എന്താണ് കിഫ്ബി ?, അടിസ്ഥാന സൗകര്യ വികസന രംഗത്തെ കിഫ്ബിയുടെ പ്രാധാന്യം
കേരളത്തിന്‍റെ സുസ്ഥിര വികസനം ലക്ഷ്യമിട്ടുളള അടിസ്ഥാന സൗകര്യവികസന പദ്ധതികളിലേക്കാണ് കിഫ്ബി പ്രധാനമായും പണം ചെലവഴിക്കുന്നത്.
കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് പദ്ധതികള്‍ നടപ്പാക്കാനായി ധനവകുപ്പിന് കീഴില്‍ രൂപീകരിച്ച ബോര്‍ഡാണ് കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്). 1999 ലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് നിയമം -1999 (ആക്ട് 4-2000) അനുസരിച്ചാണ് കിഫ്ബി സ്ഥാപിതമായത്. 11/11/1999 ലാണ് കിഫ്ബി രൂപീകൃതമായത്.
കേരള മുഖ്യമന്ത്രി ആയിരിക്കും കിഫ്ബി ബോര്‍ഡിന്‍റെ ചെയര്‍മാന്‍. ധനകാര്യ മന്ത്രി വൈസ് ചെയര്‍മാനും കിഫ്ബി സിഇഒ ബോര്‍ഡിന്‍റെ മെമ്പര്‍ സെക്രട്ടറിയുമായിരിക്കും. സംസ്ഥാന ചീഫ് സെക്രട്ടറി ബോര്‍ഡ് അംഗമാണ്. പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, നിയമ സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ധനവിഭവ സെക്രട്ടറി എന്നിവരും കിഫ്ബി കോര്‍പ്പറേറ്റ് ബോര്‍ഡില്‍ അംഗങ്ങളാണ്. വിവിധ മേഖലകളില്‍ പ്രഗത്ഭരായിട്ടുളള ഏഴ് സ്വതന്ത്ര അംഗങ്ങളും ഉണ്ട്.
കോര്‍പ്പറേറ്റ് ബോര്‍ഡ് കൂടാതെ കിഫ്ബിക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയുമുണ്ട്. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ചെയര്‍മാന്‍ സംസ്ഥാന ധനമന്ത്രിയാണ്. കമ്മിറ്റി മെമ്പര്‍മാരായി സംസ്ഥാന ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ധനവിഭവ സെക്രട്ടറി എന്നിവരുണ്ടാകും. ഇവരെക്കൂടാതെ കിഫ്ബി സിഇഒയും സര്‍ക്കാര്‍ നിയമിക്കുന്ന മൂന്ന് സ്വതന്ത്ര അംഗങ്ങളും അടങ്ങിയതാണ് കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി.
നിലവില്‍ മുന്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. കെ എം ഏബ്രഹാമാണ് കിഫ്ബിയുടെ സിഇഒ. അദ്ദേഹമാണ് കിഫ്ബി ബോര്‍ഡിന്‍റെ മെമ്പര്‍ സെക്രട്ടറിയും. ധനവിഭവ സെക്രട്ടറിയായ സഞ്ജീവ് കൗശിക്കാണ് കിഫ്ബിയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍.
കിഫ്ബി എന്ന നോഡല്‍ ഏജന്‍സി
കേരളത്തിന്‍റെ സുസ്ഥിര വികസനം ലക്ഷ്യമിട്ടുളള അടിസ്ഥാന സൗകര്യവികസന പദ്ധതികളിലേക്കാണ് കിഫ്ബി പ്രധാനമായും പണം ചെലവഴിക്കുന്നത്. ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് (എഐഎഫ്), ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ് (ഐഎന്‍വിഐടി) ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെബ്റ്റ് ഫണ്ട് (ഐഡിഎഫ്) എന്നിവയിലൂടെയാണ് കിഫ്ബിയുടെ ദീര്‍ഘകാല സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നത്.
സുഗമമായ പ്രവര്‍ത്തനത്തിനായി പ്രത്യേക ഉദ്ദേശ്യ കമ്പനിയായി (എസ്‌പിവി) പിണറായി സര്‍ക്കാരിന്‍റെ കാലത്ത് കിഫ്ബിയെ പുന: സംഘടിപ്പിച്ചു. കിഫ്ബിയെ നന്നായി ചിട്ടപ്പെടുത്തുന്നതിനും പ്രൊഫഷണൽ സമീപനത്തിലൂടെ സംസ്ഥാനത്തിന്റെ സമഗ്രവും അഭിവൃദ്ധിയും ഉറപ്പുവരുത്തുന്നതിനും ഈ സമീപനം സഹായകരമായി.
