പൊൻകുഴി ശ്രീരാമക്ഷേത്രം ശൂചീകരിച്ച് മുസ്ലീം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍

ക്ഷേത്ര ഭാരവാഹികള്‍ അനുവദിച്ചതോടെ, ഞായറാഴ്ച രാവിലെ ബത്തേരിയിലെയും നൂൽപ്പുഴയിലെയും 30 അംഗ സന്നദ്ധസേവകര്‍ രംഗത്ത് ഇറങ്ങി. 

youth legue workers cleans ponkuzhi sreerama temple

ബത്തേരി: വെള്ളം കയറിയ ക്ഷേത്രം വെള്ളം ഇറങ്ങിയ ശേഷം വൃത്തിയാക്കി നല്‍കി മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. വയനാട്ടിലെ പൊൻകുഴിപ്പുഴ കരകവിഞ്ഞൊഴുകിയാണ് ക്ഷേത്രവും പരിസരവും വെള്ളത്തിൽ മുങ്ങിയത്. ശ്രീകോവിലും ഉപക്ഷേത്രങ്ങളും മറ്റു കെട്ടിടങ്ങളുമെല്ലാം വെള്ളത്തിനടിയിലായി. ഇവിടെ വെള്ളമിറങ്ങിയതോടെ മുസ്ലീംലീഗിന്‍റെ വൈറ്റ് ഗാർഡ് പ്രവർത്തകർ ക്ഷേത്രം ശുചീകരിക്കാൻ സന്നദ്ധതയറിയിച്ച് ക്ഷേത്ര ഭാരവാഹികളെ സമീപിച്ചു.  

ക്ഷേത്ര ഭാരവഹികള്‍ അനുവദിച്ചതോടെ, ഞായറാഴ്ച രാവിലെ ബത്തേരിയിലെയും നൂൽപ്പുഴയിലെയും 30 അംഗ സന്നദ്ധസേവകര്‍ രംഗത്ത് ഇറങ്ങി. ചെളിമൂടിക്കിടന്ന ക്ഷേത്രവും പരിസരവും പ്രവർത്തകർ വൃത്തിയാക്കി. പുഴയിൽനിന്ന് ഒഴുകിയെത്തിയ മരത്തടികളും മാലിന്യവുമെല്ലാം മണിക്കൂറുകളുടെ ശ്രമഫലമായാണ് നീക്കംചെയ്യാനായത്. 

ഇതിനുശേഷം കെട്ടിടങ്ങളെല്ലാം കഴുകി വൃത്തിയാക്കി. വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് ക്ഷേത്രത്തിന്റെ മതിൽക്കെട്ടും തകർന്നിട്ടുണ്ട്. പൊൻകുഴിപ്പുഴ കരകവിഞ്ഞതിനെ തുടർന്ന് കോഴിക്കോട്-കൊല്ലഗൽ ദേശീയ പാതയിലെ ഗതാഗതം മൂന്ന് ദിവസമായി നിലച്ചിരുന്നു.  ഞായറാഴ്ച രാവിലെ എട്ടുമണിയോടെ ആരംഭിച്ച ശുചീകരണ പ്രവൃത്തികൾ ഉച്ചയോടെയാണ് അവസാനിച്ചത്. 

ക്ഷേത്രത്തിലെ നിത്യപൂജ തിങ്കളാഴ്ച പുനരാരംഭിക്കും. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സി.കെ. ഹാരീഫ്, വൈറ്റ് ഗാർഡ് ജില്ലാ ക്യാപ്റ്റൻ ഹാരീഫ് ബനാന, നിയോജകമണ്ഡലം ക്യാപ്റ്റൻ സി.കെ. മുസ്തഫ, സമദ് കണ്ണിയൻ, അസീസ് വേങ്ങൂർ, നിസാം കല്ലൂർ, റിയാസ് കല്ലുവയൽ, ഇർഷാദ് നായ്ക്കട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ക്ഷേത്രം ശുചീകരിച്ചത്.     

Latest Videos
Follow Us:
Download App:
  • android
  • ios