കിഫ്ബിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് ആരെല്ലാം !; ബോര്‍ഡിന്‍റെ ധനസമാഹരണ മാര്‍ഗങ്ങള്‍ ഏതൊക്കെ?
സര്‍ക്കാര്‍ വിഹിതത്തിന് പുറമേ പൊതുമേഖല ബാങ്കുകളില്‍ നിന്നും നബാര്‍ഡില്‍ നിന്നും കിഫ്ബി വായ്പയായും ധനസമാഹരണം നടത്തുന്നുണ്ട്.
കിഫ്ബിയുടെ ഭരണതലത്തിലെ ഏറ്റവും ഉയര്‍ന്ന സമിതി കിഫ്ബി ബോര്‍ഡാണ് (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) കേരള മുഖ്യമന്ത്രി ആയിരിക്കും കിഫ്ബി ബോര്‍ഡിന്‍റെ ചെയര്‍മാന്‍. ധനകാര്യ മന്ത്രി വൈസ് ചെയര്‍മാനും കിഫ്ബി സിഇഒ ബോര്‍ഡിന്‍റെ മെമ്പര്‍ സെക്രട്ടറിയുമായിരിക്കും. സംസ്ഥാന ചീഫ് സെക്രട്ടറി ബോര്‍ഡ് അംഗമാണ്. പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, നിയമ സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ധനവിഭവ സെക്രട്ടറി എന്നിവരും കിഫ്ബി കോര്‍പ്പറേറ്റ് ബോര്‍ഡില്‍ അംഗങ്ങളാണ്. വിവിധ മേഖലകളില്‍ പ്രഗത്ഭരായിട്ടുളള ഏഴ് സ്വതന്ത്ര അംഗങ്ങളും ഉണ്ട്.
കോര്‍പ്പറേറ്റ് ബോര്‍ഡ് കൂടാതെ കിഫ്ബിക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയുമുണ്ട്. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ചെയര്‍മാന്‍ സംസ്ഥാന ധനമന്ത്രിയാണ്. കമ്മിറ്റി മെമ്പര്‍മാരായി സംസ്ഥാന ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ധനവിഭവ സെക്രട്ടറി എന്നിവരുണ്ടാകും. ഇവരെക്കൂടാതെ കിഫ്ബി സിഇഒയും സര്‍ക്കാര്‍ നിയമിക്കുന്ന മൂന്ന് സ്വതന്ത്ര അംഗങ്ങളും അടങ്ങിയതാണ് കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി.
നിലവില്‍ മുന്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. കെ എം ഏബ്രഹാമാണ് കിഫ്ബിയുടെ സിഇഒ. അദ്ദേഹമാണ് കിഫ്ബി ബോര്‍ഡിന്‍റെ മെമ്പര്‍ സെക്രട്ടറിയും. ധനവിഭവ സെക്രട്ടറിയായ സഞ്ജീവ് കൗശിക്കാണ് കിഫ്ബിയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍.
കിഫ്ബി ഫണ്ടിംഗ്
സംസ്ഥാന ബജറ്റ് പ്രസംഗത്തിൽ കിഫ്ബി ഫണ്ടിംഗിനായി മുൻഗണനാ പദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ട് അല്ലെങ്കിൽ മന്ത്രിസഭയുടെ തീരുമാനത്തോടെയാണ് കിഫ്ബിയുടെ പ്രോജക്ടിനായുളള ധനസഹായ പ്രക്രിയ ആരംഭിക്കുന്നത്. ഇതിനെത്തുടർന്ന്, ബന്ധപ്പെട്ട ഭരണ വകുപ്പുകൾ അഡ്മിനിസ്ട്രേറ്റീവ് അനുമതി ഉത്തരവുകൾ പുറപ്പെടുവിക്കുകയും വിശദമായ നടപ്പാക്കൽ പദ്ധതികൾ തയ്യാറാക്കുന്നതിനായി പ്രത്യേക ഉദ്ദേശ്യ കമ്പനികളെ (എസ്പിവി) നിയമിക്കുകയും ചെയ്യുന്നു, ഇത്തരം എസ്പിവികള്‍ തയ്യാറാക്കിയ വിശദ പ്ലാന്‍ അനുസരിച്ച് പദ്ധതി നടപ്പിലാക്കുകയും ചെയ്യുന്നു.
