മൊബിലിറ്റി ഹബ് മുതല്‍ കോട്ടയം ലൈന്‍സ് പാക്കേജ് വരെ; അടിസ്ഥാന സൗകര്യ വികസന രംഗത്ത് ആലപ്പുഴ വന്‍ കുതിപ്പിലേക്ക്

മൊത്തം മൂന്ന് ഘട്ടങ്ങളായാണ് ആലപ്പുഴ മൊബിലിറ്റി ഹബിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. ഇന്‍കെല്‍ ആണ് മൊബിലിറ്റി ഹബ് നിര്‍മാണത്തിന്‍റെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്പിവി).

kiifb infrastructure development projects in alappuzha district

ആലപ്പുഴ ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 107 പ്രോജക്ടുകളാണ് കിഫ്ബിയുടെ ചുമതലയില്‍ പുരോഗമിക്കുന്നത്. 2020 മാര്‍ച്ച് എട്ട്, ഒന്‍പത് തീയതികളില്‍ നടന്ന കേരള നിര്‍മിതി ആലപ്പുഴ എഡിഷന്‍ പരിപാടിയുടെ ഭാഗമായി ജില്ലയിലെ പദ്ധതികളുടെ പുരോഗതി വിലയിരുത്തുകയും പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുകയും ചെയ്തു. 

ആരോഗ്യം, വിദ്യാഭ്യാസം, പൊതുമരാമത്ത്, ജലസേചനം തുടങ്ങിയ മേഖലകളിലായി 107 പദ്ധതികളാണ് കിഫ്ബി നടപ്പാക്കുന്നത്. ഇതില്‍ ഉള്‍പ്പെടുന്ന സുപ്രധാന പദ്ധതികള്‍ കിഫ്ബി കേരള നിര്‍മിതി ആലപ്പുഴ എഡിഷനില്‍ പ്രദര്‍ശനത്തിന് എത്തിച്ചു. ആലപ്പുഴ മൊബിലിറ്റി ഹബ്, ആലപ്പുഴ വാട്ടര്‍ കനാലുകളുടെ നവീകരണം, കുട്ടനാട് കുടിവെള്ള പദ്ധതി രണ്ടാം ഘട്ടം, ആലപ്പുഴ ജനറല്‍ ആശ്രുപത്രിയുടെ ഒപി ബ്ലോക്ക് നിര്‍മാണം, ചെട്ടികാട് താലൂക്ക് ആശുപത്രി നവീകരണം, പെരുമ്പളം - പനവള്ളി പാലം, ആലപ്പുഴ ജില്ലാ കോടതി മേല്‍പ്പാലം, കോട്ടയം ലൈന്‍സ് പാക്കേജ്, കായംകുളം സിനിമ തീയേറ്റര്‍ കോംപ്ലക്സ് എന്നിവയാണ് കിഫ്ബിയുടെ ജില്ലയിലെ പ്രധാന പദ്ധതികള്‍. 

ആലപ്പുഴ മൊബിലിറ്റി ഹബ് നിര്‍മാണം 

മൊത്തം മൂന്ന് ഘട്ടങ്ങളായാണ് ആലപ്പുഴ മൊബിലിറ്റി ഹബിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. ഇന്‍കെല്‍ ആണ് മൊബിലിറ്റി ഹബ് നിര്‍മാണത്തിന്‍റെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്പിവി). മൊത്തം 143.56 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കുന്നത്. നിലവില്‍ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. പദ്ധതിയുടെ ആദ്യ ഘട്ടം ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കോംപ്ലക്സ് നിര്‍മാണമാണ്. രണ്ടാം ഘട്ടത്തില്‍ ബോട്ട് ടെര്‍മിനലും ജലഗതാഗത വകുപ്പിനുളള ഡോക്കും വര്‍ക്ക് ഷോപ്പും നിര്‍മിക്കും. മൂന്നാം ഘട്ടത്തില്‍ വടായി കനാലിന് കുറകെ പാലവും ബസ് ടെര്‍മിനലിനായി എലിവേറ്റഡ് റോഡും നിര്‍മിക്കും. 

kiifb infrastructure development projects in alappuzha district

 

