തെളിവുമായി വന്നാൽ ഒരുകോടി ഇനാം, പ്രഖ്യാപിച്ച് യൂത്ത് ലീഗ്; അഡ്രസ് ചോദിക്കുമ്പോൾ തലതാഴ്ത്തി ഇരിപ്പെന്നും ഫിറോസ്
ഒരാളുടെയെങ്കിലും അഡ്രസ് ചോദിക്കുമ്പോൾ ഒന്നും കേൾക്കാത്ത പോലെ തലതാഴ്ത്തി ഇരിപ്പാണ് ഇക്കൂട്ടരെന്നും ഫിറോസ് ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു
മലപ്പുറം: 'ദി കേരള സ്റ്റോറി' സിനിമക്കെതിരെ യൂത്ത് ലീഗ്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി നുണകൾ മാത്രം പറയുന്ന സംഘ് പരിവാർ ഫാക്ടറിയിലെ ഏറ്റവും വലിയ നുണകളിൽ ഒന്നാണ് ലൗ ജിഹാദ് വഴി മതം മാറ്റി സിറിയയിലേക്ക് കടത്തി എന്ന ആരോപണമെന്ന് പറഞ്ഞ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി, ഇതുമായി തെളിവ് കൊണ്ടുവരുന്നവർക്ക് ഒരുകോടി രൂപ മുസ്‌ലിം യൂത്ത് ലീഗ് ഇനാം നൽകുമെന്നും പ്രഖ്യാപിച്ചു. ഒരാളുടെയെങ്കിലും അഡ്രസ് ചോദിക്കുമ്പോൾ ഒന്നും കേൾക്കാത്ത പോലെ തലതാഴ്ത്തി ഇരിപ്പാണ് ഇക്കൂട്ടരെന്നും ഫിറോസ് ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു.
യഥാർത്ഥ കേരള സ്റ്റോറി; 'എടപ്പാൾ ഓട്ടം' ഓർമ്മിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
പി കെ ഫിറോസിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ
രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി നുണകൾ മാത്രം പറയുന്ന സംഘ് പരിവാർ ഫാക്ടറിയിലെ ഏറ്റവും വലിയ നുണകളിൽ ഒന്നാണ് ലൗ ജിഹാദ് വഴി മതം മാറ്റി സിറിയയിലേക്ക് കടത്തി എന്ന ആരോപണം. കേരളത്തിൽ 32000 പേരെ ഇവ്വിധം മാറ്റി എന്ന് സംഘ് സ്പോൺസേർഡ് സിനിമ ആധികാരിക കണക്കുകൾ കയ്യിലുണ്ടെന്ന വാദത്തോടെ പറയുമ്പോൾ ഒരു പഞ്ചായത്തിൽ ശരാശരി 30 പേരെങ്കിലും ഉണ്ടാവുമല്ലോ. പക്ഷേ, ഒരാളുടെയെങ്കിലും അഡ്രസ് ചോദിക്കുമ്പോൾ ഒന്നും കേൾക്കാത്ത പോലെ തലതാഴ്ത്തി ഇരിപ്പാണ്.
അതുകൊണ്ട്, തെളിവ് കൊണ്ടുവരുന്നവർക്ക് ഒരുകോടി രൂപ മുസ്‌ലിം യൂത്ത് ലീഗ് ഇനാം നൽകുമെന്ന് പ്രഖ്യാപിക്കുകയാണ്. അങ്ങനെ തെളിവുകൾ കയ്യിലുള്ള ആർക്കും മുസ്‌ലിം യൂത്ത് ലീഗിന്റെ ജില്ലാ കേന്ദ്രങ്ങളിലെ കൗണ്ടറിൽ അത് സമർപ്പിച്ച് മെനക്കേടില്ലാതെ ഒരുകോടി നേടാവുന്നതാണ്.
"കേരള സ്റ്റോറി" സിനിമ കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലക്ഷ്യമിട്ട് നിർമ്മിച്ചതെന്ന് അഭിപ്രായപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് രംഗത്തെത്തിയിരുന്നു. സംഘപരിവാർ നുണ ഫാക്ടറിയുടെ ഉത്പ്പന്നമാണ് സിനിമ. വിദ്വേഷ പ്രചാരണത്തിലൂടെ കേരളത്തിലെ തെരഞ്ഞെടുപ്പാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്. അന്വേഷണ ഏജൻസികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വരെ തള്ളിക്കളഞ്ഞ "ലവ് ജിഹാദ്" ആരോപണങ്ങളെ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.