ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോമോറിൻ തീരത്തായുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. മധ്യ ബംഗാൾ ഉൾക്കടലിലും ചക്രവാതച്ചുഴിയുണ്ട്. അതേസമയം, മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ജാഗ്രത നിർദേശമില്ല.
തിരുവനന്തപുരം നഗരത്തിലും മലയോര മേഖലയിലും ഇന്ന് വൈകീട്ട് മുതല്‍ ശക്തമായ മഴയാണ്. നഗരത്തില്‍ ഇടവിട്ട് പെയ്ത ശക്തമായ മഴയില്‍ പലയിടത്തും ചെറിയ തോതില്‍ വെള്ളക്കെട്ടുണ്ടായി. തമ്പാനൂര്‍, എസ്എസ് കോവില്‍ റോഡ് അടക്കമുള്ള താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. മലയോരമേഖലയില്‍ വൈകീട്ടോട് കൂടി തുടങ്ങിയ ശക്തമായ മഴയ്ക്ക് നേരിയ ശമനമുണ്ട്.
ശക്തമായ മഴയെ തുടർന്ന് ഇടുക്കിയിലെ കുമളിയിൽ വെള്ളക്കെട്ടുണ്ടായി. കുമളി ടൗണിലെ സെൻട്രൽ ജംഗ്ഷൻ, ഒന്നാംമൈൽ എന്നിവിടങ്ങളിലാണ് ഇന്നലെ വൈകിട്ട് വെള്ളക്കെട്ടുണ്ടായത്. ഓടകൾ അടഞ്ഞതും നിർമ്മാണത്തിലെ അശാസ്ത്രീയതയുമാണ് വെള്ളക്കെട്ടുണ്ടാകാൻ കാരണം. ഒരു മണിക്കൂറോളം കുമളിയിൽ ഗതാഗതം തിരിച്ചു വിട്ടു. പെരിയാർ തോട് കരകവിഞ്ഞതിനെ തുടർന്ന് നെല്ലിമലയിൽ നാല് വീടുകളിലും സർക്കാർ ആശുപത്രിയിലും വെള്ളം കയറി. മഴകുറഞ്ഞതോടെ വെള്ളമിറങ്ങി.