'ചാനൽ ചർച്ചകളിൽ തുറുപ്പ് ചീട്ട്, സോഷ്യൽ മീഡിയ താരം'; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഭൂരിപക്ഷം ചില്ലറയല്ല !
നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കെപിസിസി അംഗവുമാണ് കോൺഗ്രസിന്‍റെ യുവ നേതൃനിരയിലുള്ള രാഹുൽ.
തിരുവനന്തപുരം: നീണ്ട ഗ്രൂപ്പ് പോരിനും തർക്കത്തിനുമൊടുവിൽ യൂത്ത് കോൺഗ്രസിന് പുതിയ സംസ്ഥാന അധ്യക്ഷനായി. അരലക്ഷം വോട്ടിന്‍റെ ലീഡിലാണ് എ ഗ്രൂപ്പ് സ്ഥാനാർത്ഥിയായ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിലെത്തുന്നത്. കോൺഗ്രസിന് വേണ്ടി ചാനൽ ചർച്ചകളിൽ നിറഞ്ഞു നിന്ന രാഹുലിന് ഇത് മിന്നുന്ന വിജയമാണ്. നീണ്ട സംഘടനാ തെരഞ്ഞെടുപ്പ് നടപടിക്കൊടുവില്‍ രണ്ടാം സ്ഥാനത്തുള്ള അബിന്‍ വര്‍ക്കിയേക്കാള്‍ 53,398 വോട്ടുകള്‍ നേടിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിയായത്. ഇനി ഷാഫി പറമ്പിലിന്‍റെ പിന്മുറക്കാരനായി രാഹുൽ യൂത്ത് കോൺഗ്രസിനെ നയിക്കും.
നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കെപിസിസി അംഗവുമാണ് കോൺഗ്രസിന്‍റെ യുവ നേതൃനിരയിലുള്ള രാഹുൽ. കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറിയും എൻഎസ്‌യു ദേശീയ സെക്രട്ടറിയും ആയി ചുമതല വഹിച്ചിരുന്നു. ഡൽഹി സെന്റ് സ്റ്റീഫൻസിൽനിന്ന് ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദം നേടയിട്ടുള്ള രാഹുൽ നിലവിൽ എംജി യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി ചെയ്യുകയാണ്. പത്തനംതിട്ട അടൂർ സ്വദേശിയായ രാഹുൽ ചാനൽ ചർച്ചകളിലൂടെയാണ് കോണ്‍ഗ്രസിൽ ശ്രദ്ധേയനാകുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ രാഹുലിന് വലിയ ഫേസ്ബുക്കിലടക്കം വലിയ പിന്തുണയുണ്ട്. പാർട്ടി പ്രതിസന്ധിയിൽ അകപ്പെടുമ്പോഴും രാഷ്ട്രീയ വിവാദങ്ങളിലും സമൂഹമാധ്യമങ്ങളിലൂടെ കോൺഗ്രസിന് വേണ്ടി സജീവ ഇടപെടൽ നടത്തിയിരുന്ന രാഹുൽ തൃക്കാക്കരയിലെയും പുതുപ്പള്ളിയിലെയും ഉപതെരഞ്ഞെടുപ്പിൽ പ്രചാരണ രംഗത്ത് മുൻ നിരയിലുണ്ടായിരുന്നു.
രണ്ട് മാസം മുമ്പ് നടന്ന യൂത്ത് കോൺഗ്രസ് നേതൃത്വ തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ നേരിട്ട് മല്‍സര രംഗത്തുണ്ടായിരുന്നു. എ ഗ്രൂപ്പില്‍നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പില്‍നിന്ന് അബിന്‍ വര്‍ക്കിയുമാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് മത്സര രംഗത്തുണ്ടായിരുന്നത്. രാഹുലിന് എതിരായി കെസി വേണുഗോപാല്‍ പക്ഷവും സ്ഥാനാർത്ഥിയെ രംഗത്തിറക്കിയിരുന്നു. എന്നാൽ അവസാന നിമിഷം സ്ഥാനാർത്ഥിയെ പിൻവലിച്ച് കെസി പക്ഷം അബിൻ വർക്കിക്ക് പിന്തുണ നൽകുകയായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന അരിത ബാബുവുള്‍പ്പടെ മൂന്നു വനിതകള അടക്കം 13 പേര്‍ ആയിരുന്നു യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് മത്സര രംഗത്തുണ്ടായിരുന്നത്. 7,29,626 വോട്ടുകളായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തത്. 2,16,462 വോട്ടുകള്‍ ആസാധുവായി. തെരഞ്ഞെടുപ്പ് നടന്ന് രണ്ട് മാസങ്ങൾക്ക് ശേഷം ഫലം പ്രഖ്യാപിച്ചപ്പോള്‍ എതിരാളികളെ അമ്പരപ്പിച്ച് വലിയ ഭൂരിപക്ഷത്തിൽ രാഹുൽ വിജയിച്ചു. രണ്ടാം സ്ഥാനത്തുള്ള അബിന്‍ വര്‍ക്കിക്ക് 1,68,588 വോട്ടുകളാണ് ലഭിച്ചത്. 1,930 വോട്ടുകള്‍ നേടിയ അരിത ബാബുവാണ് മൂന്നാമത്.
Read More : കേരള തീരത്ത് കടലാക്രമണ സാധ്യത, ഉയർന്ന തിരമാല മുന്നറിയിപ്പ്, 5 ദിവസം ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രത നിർദ്ദേശം