പൊലീസ് അകമ്പടിയില്ലാതെ അമ്മയുടെ സംസ്കാര ചടങ്ങിന് പോകണമെന്ന് മുട്ടിൽ മരംമുറികേസ് പ്രതികൾ: ആവശ്യം തള്ളി കോടതി

 പ്രതികൾ പങ്കെടുക്കാത്തതിനാൽ മരിച്ച അമ്മയുടെ സംസ്കാര ചടങ്ങ് ഉടൻ നടത്തില്ലെന്ന നിലപാടിലാണ് ബന്ധുക്കൾ. 

muttil case in court

ബത്തേരി: മുട്ടിൽ മരം മുറി കേസിൽ മുഖ്യപ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. അതേസമയം അമ്മയുടെ സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കുമ്പോൾ പോലീസ് അകമ്പടി പാടില്ലെന്ന പ്രതികൾ കോടതിയിൽ ആവശ്യപ്പെട്ടത് നാടകീയ രംഗങ്ങൾക്ക് ഇടയാക്കി. കോടതിക്ക് അകത്തും പുറത്തും പോലീസിനോട് തർക്കിച്ച പ്രതികളെ ഒടുവിൽ മാനന്തവാടി ജില്ല ജയിലിലേക്ക് മാറ്റി.

ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കഴിഞ്ഞ ദിവസം മരിച്ച അമ്മയുടെ സംസ്ക്കാര ചടങ്ങിൽ പോലീസ് അകമ്പടിയില്ലാതെ പങ്കെടുക്കാൻ അനുവദിക്കണമെന്ന് പ്രതികളായ റോജി അഗസ്റ്റിൻ, ആൻ്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവർ ആവശ്യപ്പെട്ടു. എന്നാൽ ഇത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 14 ദിവസം റിമാൻഡ് ചെയ്ത പ്രതികളെ പോലീസ് സംരക്ഷണമില്ലാതെ  സംസ്ക്കാര ചടങ്ങിൽ പങ്കെടുപ്പിക്കുന്നത് അസാധാരണ നടപടിയാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

എങ്കിൽ അമ്മയുടെ സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് പ്രതികൾ കോടതിയെ അറിയിച്ചു. ജഡ്ജി കോടതിയിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ പ്രതികൾ പോലീസുമായി രൂക്ഷമായ വാക്ക് തർക്കത്തിലേർപ്പെട്ടു. കോടതിയിൽ നിന്ന് പ്രതികൾ ഇറങ്ങാൻ തയ്യാറായില്ല. പിന്നീട് പോലീസ് പാടുപെട്ടാണ് പ്രതികളെ പുറത്തിറക്കിയത്. പോലീസ് അനീതി കാട്ടിയെന്ന് പ്രതികൾ മാധ്യമങ്ങളോട് പറഞ്ഞു. മാനന്തവാടി ജില്ല ജയിലിലേക്ക് മാറ്റിയ പ്രതികളെ ക്രൈംബ്രാഞ്ച് ഉടൻ കസ്റ്റഡിയിൽ ആവശ്യപ്പെടും. പ്രതികൾ പങ്കെടുക്കാത്തതിനാൽ മരിച്ച അമ്മയുടെ സംസ്കാര ചടങ്ങ് ഉടൻ നടത്തില്ലെന്ന നിലപാടിലാണ് ബന്ധുക്കൾ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Latest Videos
Follow Us:
Download App:
  • android
  • ios