വടകരയിൽ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു, മരണകാരണം പൊലീസ് മർദ്ദനമെന്ന് സുഹൃത്തുക്കൾ
മദ്യപിച്ചെന്ന പേരിൽ സജീവനെ എസ്ഐ മർദ്ദിച്ചെന്ന് സുഹൃത്തുക്കൾ, മർദ്ദനമേറ്റ സജീവൻ സ്റ്റേഷന് മുന്നിൽ കുഴഞ്ഞു വീണു
കോഴിക്കോട്: കോഴിക്കോട് വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. വടകര കല്ലേരി സ്വദേശി സജീവനാണ് (42) മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. സജീവനെ പൊലീസ് മർദ്ദിച്ചതായും പൊലീസ് മർദ്ദനമേറ്റാണ് മരിച്ചതെന്നും സുഹൃത്തുക്കൾ ആരോപിച്ചു. സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടർന്നായിരുന്നു ഇവരെ കസ്റ്റഡിയിൽ എടുത്തത്. എന്നാൽ മദ്യപിച്ചെന്ന പേരിൽ സജീവനെ എസ്ഐ മർദ്ദിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ ആരോപിച്ചു. മർദ്ദനമേറ്റ സജീവൻ സ്റ്റേഷന് മുന്നിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു എന്നും കൂടെയുണ്ടായിരുന്നവർ വ്യക്തമാക്കി.
വാഹനങ്ങൾ കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട് സജീവനും സുഹൃത്തുക്കളും മറ്റേ വാഹനത്തിലുണ്ടായിരുന്നവരുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്നാണ് പൊലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് മാറ്റിയത്. മദ്യപിച്ചിരുന്ന വിവരം പൊലീസിനോട് സമ്മതിച്ചതായി സുഹൃത്തുക്കൾ പറഞ്ഞു. എന്നാൽ തുടർ നടപടികൾക്ക് വിധേയരാക്കുന്നതിന് മുന്നേ പൊലീസ് തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്നാണ് ഇവരുടെ ആരോപണം. വടകര എസ്ഐ മർദ്ദിച്ചെന്നാണ് പരാതി. ഇതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട സജീവൻ സ്റ്റേഷനിൽ കുഴഞ്ഞു വീഴുകയായിരുന്നു. വടകര സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണകാരണം എന്താണെന്ന് വ്യക്തമാകാൻ പോസ്റ്റ്‍മോർട്ടം നടത്തും. അതേസമയം കസ്റ്റഡിയിൽ മർദ്ദിച്ചെന്ന ആരോപണം തള്ളുകയാണ് പൊലീസ്. സ്റ്റേഷനിലെത്തിച്ച് 20 മിനിറ്റിനകം നടപടികൾ പൂർത്തിയാക്കിയതായും പൊലീസ് പറയുന്നു. സ്റ്റേഷനിൽ നിന്ന് പുറത്ത് വന്ന ഉടൻ സ്റ്റേഷന് മുന്നിൽ സജീവൻ കുഴഞ്ഞു വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരാണ് ഇദ്ദേഹം വീഴുന്നത് കണ്ടത്. ഉടനെ സമീപത്തുള്ള വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.