പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നില്ല, ഇപിയുടെ വാദം പൊളിയുന്നു

വിമാനത്താവളത്തിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ഡോക്ടറോ, മെഡിക്കൽ കോളേജിൽ നടത്തിയ വിശദപരിശോധനയിലോ പ്രതികൾ മദ്യപിച്ചതായി കണ്ടെത്തിയിട്ടില്ല. അതേസമയം, ഇവർക്കെതിരെ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. 

Youth Congress Workers Were Not Drunk Says Medical Report

തിരുവനന്തപുരം: കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങി വരവേ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നുവെന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍റെ വാദം പൊളിയുന്നു. വിമാനത്താവളത്തിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ഡോക്ടറോ, മെഡിക്കൽ കോളേജിൽ നടത്തിയ വിശദപരിശോധനയിലോ പ്രതികൾ മദ്യപിച്ചതായി കണ്ടെത്തിയിട്ടില്ല. അതേസമയം, ഇവർക്കെതിരെ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. 

''മദ്യപിച്ച് ലക്കുകെട്ട രീതിയിൽ ബോധമില്ലാത്ത രീതിയിലാണ് ഇവർ മുഖ്യമന്ത്രിയെ ആക്രമിക്കാനെത്തിയത്. മുദ്രാവാക്യം വിളിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നാക്ക് കുഴയുന്നുണ്ടായിരുന്നെന്നും എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു'', എന്നാണ് ഇ പി ജയരാജൻ ആരോപിക്കുന്നു. മുഖ്യമന്ത്രി എണീറ്റ് ബാഗെടുക്കാൻ ഒരുങ്ങുകയും താൻ എഴുന്നേറ്റ് ബാഗെടുക്കാനും ശ്രമിക്കുമ്പോഴായിരുന്നു സംഭവമെന്നും ജയരാജന്‍ പറഞ്ഞു. പ്രതിഷേധക്കാരെ ജയരാജന്‍ തള്ളിമാറ്റുന്നത് ദൃശ്യങ്ങളിലുണ്ട്.

മുഖ്യമന്ത്രിക്കൊപ്പം രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിമാനത്തിലുണ്ടായിരുന്നത്. മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്‍റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻ കുമാർ തുടങ്ങിയവരാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവരിലൊരാൾ കറുത്ത കുപ്പായമാണ് അണിഞ്ഞിരുന്നത്. ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ വിമാനത്താവളത്തിൽ കണ്ടപ്പോൾ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ആര്‍സിസിയിൽ രോഗിയെ കാണാൻ പോകുന്നു എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. തിരുവനന്തപുരത്തേക്ക് പോകാനുള്ള ടിക്കറ്റ് കൈവശമുണ്ടായിരുന്നത് കൊണ്ടും ചോദ്യം ചെയ്തതിൽ മറ്റ് പ്രശ്നങ്ങൾ ഇല്ല എന്ന് മനസിലായത് കൊണ്ടുമാണ് ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചതെന്ന് പൊലീസ് പറഞ്ഞു. രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം നൽകിയതായി എയർപോർട്ട് പൊലീസും പറയുന്നു.

വിമാനത്തിൽ 8 എ, 8 സി, 7 ഡി എന്നീ സീറ്റുകളിൽ യാത്ര ചെയ്തിരുന്നവരാണ് അതിക്രമം കാണിച്ചതെന്നാണ് എയർപോർട്ട് മാനേജർ വിജിത്ത് പരാതി നൽകിയിട്ടുള്ളത്. കണ്ണൂരിൽ നിന്നുമെത്തിയ മൂന്ന് യാത്രക്കാർ അതിക്രമം കാണിച്ചുവെന്ന് കാണിച്ച് ഇൻഡിഗോ ഗ്രൗണ്ട് ഹാൻഡിലിംഗ് മാനേജരും പരാതി നൽകിയിട്ടുണ്ട്. 

വിമാനത്തിൽ പ്രതിഷേധിച്ചതിന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇന്ന് റിമാൻഡ് ചെയ്യും. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ്, ജില്ലാ സെക്രട്ടറി നവീൻ കുമാർ എന്നിവരെയാണ് ഇന്നലെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. ഡോക്ടർക്ക് നൽകിയ മൊഴിയിൽ നിന്ന് ഇ. പി. ജയരാജന്‍റെ പേര് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമ്മർദ്ദം ചെലുത്തിയെന്ന് പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. ഇരുവരും മെഡ‍ിക്കൽ കോളേജിൽ തുടരുകയാണ്. അതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിന് ഇ.പി.ജയരാജനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് പരാതി നൽകും. കെപിസിസി ഓഫീസ് സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കും. ജില്ലാ കേന്ദ്രങ്ങളിൽ ഇന്നും പ്രതിഷേധമുണ്ടാകും. 

Latest Videos
Follow Us:
Download App:
  • android
  • ios