കേരള വികസനം: മുന്നേറ്റം സാധ്യമാക്കി കിഫ്ബി; പ്രവാസി ചിട്ടിക്കും മികച്ച സ്വീകാര്യത
പൊതുവിദ്യാഭ്യാസം, പൊതുമരാമത്ത്, പൊതുജനാരോഗ്യം, കുടിവെള്ളവിതരണം, ഊർജം, വ്യവസായം, കായികം തുടങ്ങി സമസ്ത മേഖലകളിലും ഒട്ടേറെ സമഗ്രമായ വികസന പദ്ധതികളാണ് പുരോഗമിക്കുന്നത്
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് സർക്കാർ കിഫ്ബി വഴി നടപ്പാക്കുന്നത്. പൊതുവിദ്യാഭ്യാസം, പൊതുമരാമത്ത്, പൊതുജനാരോഗ്യം, കുടിവെള്ളവിതരണം, ഊർജം, വ്യവസായം, കായികം തുടങ്ങി സമസ്ത മേഖലകളിലും ഒട്ടേറെ സമഗ്രമായ വികസന പദ്ധതികളാണ് പുരോഗമിക്കുന്നത്.
കിഫ്ബിയോട് അനുബന്ധമായി ചില നൂതനപരീക്ഷണങ്ങളും വികസനത്തിൽ സർക്കാർ നടത്തിയിട്ടുണ്ട്. കെഎസ്എഫ്ഇ പ്രവാസിചിട്ടിയും പ്രവാസി ക്ഷേമ ബോർഡിന്റെ പ്രവാസി ഡിവിഡന്റ് സ്കീമുമാണ് ഇവ. പ്രവാസികളെ നാടിന്റെ വികസനത്തിൽ പങ്കാളികളാക്കുന്നതിനൊപ്പം അവരുടെ ഭാവിയും സുരക്ഷിതമാക്കപ്പെടുന്ന ദീർഘ വീക്ഷണത്തോട് കൂടിയോടുള്ള പദ്ധതികളാണ് ഇവ.
കിഫ്ബിയുടെ നേട്ടങ്ങൾ
കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യ വികസത്തിൽ വൻ കുതിച്ചു ചാട്ടത്തിന് കിഫ്ബി ചാലക ശക്തിയായി. നമ്മുടെ പൊതുവിദ്യാലയങ്ങളിൽ നല്ലൊരു പങ്കിനെ രാജ്യാന്തര നിലവാരത്തിലേക്കുയർത്താൻ കിഫ്ബിയെ സർക്കാർ ഉപയോഗപ്പെടുത്തി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളെ സാങ്കേതിക വിദ്യാസൗഹൃദമാക്കി.
പ്രധാന നേട്ടങ്ങൾ
- 8 മുതൽ 12 വരെ ക്ലാസുകളുള്ള 4752 സ്‌കൂളുകളിലെ 45000 ക്ലാസ്മുറികൾ ഹൈടെക് ആക്കി.
- 11272 പ്രൈമറി സ്‌കൂളുകളിൽ ഹൈടെക് ലാബ്
- സ്‌കൂളുകളിൽ ബ്രോഡ്ബാൻഡ് ശൃംഖലയും ഇന്റർ ആക്ടിവ് വീഡിയോ കോൺഫറൻസിങ് സംവിധാനവും
- 119051 ലാപ്‌ടോപ്പുകൾ, 100439 യുഎസ്ബി സ്പീക്കറുകൾ, 69945 പ്രോജക്ടറുകൾ, 4545 എൽഇഡി ടെലിവിഷനുകൾ, 23098 സ്‌ക്രീനുകൾ, 4578 ഡിഎസ്എൽആർ ക്യാമറകൾ, 4609 മൾട്ടിഫങ്ഷൻ പ്രിന്ററുകൾ, 43250 മൗണ്ടിങ്കിറ്റ്, 4720 വെബ്ക്യാമറകൾ തുടങ്ങിയ സ്‌കൂളുകൾക്ക് നൽകി
പൊതുവിദ്യാലയങ്ങളിലെ ഭൗതിക സൗകര്യ വികസനം
- അഞ്ച്കോടി പദ്ധതി(141 സ്‌കൂളുകൾ)
ഓരോ നിയോജക മണ്ഡലങ്ങളിലും ഓരോ സ്‌കൂൾ വീതം (എംഎൽഎമാർ നിർദേശിച്ചത്) ആംഗ്ലോ ഇൻഡ്യൻ പ്രതിനിധിയടക്കം 141 സ്‌കൂളുകൾ 5 കോടി വീതം ചിലവഴിച്ച് മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുന്നു. 120 സ്‌കൂളുകളിൽ നിർമാണം പൂർത്തിയായി. 21 എണ്ണത്തിൽ നിർമാണം പുരോഗമിക്കുന്നു.
