നടത്തിയത് പതിവ് ഗൃഹസന്ദര്‍ശനം; തട്ടിക്കൊണ്ടുപോകല്‍ പൊലീസ് കെട്ടിച്ചമച്ചതെന്ന് മാവോയിസ്റ്റുകള്‍

 തൊഴിലാളികളോട് അവരുടെ തൊഴിലിനെ കുറിച്ചും ജീവിത ദുരിതങ്ങളെ കുറിച്ചും ചോദിച്ചറിഞ്ഞിരുന്നു. മാവോയിസ്റ്റുകള്‍ മുന്നോട്ട് വയ്‌ക്കുന്ന രാഷ്‌ട്രീയ ബദലിനെ കുറിച്ചും സംസാരിച്ചു.

maoists issue press relase to clarify kidanpping news in wayanad

വയനാട്: കല്‍പ്പറ്റക്കടുത്ത് മേപ്പാടി എമറാള്‍ഡ് എസ്‌റ്റേറ്റിലെ തോട്ടത്തില്‍ മാവോയിസ്റ്റുകള്‍ ഇതരസംസ്ഥാന തൊഴിലാളികളെ ബന്ദിയാക്കിയെന്ന രീതിയില്‍ പുറത്ത് വന്ന വാര്‍ത്ത തെറ്റാണെന്ന് മാവോയിസ്റ്റുകളുടെ പത്രക്കുറിപ്പ്. സിപിഐ മാവോയിസ്റ്റിന്റെ പേരില്‍ വയനാട് പ്രസ് ക്ലബ്ബിലെത്തിച്ച പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിക്കിരിക്കുന്നത്. തൊഴിലാളികളെ ബന്ദികളാക്കിയെന്നത് പോലീസ് കെട്ടിച്ചമച്ച കഥയാണെന്നും തൊഴിലാളികളെ ബന്ദിയാക്കുന്നത് തങ്ങളുടെ നയമല്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

സിപിഐ മാവോയിസ്റ്റ് നാടുകാണി ഏരിയാ സമിതിയുടെ പതിവ് ഗൃഹസന്ദര്‍ശനത്തിന്റ ഭാഗമായാണ് സംഭവസ്ഥലത്ത് എത്തിയത്.  തൊഴിലാളികളോട് അവരുടെ തൊഴിലിനെ കുറിച്ചും ജീവിത ദുരിതങ്ങളെ കുറിച്ചും ചോദിച്ചറിഞ്ഞിരുന്നു. മാവോയിസ്റ്റുകള്‍ മുന്നോട്ട് വയ്‌ക്കുന്ന രാഷ്‌ട്രീയ ബദലിനെ കുറിച്ചും സംസാരിച്ചു. ഇതിനിടെ നിസ്‌കരിക്കാനായി പുറത്ത് പോയ ഒരു തൊഴിലാളി തൊട്ടടുത്ത റിസോര്‍ട്ടില്‍ പോയി തങ്ങള്‍ വന്ന വിവരം അറിയിക്കുകയായിരുന്നു. മറ്റ് രണ്ടു പേരും തങ്ങള്‍ പിരിയുന്നത് വരെ തങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്നു. ഇതാണ് ബന്ദിയാക്കിയെന്നുള്ള നുണപ്രചാരണമാക്കി പോലീസ് മാറ്റിയത്. കുറിപ്പില്‍ വ്യക്തമാക്കുന്നു. 
 
മാന്യമായാണ് തൊഴിലാളികളോട് പെരുമാറിയത്. രാത്രി ഒന്‍പത് മണി വരെ തങ്ങള്‍ അവിടെ ഉണ്ടായിരുന്നു. തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് അറിഞ്ഞപ്പോഴാണ് അവിടെ നിന്ന് മടങ്ങിയത്. വാസ്തവം ഇതായിരിക്കെ മാവോയിസ്റ്റ് പ്രസ്ഥാനത്തെ കരിവാരി തേക്കാനും ജനങ്ങളില്‍ നിന്ന് അകറ്റാനുമുള്ള ഭരണകൂടത്തിന്റെ ഗൂഡാലോചനയാണ് പോലീസ് പുറത്തുവിട്ട കഥകളിലുള്ളതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

മാവോയിസ്റ്റ് മാവോയിസ്റ്റ് നാടുകാണി ദളം വക്താവ് അജിതയുടെ പേരിലുള്ളതാണ് പത്രക്കുറിപ്പ്. ഇത് വാര്‍ത്തയാക്കാന്‍ മാധ്യമപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്ന കത്തും പത്രക്കുറിപ്പിന്റെ കൂടെയുണ്ട്. വയനാട് പ്രസ്‌ക്ലബിലേക്ക് തപാല്‍ മാര്‍ഗമാണ് കത്ത് എത്തിച്ചിരിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios