കടല്‍ കലിയില്‍ മുങ്ങി വിഴിഞ്ഞം തീരം; തുറമുഖ വാര്‍ഫിന്‍റെ മതില്‍ തകര്‍ന്നു
- ശക്തമായ തിരയടിയിൽ മുപ്പതോളം മത്സ്യബന്ധന വള്ളങ്ങൾ തകർന്നു
- മതിലിന്‍റെ വലിയ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ ദൂരത്തേക്ക് തെറിച്ചു വീണു
തിരുവനന്തപുരം: കടല്‍ കലിയില്‍ മുങ്ങി വിഴിഞ്ഞം തീരം. ആര്‍ത്തിരമ്പും തിരമാലകള്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ തുറമുഖ വാര്‍ഫിന്‍റെ മതില്‍ തകര്‍ന്നു. വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് അഡ്ലൈൽ വീണ് ഒരാൾക്ക് പരിക്ക്. ശക്തമായ തിരയടിയിൽ മുപ്പതോളം മത്സ്യബന്ധന വള്ളങ്ങൾ തകർന്നു. ശക്തമായ തിരയടി തുടരുകയാണെങ്കില്‍ വിഴിഞ്ഞം പഴയ വാര്‍ഫ് ഏതുനിമിഷവും തകരുമെന്ന് അധികൃതര്‍ അറിയിച്ചു. മതില്‍കെട്ട് തകര്‍ന്ന് അപകടവസ്ഥയിലായ പഴയ വാര്‍ഫിലെക്കുള്ള പ്രവേശനം തടഞ്ഞ് ഹാർബർ എൻജിനീയറിങ് വകുപ്പ് അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
ഫിഷറീസ് വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ ബീന സുകുമാരും അസി. ഡയറക്ടർ ഡോ. മീനാകുമാരിയും സ്ഥലം സന്ദർശിച്ചു. ഉള്‍കടല്‍ ശാന്തമാണെന്നും വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മ്മാണത്തിലെ പിഴവാണ് തീരത്ത് കടല്‍ ക്ഷോഭത്തിന് കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു. ബുധനാഴ്ച രാത്രി മുതല്‍ തുടങ്ങിയ ശക്തമായ തിരയടി തുടരുകയാണ്. തിരയടിച്ച് കയറിയതോടെ പഴയ വാര്‍ഫിലെ മതില്‍ തകര്‍ന്ന് വീണു. തിരയുടെ ശക്തിയില്‍ മതിലിന്‍റെ വലിയ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ ദൂരത്തേക്ക് തെറിച്ചു വീണു.
പുതിയ വാര്‍ഫില്‍ തിരയുടെ ആഘാതം കുറയ്ക്കാന്‍ സ്ഥാപിച്ചിട്ടുള്ള ഭീമന്‍ കോണ്‍ക്രീറ്റ് കട്ടകളില്‍ ചിലതാണ് തിരയടിയില്‍ തെറിച്ചു താഴേക്ക് പതിച്ചത്. തുർഖമുഖ ബേസിനിൽ നങ്കൂരമിട്ടിരുന്ന മുപ്പതോളം വള്ളങ്ങൾ തിരയടിയിൽ തകർന്നു. രണ്ടു മത്സ്യബന്ധന വള്ളങ്ങൾ മുങ്ങി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി പ്രദേശത്തെ ഒരാഴ്ച മുൻപ് തിരയടിയിൽ തകർന്ന പൈലിംഗ് യൂണിറ്റിലേക്കുള്ള ഇരുമ്പ് പ്ലാറ്റ്ഫോമിലൂടെ നടന്നു പോയ മൂന്ന് തൊഴിലാളികളാണ് വ്യാഴാഴ്ച്ച ഉച്ചയോടെ തിരയടിയേറ്റ് വീണത്. രണ്ടുപേർ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. ഉത്തർപ്രദേശ് സ്വദേശി റാംജലഗ് രാജ് (35) ആണ് തിരയടിയേറ്റ് കടലിനുളളിലേക്ക് പതിച്ചത്.
ഗുരുതരമായി പരിക്കേറ്റ് മുങ്ങിത്താണ ഇയാളെ യൂണിറ്റിലെ മറ്റ് തൊഴിലാളികൾ ഏറെ സാഹസപ്പെട്ടാണ് രക്ഷിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവളം ബീച്ചിലെ നടപ്പാതയും കടന്നെത്തിയ തിരമാലകൾ തീരത്തെ കടകൾക്കുള്ളിൽ വരെ കയറി. ദിവസങ്ങൾക്ക് മുമ്പ് ആരംഭിച്ച കടൽക്ഷോഭം കഴിഞ്ഞ ദിവസം രാത്രിയോടെ കൂടുതൽ രൂക്ഷമാവുകയായിരുന്നു. ശക്തമായ തിരമാലകൾ പുതിയ വാർഫിലേക്കു അടിച്ച് കയറിയതോടെ സുരക്ഷാ സേനാബോട്ടുകൾക്കും ഭീഷണിയായി. ഇതാദ്യമായാണ് അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ കോവളം തീരത്തെ വിഴുങ്ങിയ തിരകൾ കടകളിലേക്ക് പാഞ്ഞു കയറിയത്. ഓഖി സമയത്തു പോലും ഇല്ലാത്ത ഭീകര തിരകൾ ആണ് കരയിലേക്ക് അടിച്ചു കേറുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.