പ്രാരംഭ ഘട്ടം മുതൽ, പദ്ധതി റിപ്പോര്‍ട്ടിന് ധനപരമായ അംഗീകാരം ഉറപ്പുവരുത്തുന്നതിനും സമയബന്ധിതമായി പദ്ധതി നടപ്പാക്കൽ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിനും കിഫ്ബി പിന്തുണ നല്‍കുന്നു. വിശദമായ മാര്‍ഗരേഖ പ്രകാരമുളള മാനദണ്ഡങ്ങൾ പാലിച്ച് പദ്ധതികളുമായി ബന്ധപ്പെട്ട രേഖകള്‍ വികസിപ്പിക്കുന്നതിന് സര്‍ക്കാരിന്‍റെ വകുപ്പുകൾക്കും എസ്‌പിവികൾക്കും വിദഗ്ധമായ സഹായവും കിഫ്ബി ആവശ്യമുളള സമയങ്ങളില്‍ ക്രമീകരിച്ചു നല്‍കുന്നു. അതായത് ഒരു ആശയ രൂപമെടുക്കുന്നത് മുതല്‍ പദ്ധതി പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിക്കുന്നത് വരെയുളള എല്ലാ ഘട്ടത്തിലും കിഫ്ബിയുടെ മേല്‍നോട്ടമുണ്ടാകുമെന്ന് സാരം.
സര്‍ക്കാര്‍ വിഹിതം മുതല്‍ മസാല ബോണ്ടുകള്‍ വരെ
സര്‍ക്കാര്‍ വിഹിതമായി കിഫ്ബിക്ക് പ്രധാനമായും ലഭിക്കുന്നത് മോട്ടോര്‍ വാഹന നികുതിയും പെട്രോളിയം സെസ്സുമാണ്. മോട്ടോര്‍ വാഹന നികുതിയുടെ 50 ശതമാനമാണ് കിഫ്ബിക്ക് ലഭിക്കുക. ഇത് പ്രാരംഭ വര്‍ഷത്തില്‍ 10 ശതമാനവും തുടര്‍ന്നുളള ഓരോ വര്‍ഷവും 10 ശതമാനം വീതം വര്‍ധിക്കുന്ന രീതിയിലുമാണ് കിഫ്ബിക്ക് കൈമാറുന്നത്. 2019 -20 സാമ്പത്തിക വര്‍ഷം സംസ്ഥാന മോട്ടോര്‍ വാഹന നികുതിയുടെ 40 ശതമാനമാണ് കിഫ്ബിക്ക് സര്‍ക്കാര്‍ വിഹിതമായി ലഭിച്ചത്. 2019 -20 സാമ്പത്തിക വര്‍ഷം സര്‍ക്കാരില്‍ നിന്ന് മോട്ടോര്‍ വാഹന നികുതിയും പെട്രോളിയം സെസ്സും ചേര്‍ത്ത് 2,200 കോടി രൂപ കിഫ്ബിക്ക് ലഭിച്ചു.
സര്‍ക്കാര്‍ വിഹിതത്തിന് പുറമേ പൊതുമേഖല ബാങ്കുകളില്‍ നിന്നും നബാര്‍ഡില്‍ നിന്നും കിഫ്ബി വായ്പയായും ധനസമാഹരണം നടത്തുന്നുണ്ട്. പൊതുമേഖല ബാങ്കുകളില്‍ നിന്ന് വായ്പയായി 2,200 കോടി രൂപ കിഫ്ബിക്ക് അനുവദിച്ചിട്ടുണ്ട്. ഇതില്‍ 1,800 കോടി രൂപ കിഫ്ബിക്ക് ബാങ്കുകള്‍ കൈമാറിക്കഴിഞ്ഞു. നബാര്‍ഡ് മൊത്തം 565 കോടി രൂപയാണ് കിഫ്ബിക്ക് അനുവദിച്ചത്.
ഇതിന് പുറമേ പ്രവാസി ചിട്ടിയില്‍ നിന്നും നോര്‍ക്ക വെല്‍ഫെയര്‍ ബോര്‍ഡിന്‍റെ പ്രവാസി ഡിവിഡന്‍റ് സ്കീം മുഖേനയും കിഫ്ബിയിലേക്ക് നിക്ഷേപം എത്തുന്നുണ്ട്. പ്രവാസി ചിട്ടിയില്‍ നിന്ന് 100 കോടിയും പ്രവാസി ഡിവിഡന്‍റ് സ്കീമില്‍ നിന്ന് 24 കോടിയും കിഫ്ബിയിലേക്ക് നിക്ഷേപമായി ഈ വര്‍ഷം എത്തി. ഇത് കൂടാതെ അന്താരാഷ്ട്ര വിപണിയില്‍ പുറത്തിറക്കിയ മസാല ബോണ്ടുകളിലൂടെയും കിഫ്ബി ധന സമാഹരണം നടത്തുന്നു.
