പ്രവാസി പുനരധിവാസവും സംസ്ഥാന വികസനവും ലക്ഷ്യമിട്ട് ഡ്രീം കേരള: തൊഴിൽ നഷ്ടപ്പെട്ടവർക്ക് രജിസ്റ്റർ ചെയ്യാം
കിഫ്ബി, റീബിൽഡ് കേരള, കെഎസ്ഐഡിസി (കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ), കിൻഫ്രാ, നോർക്ക എന്നിവയുടെ സഹകരണത്തോടെയാണ് ഡ്രീം കേരളയെന്ന സംസ്ഥാനത്തിന്റെ 'സ്വപ്ന പദ്ധതി' സർക്കാർ നടപ്പാക്കുന്നത്.
ആരോഗ്യ രംഗത്തും ധനകാര്യ രംഗത്തും കേരളം വലിയ വെല്ലുവിളികളാണ് ഇപ്പോൾ നേരിടുന്നത്. എല്ലാക്കാലത്തും കേരളത്തിന്റെ സാമ്പത്തിക- സാമൂഹിക പുരോഗതിക്ക് വലിയ സംഭാവന നല്‍കിയിട്ടുളളവരാണ് പ്രവാസിമലയാളികള്‍. എന്നാല്‍, ആഗോളതലത്തിലെ സാമ്പത്തിക പ്രതിസന്ധികളും കൊവിഡ് -19 മൂലമുണ്ടായ മാന്ദ്യവും നിരവധി പ്രവാസികളുടെ തൊഴിലവസരങ്ങളാണ് ഇല്ലാതാക്കിയത്.
എന്നാല്‍, ഈ പ്രതിസന്ധി ഘട്ടത്തില്‍ അവസരങ്ങളുടെ വലിയ സാധ്യത കണ്ടെത്താന്‍ നമ്മള്‍ക്ക് കഴിയണം. കേരളത്തിലേക്ക് മടങ്ങിയെത്തുന്ന, വിവിധ തൊഴില്‍ മേഖലകളിൽ നൈപുണ്യമുളള മാനവ വിഭവശേഷിയെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സംസ്ഥാനത്തെ ബിസിനസ്, സംരംഭക രംഗത്തിന് കഴിയണം. ഇതിനായി കേരള സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്തിരിക്കുകയാണ്. വിദേശത്തുനിന്ന് തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ലക്ഷ്യമിട്ടാണ് കേരള സർക്കാർ ഡ്രീം കേരള പദ്ധതി നടപ്പാക്കുന്നത്. പ്രൊഫഷണലുകളും വിവിധ തൊഴില്‍ മേഖലകളില്‍ അന്താരാഷ്ട്ര തലത്തില്‍ വൈദഗ്ധ്യം നേടിയവരും സംരഭകത്വ മേഖലയില്‍ പരിചയമുള്ളവരുമായ പ്രവാസികളുടെ കഴിവുകള്‍ സംസ്ഥാനത്തിന്റെ ഭാവിക്കുവേണ്ടി ഉപയോഗിക്കുക എന്ന ലക്ഷ്യം കൂടി പദ്ധതിക്കുണ്ട്.
മടങ്ങിയെത്തിയ പ്രവാസികളുടെ ക്ഷേമത്തിന് ഗുണകരമാകുന്ന സൃഷ്ടിപരമായ നിർദ്ദേശങ്ങളോ ആശയങ്ങളോ കേൾക്കാൻ സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നു. തിരഞ്ഞെടുത്ത നിർദ്ദേശങ്ങൾ, പ്രോജക്ടുകൾ, പദ്ധതികൾ എന്നിവ ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ധരുടെ സഹായത്തോടെ നടപ്പിലാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിലൂടെ മടങ്ങിയെത്തിയ പ്രവാസികളെ സാമ്പത്തികമായി കരുത്തുളളവരാക്കാനും സാധിക്കും. ഡ്രീം കേരള പദ്ധതിയിലൂടെ കേരളത്തെ മനുഷ്യവിഭവശേഷിയുടെ തലസ്ഥാനമായി വളർത്തിയെടുക്കുകയാണ് സർക്കാർ ലക്ഷ്യം.
തൊഴിൽ പരിചയം രജിസ്റ്റർ ചെയ്യാം
കിഫ്ബി, റീബിൽഡ് കേരള, കെഎസ്ഐഡിസി (കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ), കിൻഫ്രാ, നോർക്ക എന്നിവയുടെ സഹകരണത്തോടെയാണ് ഡ്രീം കേരളയെന്ന സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതി സർക്കാർ നടപ്പാക്കുന്നത്. തൊഴിൽ ദാതാക്കൾ, വികസനം സംബന്ധിച്ച മികച്ച ആശയങ്ങൾ പങ്കുവയ്ക്കാനുളളവർ, വിദഗ്ധ -അർധവിദഗ്ധ തൊഴിലാളികൾ, എന്നിവർക്ക് പദ്ധതിക്കായി രജിസ്റ്റർ ചെയ്യാം. ലോക കേരള സഭയിൽ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളെ സംബന്ധിച്ച നിർദ്ദേശങ്ങൾ വ്യക്തികൾക്കും സംഘടനകൾക്കും സർക്കാരിന് സമർപ്പിക്കാം. www.norkaroots.org എന്ന വെബ്സൈറ്റിലാണ് നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കേണ്ടത്.
കേരള സർക്കാരിന്റെ ഡ്രീം കേരള പദ്ധതിയെസംബന്ധിച്ച കൂടുതൽ വിവരങ്ങളും നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.
വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്:
1. പ്രവാസി മലയാളികളുടെ ക്ഷേമത്തെ സംബന്ധിച്ച നിങ്ങളുടെ നിർദ്ദേശങ്ങളും പദ്ധതികളും കേരള സർക്കാരുമായി പങ്കിടാം. ആശയം കുറഞ്ഞത് 250 വാക്കുകളിൽ പ്രകടിപ്പിക്കണം. തിരഞ്ഞെടുത്ത നിർദ്ദേശങ്ങൾ / പ്രോജക്റ്റ് മോഡലുകൾ അതത് മേഖലയിലെ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം സർക്കാർ നടപ്പിലാക്കും.
2. നിങ്ങളുടെ ജോലി പരിചയം (സ്കിൽഡ് / സെമി വിദഗ്ധൻ) രജിസ്റ്റർ ചെയ്യുന്നതിന്, നിങ്ങളുടെ കഴിവുകളും അനുഭവങ്ങളും സ്കിൽസ് പോർട്ടലിൽ നൽകാം.
3. രാജ്യത്തിനകത്തോ പുറത്തോ ജോലി നൽകാൻ ആഗ്രഹിക്കുന്ന തൊഴിലുടമകൾക്ക് വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. തൊഴിൽ രംഗത്ത് ഉയർന്ന പരിചയസമ്പത്തുളള / പ്രഗത്ഭരായ സെമിസ്കിൽഡ് വ്യക്തികളെ ആവശ്യാനുസരണം തൊഴിലുടമയ്ക്ക് തിരഞ്ഞെടുക്കാനും ഡ്രീം കേരള പദ്ധതിയിൽ അവസരമുണ്ട്.