ആലപ്പുഴ വാട്ടര്‍ കനാലുകളുടെ നവീകരണം

ആലപ്പുഴ വാട്ടര്‍ കനാലുകളുടെ നവീകരണത്തിന്‍റെ ഭാഗമായി ജലഗതാഗതം മെച്ചപ്പെടുത്തുകയാണ് സര്‍ക്കാരിന്‍റെ മുഖ്യലക്ഷ്യം. ആലപ്പുഴ ജില്ലയ്ക്കായി കിഫ്ബി നടപ്പാക്കുന്ന ഏറ്റവും സുപ്രധാനമായ പദ്ധതികളിലൊന്നാണിത്. കെഐഐഡിസിയാണ് (കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍) പദ്ധതിയുടെ എസ്പിവി (സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍. മൊത്തം 88.93 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കുന്നത്. 26 കിലോ മീറ്ററില്‍ കനാലുകളിലെ ചെളി നീക്കം ചെയ്യുകയും കനാലുകളുടെ സംരക്ഷണത്തിനായി അരികുകള്‍ ശക്തിപ്പെടുത്തുകയും ചെയ്യും. പദ്ധതിയുടെ 65 ശതമാനം ഇതുവരെ പൂര്‍ത്തിയായി. ഈ പദ്ധതിയുടെ ഭാഗമായി ജൈവ വള ഉല്‍പാദനവും കാര്‍ഷിക വികസനവും ലക്ഷ്യമിടുന്നു. കനാലുകളെ മത്സ്യബന്ധനത്തിന് അനുയോജ്യമായ രീതിയില്‍ വികസിപ്പിക്കുകയും കിഫ്ബിയുടെ ലക്ഷ്യമാണ്. 

കുട്ടനാട് കുടിവെള്ള പദ്ധതി (രണ്ടാം ഘട്ടം)

കുട്ടനാടിന്‍റെ എക്കാലത്തെയും വലിയ പ്രതിസന്ധിയായ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുകയാണ് കുട്ടനാട് കുടിവെള്ള പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 289.54 കോടി രൂപയാണ് പദ്ധതിയുടെ മൊത്തച്ചെലവായി കണക്കാക്കുന്നത്. പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. കുട്ടനാട് ഭാഗത്തെ 13 പഞ്ചായത്തുകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. തലവടി, എടത്വ, തകഴി, മുട്ടാര്‍, നെടുമുടി, രാമന്‍കരി, ചമ്പക്കുളം, നീലാംപേരൂര്‍, കാവാലം, പുളിംകുന്ന്, കൈനകരി, വെളിയനാട്, വീയ്യപുരം എന്നിവയാണ് കുടിവെളള പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന പഞ്ചായത്തുകള്‍. 

ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഒപി ബ്ലോക്കിന്‍റെ നിര്‍മാണം

52.06 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് വേണ്ടിയുളള പുതിയ ഒപി ബ്ലോക്ക് നിര്‍മാണം. പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായുളള പൈലിംഗ് ഇപ്പോള്‍ പുരോഗമിക്കുകയാണ്. ഇതിനൊപ്പം നടക്കുന്ന മറ്റൊരു ആശുപത്രി നിര്‍മാണമാണ് ചെട്ടികാട് താലൂക്ക് ആശുപത്രിയുടേത്. 92.91 കോടി രൂപയാണ് ഇതിന്‍റെ പദ്ധതി ചെലവ്. ഇതിനായുളള ഭൂമി ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ 90 ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞു. രണ്ട് പദ്ധതികളുടെയും സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ഹൈറ്റ്സാണ് (എച്ച്ഐടിഇഎസ്). ചെട്ടികാട് ആശുപത്രിയുടെ ഭാഗമായി പുതിയ ഒപി ബ്ലോക്ക്, ഐപി ബ്ലോക്ക്, ക്യാഷ്വാലിറ്റി ബ്ലോക്ക് എന്നിവ നിര്‍മിക്കും. നിലവിലുളള ആശുപത്രി കെട്ടിടത്തിന്‍റെ അറ്റകുറ്റ പണികള്‍ക്കും പദ്ധതിയില്‍ തുക വകയിരുത്തിയിട്ടുണ്ട്.  

kiifb infrastructure development projects in alappuzha district

 