കിഫ്ബി മസാല ബോണ്ടുകള്‍ ലണ്ടന്‍, സിംഗപ്പൂര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. സിംഗപ്പൂര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പുറത്തിറക്കിയ മസാല ബോണ്ടുകള്‍ വഴി സംസ്ഥാനം 2150 കോടി രൂപ സമാഹരിക്കുകയും ചെയ്തു.2016ല്‍ റിസര്‍വ് ബാങ്ക് മസാല ബോണ്ട് സമ്പ്രദായത്തിന് അനുമതി നല്‍കിയശേഷമുള്ള മൂന്നാമത്തെ വലിയ സമാഹരണമാണ് കിഫ്ബിയുടേത്. അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ്ങില്‍ 'എ.എ.എ.' റേറ്റിങ്ങുള്ള സ്ഥാപനങ്ങള്‍ക്കുമാത്രമേ മസാല ബോണ്ടിറക്കാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍, കേന്ദ്രസര്‍ക്കാരിന് 'ബി.ബി.ബി.(-)' റേറ്റിങ്ങാണ്. രാജ്യത്തിന്റെ റേറ്റിങ്ങിനുതാഴെയുള്ള റാങ്കേ ആ രാജ്യത്തുനിന്നുള്ള ഏജന്‍സിക്ക് ലഭിക്കുകയുള്ളൂ. അതിനാല്‍ കിഫ്ബിയ്ക്കുള്ള 'ബി.ബി.' മികച്ച റേറ്റിങ്ങായാണ് കണക്കാക്കുന്നത്. തിരിച്ചടവിന് ദീര്‍ഘകാലത്തെ സാവകാശമുണ്ടെന്നതും ഈ ബോണ്ടിന്റെ മറ്റൊരു നേട്ടം. അടിസ്ഥാനസൗകര്യ വികസനപദ്ധതികളില്‍ പണം മുടക്കുമ്പോള്‍ അതില്‍നിന്നുള്ള വരുമാനത്തിനും സമയമെടുക്കും.
എഫ്‍ടിഎസിയുടെ (ഫണ്ട് ട്രസ്റ്റി ആൻഡ് അഡ്വൈസറി കമ്മിഷൻ) പ്രവര്‍ത്തനം
കിഫ്ബി ഫണ്ട് ശരിയായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നിക്ഷേപക താൽപര്യം സംരക്ഷിക്കുന്നതിനുമായി രൂപീകരിച്ച സംവിധാനമാണ് ഫണ്ട് ട്രസ്റ്റി ആൻഡ് അഡ്വൈസറി കമ്മിഷൻ (എഫ്ടിഎസി). മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വിനോദ് റായിയാണ് കമ്മിഷന്‍റെ അധ്യക്ഷൻ. ആർബിഐ മുൻ ഡെപ്യൂട്ടി ഗവർണർ ഉഷാ തൊറാട്ട്, നബാർഡ് മുൻ ചെയർമാൻ പ്രകാശ് ബക്ഷി എന്നിവരെ ട്രസ്റ്റ് അംഗങ്ങളുമാണ്. രണ്ടുവർഷമാണ് ട്രസ്റ്റിന്റെ കാലാവധി. പ്രത്യേക പദ്ധതികൾക്കായി റിസർവ് ബാങ്കിന്റെയും സെബിയുടെയും അംഗീകാരമുള്ള ധനസമാഹരണ മാർഗങ്ങൾ നിശ്ചയിക്കാൻ കിഫ്ബിക്കു കീഴിൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് മാനേജ്‌മെന്റ് കോർപറേഷനും രൂപം നൽകാനും തീരുമാനിച്ചിട്ടുണ്ട്.
അഴിമതി, സ്വഭാവദൂഷ്യം എന്നിവയിൽ ശിക്ഷിക്കപ്പെട്ടാൽ അല്ലാതെ ബോർഡിനോ സർക്കാരിനോ ഇവരെ നീക്കം ചെയ്യാനാകില്ല. കിഫ്ബിയുടെ ഫണ്ട് ശരിയായി വിനിയോഗിക്കുന്നെന്ന് ഉറപ്പാക്കാനും നിക്ഷേപക താത്പര്യം സംരക്ഷിക്കാനുമുള്ള സ്വതന്ത്ര ഫണ്ട് ട്രസ്റ്റി അഡൈ്വസറി കമ്മീഷനാണിത്. ഇത് കൂടാതെ കിഫ്ബിക്ക് പ്രത്യേക ഇന്‍റേണല്‍ ഓഡിറ്റിംഗ് സംവിധാനവും ഉണ്ട്.