- മൂന്ന്കോടി പദ്ധതി (386 സ്‌കൂളുകൾ)
3 കോടി രൂപ വീതം ചെലവഴിച്ച് 386 സ്‌കൂളുകളിൽ ഭൗതിക സൗകര്യം വികസപ്പിക്കുന്നതിനുള്ള പദ്ധതി. ഇതിൽ 96 സ്‌കൂളുകളിൽ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം നിർവഹിച്ചു കഴിഞ്ഞു. 68 സ്‌കൂളുകളിൽ നിർമാണ പ്രവർത്തി പുരോഗമിക്കുന്നു.
- ഒരു കോടി പദ്ധതി (446 സ്‌കൂളുകൾ)
ഒരു കോടി രൂപം വീതം ചെലവഴിച്ച് ഭൗതിക സൗകര്യം വികസിപ്പിക്കുന്നതിനുള്ള ഈ പദ്ധതിയിൽ 397 സ്‌കൂളുകൾക്ക് കിഫ്ബി അംഗീകാരം നൽകി. ഇതിൽ 85 സ്‌കൂളുകളിലെ നിർമാണ പ്രവർത്തികൾ ആരംഭിച്ചു.
ദേശീയപാതാ വികസനത്തിന് വേഗം പകർന്ന് സ്ഥലമെടുപ്പ്
പതിറ്റാണ്ടുകളായി ഇഴഞ്ഞു നീങ്ങുന്ന കേരളത്തിന്റെ ദേശീയപാതാ വികസനത്തിന് ഊർജം പകർന്ന ഘടകമാണ് സ്ഥലമേറ്റെടുപ്പിന് വേണ്ടി വരുന്ന തുകയുടെ 25 ശതമാനം നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനം. പ്രസ്തുത ആവശ്യത്തിനായി മുൻപ് നൽകിയ 5374 കോടി രൂപയുടെ അംഗീകാരം ഉൾപ്പടെ ആകെ അംഗീകാരം നൽകിയ തുക 6769.01 കോടി രൂപയായി ഉയർന്നിട്ടുണ്ട്.
സംസ്ഥാനത്തെ വൻകിട അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി സംസ്ഥാനത്തെ റോഡുകൾ, പാലങ്ങൾ, ഐ.ടി, വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളവിതരണം, ഇറിഗേഷൻ, ഗതാഗതം, ടൂറിസം, കായികം, വിദ്യാഭ്യാസം, ഊർജ്ജം തുടങ്ങിയ വിവിധ മേഖലകളിലെ പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിക്കഴിഞ്ഞു. ഇത്തരത്തിൽ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനങ്ങൾ മെച്ചപ്പെടുത്തുവാൻ വിവിധ വകുപ്പുകൾക്കായി ആകെ 44344.64 കോടി രൂപയുടെ 912 പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്. ഇത്കൂടാതെ 20,000 കോടി രൂപയുടെ സ്ഥലമെടുപ്പ് പാക്കേജിൽ ഉൾപ്പെടുത്തിക്കൊണ്ട് ദേശീയപാത വികസനത്തിന്റെ സ്ഥലമെടുപ്പിന് സംസ്ഥാന വിഹിതമായി 6769.01 കോടി രൂപയും, വ്യവസായ പാർക്കുകൾക്കായി 13988.63 കോടി രൂപയും, കൊച്ചി - ബാംഗ്ലൂർ വ്യവസായ ഇടനാഴിയ്ക്ക് 1038.00 കോടിരൂപയും, HNL ന്റെ ഭൂമി ഏറ്റെടുക്കാൻ 200.60 കോടി രൂപയും ഉൾപ്പടെ KIIFB അംഗീകരിച്ച പദ്ധതികളുടെ ആകെത്തുക 64,344.64 കോടി രൂപയാണ്.