പെരുമ്പളം - പനവള്ളി പാലവും ആലപ്പുഴ ജില്ലാ കോടതി മേല്‍പ്പാലവും

ഒരു കിലോമീറ്ററില്‍ കൂടുതല്‍ നീളമുളള പാലമാണ് പെരുമ്പളം -പനവള്ളി പാലം. 95.861 കോടി രൂപ ചെലവാക്കിയാണ് പെരുമ്പളം -പനവള്ളി പാലം നിര്‍മിക്കുന്നത്. വേമ്പനാട്ട് കായലിലെ പെരുമ്പളം ദ്വീപിനെയും ആലപ്പുഴയെയും ബന്ധിപ്പിക്കുന്ന പാലമാണിത്. നിലവില്‍ പാലത്തിന്‍റെ നിര്‍മാണം റീടെന്‍ഡര്‍ നല്‍കിയിരിക്കുകയാണ്. ആലപ്പുഴയുടെ നഗര ഹൃദയത്തിലെ ട്രാഫിക്ക് സംവിധാനം സുഗമമാക്കുന്നതിന്‍റെ ഭാഗമായി നിര്‍മിക്കുന്ന മേല്‍പ്പാലമാണ് ആലപ്പുഴ ജില്ലാ കോടതി മേല്‍പ്പാലം. 20 കോടി രൂപയാണ് കിഫ്ബി പദ്ധതി ചെലവായി വകയിരുത്തിയിരിക്കുന്നത്.  ഈ പദ്ധതിക്കായുളള സ്ഥലം ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. ഈ രണ്ട് സുപ്രധാന നിര്‍മിതികളുടെയും നിര്‍മാണം നടത്തുന്ന സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്പിവി) കേരള റോഡ് ഫണ്ട് ബോര്‍ഡാണ്. 

കോട്ടയം ലൈന്‍സ് പാക്കേജും കായംകുളം തീയേറ്റര്‍ കോംപ്ലക്സും

സംസ്ഥാന തലത്തില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ ഭാഗമാണ് കോട്ടയം ലൈന്‍സ് പാക്കേജ്. ഊര്‍ജ്ജ മേഖലയില്‍ ആലപ്പുഴയെ സ്വയം പര്യാപ്തമാക്കുകയെന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി കെഎസ്ഇബിയാണ്. 35.6 കിലോമീറ്റര്‍ നീളം വരുന്ന കോട്ടയം ലൈന്‍സ് പദ്ധതിക്ക് 96.39 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കെഎസ്ഇബി തുടങ്ങിക്കഴിഞ്ഞു. 

kiifb infrastructure development projects in alappuzha district

 

സംസ്കാരിക വകുപ്പിന് കീഴില്‍ കിഫ്ബി നടപ്പാക്കുന്ന പദ്ധതിയാണ് കായംകുളം സിനിമ തീയേറ്റര്‍ കോംപ്ലക്സ്. 15.03 കോടി രൂപയാണ് ആകെ കിഫ്ബി കണക്കാക്കിയിരിക്കുന്ന ചെലവ്. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി. മൂന്ന് മള്‍ട്ടിപ്ലെക്സ് തീയേറ്ററുകളാണ് നിര്‍മിക്കുന്നത്. പദ്ധതി ഇപ്പോള്‍ ടെസ്റ്റ് പൈല്‍ സ്റ്റേജിലാണ്. 

ഇതുകൂടാതെ മറ്റ് നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് കിഫ്ബി ജില്ലയ്ക്കായി നിര്‍വഹിക്കുന്നത്. അമ്പലപ്പുഴ -തിരുവല്ല റോഡ്, പടഹാരം പാലം, പള്ളിപ്പുറത്ത് നിര്‍മിക്കുന്ന ധീര ജവാന്‍ ജോമോന്‍റെ പേരിലുളള സ്റ്റേഡിയം, നങ്ങ്യാര്‍കുളങ്ങര ആര്‍ഒബി പദ്ധതി, ചേത്തി ഫിഷിംഗ് ഹാര്‍ബര്‍, ചേര്‍ത്തല, കിടങ്ങൂര്‍, ഹരിപ്പാട് സര്‍ക്കാര്‍ സ്കൂളുകളുടെ നവീകരണം തുടങ്ങിയവയാണ് കിഫ്ബിയുടെ ആലപ്പുഴ ജില്ലയിലെ മറ്റ് പ്രധാന പദ്ധതികള്‍. 
 

Latest Videos
Follow Us:
Download App:
  • android
  • ios