വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ റെയ്ഡ്
താനാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഡിസൈന്‍ ചെയ്‌തെന്ന് വികാസ് കൃഷ്ണ പൊലീസിനോട് സമ്മതിച്ചിരുന്നു.
പത്തനംതിട്ട: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ തെളിവ് തേടി പൊലീസിന്റെ വ്യാപക റെയ്ഡ്. പന്തളം കേന്ദ്രീകരിച്ചാണ് നിലവില്‍ പരിശോധന നടക്കുന്നത്. കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് വികാസ് കൃഷ്ണ മുമ്പ് ജോലി ചെയ്തിരുന്ന ഡിസൈനിങ് സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെയാണ് പരിശോധന നടക്കുന്നത്. പ്രത്യേക അന്വേഷണസംഘമാണ് റെയ്ഡ് നടത്തുന്നത്. താനാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഡിസൈന്‍ ചെയ്‌തെന്ന് വികാസ് കൃഷ്ണ പൊലീസിനോട് സമ്മതിച്ചിരുന്നു.
കേസില്‍ അറസ്റ്റിലായ നാല് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും നേരത്തെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അബി വിക്രം, ഫെന്നി നൈനാന്‍, ബിനില്‍ ബിനു, വികാസ് കൃഷ്ണ എന്നിവര്‍ക്കാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. നാളെ രാവിലെ വരെ ഉപാധികളോടെയാണ് നാലുപ്രതികള്‍ക്കും ഇടക്കാല ജാമ്യം നല്‍കിയത്. തുറന്ന കോടതിയില്‍ കേസ് കേള്‍ക്കുന്നതിനു വേണ്ടിയാണ് ജാമ്യം നല്‍കിയത്. നാളെ 11 മണിക്ക് നാല് പ്രതികളും കോടതിയില്‍ ഹാജരാകണം. ഇന്ന് മ്യൂസിയം പൊലീസാണ് നാലുപേരെയും അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് നല്‍കും. ശനിയാഴ്ച ഹാജരാകാനാണ് നോട്ടീസ് നല്‍കുന്നത്.
അതേസമയം, യൂത്ത് കോണ്‍ഗ്രസ് വ്യാജരേഖ കേസില്‍ നാല് പേര്‍ പിടിയിലായതോടെ എ ഗ്രൂപ്പിനുള്ളില്‍ അതൃപ്തി പുകയുകയാണ്. സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികള്‍ കസ്റ്റഡിയിലായത് ഗ്രൂപ്പിനുള്ളിലെ പോര് കാരണമെന്നാണ് വിവരം. ഗ്രൂപ്പിനുള്ളില്‍ നിന്നാണ് പൊലീസിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. അന്വേഷണം സംസ്ഥാന പ്രസിഡന്റിലേക്ക് എത്തിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നാണ് എ ഗ്രൂപ്പിനുള്ളിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. പല വിഭാഗങ്ങളായായിരുന്നു തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് മത്സരിച്ചത്.
'കരുതിയത് അപകടമരണമെന്ന്, നടന്നത് കൊലപാതകം': 77കാരന്റെ മരണത്തില്‍ മോഷ്ടാവ് അറസ്റ്റില്‍