ഇതിൽ 23,845.14 കോടി രൂപയുടെ പദ്ധതികൾ ടെൻഡർ നടപടികൾ പൂർത്തീകരിക്കുകയും അതിൽ 21,176.35 കോടി രൂപയുടെ പദ്ധതികൾ പ്രവൃത്തി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തിന്റെ അഭിമാനപദ്ധതിയായ 529.45 കിലോമീറ്റർ ദൈർഘ്യം വരുന്ന സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയായ സിൽവർ ലൈനിന്റെ സ്ഥലമേറ്റെടുക്കലിനും സംസ്ഥാന വിഹിതമായ 2100 കോടി രൂപ കിഫ്ബി വഴിയാണ് സർക്കാർകണ്ടെത്തുന്നത്.
മലയോരഹൈവേ, തീരദേശ ഹൈവേ എന്നിവയും സംസ്ഥാനത്തിന്റെ വികസന ചിത്രം മാറ്റിവരയ്ക്കുന്ന പദ്ധതികളാണ്. ഉത്തരകേരളത്തിന്റെ വൈദ്യുതിക്ഷാമത്തിന് പരിഹാരമാകുന്ന ട്രാൻസ്ഗ്രിഡ് 2.0 എടുത്തു പറയേണ്ട മറ്റൊരു പദ്ധതിയാണ്. എറണാകുളത്തെ പെട്രോകെമിക്കൽപാർക്ക്, കൊച്ചി-ബംഗലുരു വ്യവസായ ഇടനാഴി എന്നിവ യാഥാർഥ്യമാകുന്നതിൽ സമയോചിതമായി കിഫ്ബി അനുമതി നൽകിയ വായ്പകൾ നിർണായക പങ്കുവഹിക്കുന്നുണ്ട്.
ആരോഗ്യ മേഖലയിൽ വൻവികസന പദ്ധതികളാണ് സർക്കാർ കിഫ്ബി വഴി ഫണ്ട് കണ്ടെത്തി നടപ്പാക്കുന്നത്. വിവിധ ജില്ലാ, താലൂക്ക് ആശുപത്രികൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തിക്കഴിഞ്ഞു. സംസ്ഥാനത്തെമ്പാടുമായി 44 ഡയാലിസിസ് സെന്ററുകൾ, 10 കാത്ത് ലാബുകൾ എന്നിവ സ്ഥാപിക്കാനായതിലൂടെ ഇവിടുത്തെ സാധാരണക്കാരന് മികച്ച ചികിത്സാ സൗകര്യങ്ങൾ നാമമാത്രമായ ചിലവിൽ നൽകാൻ കഴിഞ്ഞു. 2979 കോടി രൂപ ചെലവിൽ 37 സർക്കാർ ആശുപത്രികളുടെ നവീകരണം പുരോഗമിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യം വരെ ഇത്തരത്തിൽ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
സംസ്ഥാനത്ത് ഇന്റർനെറ്റ് വിപ്ലവത്തിന് തുടക്കം കുറിച്ച് കെ-ഫോൺ പദ്ധതി ആദ്യ ഘട്ടം പുരോഗമിക്കുകയാണ്. കേരള ഫൈബർ ഓപ്റ്റിക്‌സ് നെറ്റ്‌വർക്ക് (കെ- ഫോൺ) പദ്ധതിക്കും സർക്കാർ ധനലഭ്യത ഉറപ്പുവരുത്തുന്നത് കിഫ്ബി വഴിയാണ്.
