'ഭക്ഷണസംബന്ധമായ വീഡിയോകളെ കണ്ണുമടച്ച് വിശ്വസിക്കരുത്'; ഗൂഗിളിനോടും ഫേസ്ബുക്കിനോടും സര്‍ക്കാര്‍
ഇന്ത്യയില്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ഭക്ഷണസംബന്ധമായ വീഡിയോകള്‍ നന്നായി നിരീക്ഷിക്കണമെന്ന് ഗൂഗിളിനോടും ഫേസ്ബുക്കിനോടും സര്‍ക്കാര്‍.
മലപ്പുറം: ഇന്ത്യയില്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ഭക്ഷണസംബന്ധമായ വീഡിയോകള്‍ നന്നായി നിരീക്ഷിക്കണമെന്ന് ഗൂഗിളിനോടും ഫേസ്ബുക്കിനോടും സര്‍ക്കാര്‍. ഇന്‍റര്‍നെറ്റ് ദാതാക്കള്‍ക്ക് ഐടി മന്ത്രാലയമാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്. ഭക്ഷണവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണിത്. ഇത്തരം വീഡിയോകളും സന്ദേശങ്ങളും നീക്കം ചെയ്യണമെന്നും ഇവ പ്രചരിപ്പിക്കുന്നവരുടെ അക്കൗണ്ട് തടയണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയില്‍ ലഭ്യമാകുന്ന പല ഭക്ഷ്യവസ്തുക്കളുടെയും ഗുണനിലവാരത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നു. കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിയുടെ (ഫസ്സായി) സിഇഒ പവന്‍കുമാര്‍ അഗര്‍വാള്‍ ഐടി സെക്രട്ടറി അജയ് പ്രകാശ് സാഹ്നിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
'മെലാമൈന്‍' പാലില്‍ കലര്‍ത്താന്‍ 'ഫസ്സായി' അനുമതി നല്‍കി എന്നതരത്തിലുള്ള വ്യാജ സന്ദേശങ്ങളും അതോറിറ്റിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം വീഡിയോകള്‍ തടയാനുള്ള സംവിധാനമൊരുക്കാനാണ് ഐടി മന്ത്രാലയം ആവശ്യപ്പെട്ടത്. ഇതിനായി ഒരു നോഡല്‍ഓഫീസറെ നിയോഗിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ഗൂഗിളിനെയും ഫേസ്ബുക്കിനെയുമാണ് സര്‍ക്കാര്‍ സമീപിച്ചത്.