ഗതാഗതം, ജല ശുദ്ധീകരണം, ഊര്‍ജ്ജം, സാമൂഹികവും വാണിജ്യപരവുമായ അടിസ്ഥാന സൗകര്യ വികസനം, ഐടി ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങിയവയിലെ അടിസ്ഥാന സൗകര്യ വികസനമാണ് കിഫ്ബിയുടെ സ്ഥാപിത ലക്ഷ്യം. സര്‍ക്കാരിന്‍റെ വിവിധ സംവിധാനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് കിഫ്ബി സഹായകരമായി പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്തെ വിവിധ പ്രോജക്ടുകളെക്കുറിച്ച് വിശദമായി പഠന വിധേയമാക്കിയ ശേഷം അതിന് അനുമതി നല്‍കുന്നതും അവയ്ക്ക് ആവശ്യമുളള തുക വകയിരുത്തുന്നതും കിഫ്ബിയാണ്. അതായത് കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിനായി സ്ഥാപിച്ചിരിക്കുന്ന നൂതന പ്രഫഷണല്‍ സമീപനമുളള നോഡല്‍ ഏജന്‍സിയാണ് കിഫ്ബി. പിപിപി മാതൃകയില്‍ കേരളത്തില്‍ നടക്കുന്ന പദ്ധതികള്‍ക്കും കിഫ്ബി തന്നെയാണ് നോഡല്‍ ഏജന്‍സി.
സംസ്ഥാന സർക്കാർ ഗ്യാരൻറിയുടെ പൂർണ പിന്തുണയുള്ള സ്വകാര്യ പ്ലെയ്‌സ്‌മെന്റ് മുഖേന, മൂന്ന് റിഡീം ചെയ്യാവുന്നതും പരിവർത്തനം ചെയ്യാത്തതുമായ നോൺ-സ്റ്റാറ്റ്യൂട്ടറി ലെൻഡിംഗ് റേറ്റ് (നോൺ എസ്‌എൽആർ) ബോണ്ടുകളിലൂടെ 1023.71 കോടി രൂപയാണ് കിഫ്ബി ഇതുവരെ സമാഹരിച്ചത്. ഈ തുക കെഐഎഫ് നിയമപ്രകാരം സർക്കാർ ട്രഷറിയിൽ നിക്ഷേപിച്ചിരിക്കുകയാണ്. അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി ഈ തുക സര്‍ക്കാരിന് കിഫ്ബിയിലൂടെ വിനിയോഗിക്കാനാകും.
എഫ്‍ടിഎസിയുടെ പ്രവര്‍ത്തനം
കിഫ്ബിയുടെ ആദ്യ യോഗം ചേര്‍ന്നത് 2016 നവംബർ ഏഴിനാണ്. 48 പദ്ധതികൾക്ക് യോഗം അന്ന് അനുമതി നൽകിയത്. ആദ്യ ഘട്ടത്തില്‍ വനം, ഐടി, ജലവിഭവം, വ്യവസായം തുടങ്ങിയ മേഖലകളിലായി 4004.86 കോടി ചെലവ് വരുന്ന പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ 4,000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബിയുടെ ആലോചനയിലുളളത്.
കിഫ്ബി ഫണ്ട് ശരിയായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നിക്ഷേപക താൽപര്യം സംരക്ഷിക്കുന്നതിനുമായി രൂപീകരിച്ച സംവിധാനമാണ് ഫണ്ട് ട്രസ്റ്റി ആൻഡ് അഡ്വൈസറി കമ്മിഷൻ (എഫ്ടിഎസി). മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വിനോദ് റായിയാണ് കമ്മിഷന്‍റെ അധ്യക്ഷൻ. ആർബിഐ മുൻ ഡെപ്യൂട്ടി ഗവർണർ ഉഷാ തൊറാട്ട്, നബാർഡ് മുൻ ചെയർമാൻ പ്രകാശ് ബക്ഷി എന്നിവരെ ട്രസ്റ്റ് അംഗങ്ങളുമാണ്. രണ്ടുവർഷമാണ് ട്രസ്റ്റിന്റെ കാലാവധി. പ്രത്യേക പദ്ധതികൾക്കായി റിസർവ് ബാങ്കിന്റെയും സെബിയുടെയും അംഗീകാരമുള്ള ധനസമാഹരണ മാർഗങ്ങൾ നിശ്ചയിക്കാൻ കിഫ്ബിക്കു കീഴിൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് മാനേജ്‌മെന്റ് കോർപറേഷനും രൂപം നൽകാനും തീരുമാനിച്ചിട്ടുണ്ട്.
അഴിമതി, സ്വഭാവദൂഷ്യം എന്നിവയിൽ ശിക്ഷിക്കപ്പെട്ടാൽ അല്ലാതെ ബോർഡിനോ സർക്കാരിനോ ഇവരെ നീക്കം ചെയ്യാനാകില്ല. കിഫ്ബിയുടെ ഫണ്ട് ശരിയായി വിനിയോഗിക്കുന്നെന്ന് ഉറപ്പാക്കാനും നിക്ഷേപക താത്പര്യം സംരക്ഷിക്കാനുമുള്ള സ്വതന്ത്ര ഫണ്ട് ട്രസ്റ്റി അഡൈ്വസറി കമ്മീഷനാണിത്.