളിപ്പാട്ടങ്ങൾ, കിടക്ക തുടങ്ങിയവ വീടുകളിൽ ഉറപ്പാക്കുക. മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള പരിശീലനങ്ങൾ നൽകുക.
വളർത്തു മൃഗങ്ങളുടെ ആരോഗ്യം
നിരന്തരമായി ചെക്കപ്പുകൾ നടത്തുക. പെറ്റ് ഇൻഷുറൻസ് പോലുള്ള സംവിധാനങ്ങൾ ഉറപ്പാക്കുന്നത് അത്യാവിശ്യ ഘട്ടങ്ങളിൽ ഉപകാരപ്പെടും. വളർത്തു മൃഗങ്ങൾക്കുള്ള ഫസ്റ്റ് എയ്ഡ് കിറ്റുകൾ എപ്പോഴും കയ്യിൽ ഉണ്ടെന്ന് ഉറപ്പാക്കണം.
സ്വഭാവത്തിൽ വരുന്ന മാറ്റങ്ങൾ
വീടുകളിൽ അധികമായി ചിലവഴിക്കേണ്ടി വരുന്നത് കൊണ്ട് തന്നെ ആവശ്യത്തിനുള്ള വിനോദങ്ങൾ ലഭിക്കാതെ വരാം. ഇത്തരം സാഹചര്യങ്ങളിൽ വളർത്തു മൃഗങ്ങളിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാക്കും. ചില സമയങ്ങളിൽ ഇവർ ആക്രമിക്കാൻ വരെ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ വരുകയാണെങ്കിൽ ഉടൻ തന്നെ ഡോക്ടറെയോ വേണ്ടപ്പെട്ടവരെയോ സന്ദർശിക്കണം. വളർത്തു മൃഗങ്ങളുടെ മാനസിക ശാരീരിക അവസ്ഥകൾ ആരോഗ്യ പൂർണമാണെന്ന് ഉറപ്പ് വരുത്തണം.
വളർത്തു മൃഗങ്ങൾക്കൊപ്പം സമയം ചിലവഴിക്കണം
വളർത്തു മൃഗങ്ങൾക്ക് ശ്രദ്ധയും പരിപാലനവും അത്യാവശ്യമാണ്. അവർക്ക് ഒപ്പം ചിലവഴിക്കാൻ എന്നും കുറച്ച് സമയം മാറ്റിവെക്കേണ്ടത് അനിവാര്യമാണ്. ഇത് വളർത്തു മൃഗങ്ങളുമായി നല്ലൊരു അടുപ്പം ഉണ്ടാക്കാൻ സഹായിക്കും.
35 ലക്ഷം രൂപ വിലയുള്ള ഒരു ലക്ഷം കോഴി മുട്ടകൾ മോഷണം പോയി; യുഎസില്‍ വിചിത്രമായ കേസ്