പരമ്പരാഗത തെരുവു വിളക്കുകൾ മാറ്റി ഊർജ്ജക്ഷമതയുള്ളയതും പരിസ്ഥിതി സൗഹൃദവുമായ എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിക്കുന്ന നിലാവ് പദ്ധതിയ്ക്കും സാമ്പത്തിക സഹായം നൽകുന്നത് കിഫ്ബിയാണ്. കിഫ്ബി വഴി ധനലഭ്യത ഉറപ്പു വരുത്തിയ പദ്ധതികളിൽ സിംഹഭാഗവും പൊതുമരാമത്ത് വകുപ്പിന് കീഴിലാണ്. കേരളത്തിലെ റോഡ്, പാലം നിർമാണ രംഗത്ത് വൻ കുതിച്ചു ചാട്ടമാണ് കിഫ്ബി വഴി ഉണ്ടായിട്ടുള്ളത്. ആലപ്പുഴ പൈതൃക പദ്ധതി പോലെയുള്ള ടൂറിസം പദ്ധതികൾ, മൊബിലിറ്റിഹബ് തുടങ്ങിയവ വിനോദ സഞ്ചാര മേഖലയ്ക്ക് മുതൽക്കൂട്ടാണ്.
കുട്ടനാട്ടിലേതടക്കമുള്ള കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയുള്ള വിപുലമായ പദ്ധതികൾ ജലവിഭവ വകുപ്പിന് കീഴിൽ കിഫ്ബി വഴി ധനലഭ്യത ഉറപ്പുവരുത്തി പുരോഗമിക്കുന്നുണ്ട്. വിവിധ ജില്ലകളിലായി ഒട്ടേറെ സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും കിഫ്ബി ധനസഹായം നൽകുന്നുണ്ട്. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ സമസ്ത മേഖലകളിലും അടിസ്ഥാന സൗകര്യ വികസനത്തിൽ സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് കിഫ്ബി വഴി സർക്കാർനടപ്പാക്കുന്നത്. ഇതുവരെ കിഫ്ബിയിൽ മൊത്തം അനുമതിയായത് 64344.64 കോടിയുടെ 912 പദ്ധതികൾക്കാണ്.
കിഫ്ബി അംഗീകാരം നൽകിയ പദ്ധതികളിൽ 2,956.14 കോടിരൂപയുടെ 201 പദ്ധതികൾ/പദ്ധതി ഘടകങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുണ്ട്.
കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികളെ വികസന പ്രക്രിയയിൽ പങ്കാളികളാക്കാനും അതുവഴി അവരുടെ ഭാവിസുരക്ഷിതമാക്കാനും സർക്കാർ രൂപംകൊടുത്ത പദ്ധതികളാണ് കെഎസ്എഫ്ഇ പ്രവാസിചിട്ടിയും പ്രവാസി ഡിവിഡന്റ് സ്കീമും. സർക്കാരിന്റെ നിശ്ചയ ദാർഢ്യത്തേയും ഉദ്ദേശ്യശുദ്ധിയേയും പ്രവാസികൾ നെഞ്ചേറ്റിയെന്നതിന്റെ തെളിവാണ് കെ.എസ്.എഫ്.ഇ പ്രവാസിചിട്ടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വൻ സ്വീകാര്യത. കേവലം മൂന്നുവർഷത്തിനകം 500 കോടി കിഫ്ബി ബോണ്ടുകൾ എന്ന അഭിമാനകരമായ നേട്ടമാണ് പ്രവാസി ചിട്ടി കൈവരിച്ചിരിക്കുന്നത്.
