പൊലീസിന്‍റെ ഓണസദ്യ ഉണ്ണാനെത്തിയ യുവാവിനെ മര്‍ദിച്ചെന്ന് പരാതി; ആരോപണം നിഷേധിച്ച് പൊലീസ്
ചങ്ങനാശേരിക്കാരനായ സുമിത്താണ് എറണാകുളം നോര്‍ത്ത് പറവൂര്‍ പൊലീസിനെതിരെ രംഗത്തെത്തിയത്. മര്‍ദ്ദിച്ച ശേഷം ബലം പ്രയോഗിച്ച് സദ്യ കഴിക്കാന്‍ ഇരുത്തിയെന്നും പരിപ്പ് കറി ചോദിച്ചപ്പോള്‍ വീണ്ടും മര്‍ദ്ദിച്ചെന്നും സുമിത്ത് ആരോപിച്ചു.
കൊച്ചി: പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിനിടെ സദ്യയുണ്ടെന്നറിഞ്ഞ് ഉണ്ണാനെത്തിയ യുവാവിനെ പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് പരാതി. ചങ്ങനാശേരിക്കാരനായ സുമിത്താണ് എറണാകുളം നോര്‍ത്ത് പറവൂര്‍ പൊലീസിനെതിരെ രംഗത്തെത്തിയത്. മര്‍ദ്ദിച്ച ശേഷം ബലം പ്രയോഗിച്ച് സദ്യ കഴിക്കാന്‍ ഇരുത്തിയെന്നും പരിപ്പ് കറി ചോദിച്ചപ്പോള്‍ വീണ്ടും മര്‍ദ്ദിച്ചെന്നും സുമിത്ത് ആരോപിച്ചു. എന്നാൽ, ഇത്തരത്തിലൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് പൊലീസ് വിശദീകരിക്കുമ്പോഴും സുമിത്തിനെതിരെ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഉത്യാട ദിനത്തില്‍ പൊലീസ് ക്യാന്‍റിന് ഉണ്ടെന്ന് തെറ്റിദ്ധരിച്ചാണ് അവിടെ പോയത്. പൊലീസിന്‍റെ ഓണാഘോഷ പരിപാടി നടക്കുന്നതിനിടെയാണ് സംഭവം. സദ്യയുണ്ടെന്ന് തിരക്കിയപ്പോള്‍ പൊലീസ് മര്‍ദിച്ചെന്ന് ചങ്ങനാശേരിക്കാരനായ സുമിത്ത് ആരോപിക്കുന്നു. പിന്നീട് സദ്യ ഉണ്ടിട്ട് പോയാല്‍ മതി എന്ന് പറഞ്ഞ് ഇല ഇട്ട് ചോറും സാമ്പാറും വിളമ്പി. പരിപ്പ് കറി ചോദിച്ചപ്പോള്‍ വീണ്ടും മര്‍ദ്ദിച്ചെന്നും സുമിത്ത് ആരോപിച്ചു. എന്നാൽ, ആരോപണം നോര്‍ത്ത് പറവൂര്‍ പൊലീസ് നിഷേധിച്ചു. മദ്യപിച്ച് ബഹളമുണ്ടാക്കിയ ആളെ അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായതെന്നാണ് പൊലീസിന്‍റെ വാദം.