ആദ്യ 250 കോടി കിഫ്ബി ബോണ്ടുകൾ നിക്ഷേപിക്കുവാൻ ചിട്ടികൾ തുടങ്ങി 24 മാസം വേണ്ടി വന്നെങ്കിൽ അത് 500 കോടിയിലെത്തുവാൻ വെറും 10 മാസം മാത്രമേ വേണ്ടി വന്നുള്ളൂ. പ്രവാസി ചിട്ടിയുടെ വർധിച്ചു വരുന്ന സ്വീകാര്യതക്ക് തെളിവാണിത്. ഇതുവരെ പ്രവാസി ചിട്ടിയിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ പ്രവാസികളുടെ എണ്ണം 113000 കടന്നിരിക്കുന്നു.
പ്രവാസികൾക്ക് ജീവിത കാലം മുഴുവൻ സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്തുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിയുടെ ഈ വർഷത്തെ രജിസ്‌ട്രേഷൻ തുടങ്ങിയിരുന്നു. കഴിഞ്ഞവർഷം മികച്ച പ്രതികരണമാണ് ഈ പദ്ധതിയോട് നമ്മുടെ പ്രവാസി ലോകം കാണിച്ചത്. 12344 പ്രവാസികൾ ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുകയും അതിൽ 1861 പേര് നിക്ഷേപം നടത്തുകയും ചെയ്തിട്ടുണ്ട്. തന്മൂലം 181.14 കോടി രൂപ അടിസ്ഥാന വികസന പദ്ധതികളിൽ വിനിയോഗിച്ചിരിക്കുന്നു
ധനവിനിയോഗം
നാളിതുവരെ 15000 കോടിയോളം രൂപ വിവിധ പദ്ധതികളിലേക്കായി വിനിയോഗിക്കുവാൻ കിഫ്ബിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
കിഫ്ബി ധനസമാഹരണ പുരോഗതി
വിവിധബാങ്കുകൾ, ഡവലപ്‌മെന്റ് ഫിനാൻഷ്യൽ ഇന്‌സ്ടിട്യൂഷൻ എന്നിവയിൽ നിന്നുള്ള ലോണുകൾ, ബോണ്ടുകൾ എന്നിവയിലൂടെ 10167.34 കോടി ഉറപ്പുവരുത്തിയതിൽ നിന്നും 9104.81 കോടി രൂപ വായ്പയെടുത്തിട്ടുണ്ട്. മോട്ടോർ വെഹിക്കിൾ ടാക്‌സ് – പെട്രോളിയം സെസ് ഇനത്തിൽ സർക്കാരിൽ നിന്നും നാളിതുവരെ 8848.91 കോടി ലഭിച്ചിട്ടുണ്ട്. 2021-22 വർഷത്തിൽ ഇനി 1299 കോടിയോളം രൂപ ഈ ഇനത്തിൽ കിഫ്ബിയ്ക്ക് ലഭിക്കും.
1100 കോടിയുടെ വായ്പ
ഗ്രീൻ പദ്ധതികൾക്കായി 1100 കോടിയുടെ ഇൻറ്റർനാഷണൽ ഫിനാൻഷ്യൽ കോർപറേഷൻ വായ്പയുടെ ടെംഷീറ്റ് കിഫ്ബിബോർഡ്അംഗീകരിച്ചു. ഇനി വായ്പ എടുക്കുന്നതിനുള്ള റെഗുലേറ്ററി അപ്രൂവൽ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നും കേന്ദ്ര ഏജൻസികളിൽ നിന്നും കിഫ്ബി തേടും. കിഫ്ബി ഏറ്റെടുത്തിരിക്കുന്ന ഗ്രീൻ പദ്ധതികൾക്കായി ആഭ്യന്തര ബോണ്ട് വിപണിയിലൂടെ 1000 കോടി രൂപ ധനസമാഹരണത്തിനും കിഫ്ബി ബോർഡ് അംഗീകാരം നൽകി.
കൂടുതൽ വിവരങ്ങൾക്ക്: കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി