ബാലസാഹിത്യകാരി വിമല മേനോൻ അന്തരിച്ചു
ബാലസാഹിത്യകാരി വിമല മേനോൻ (76) അന്തരിച്ചു. കേരള സംസ്ഥാന ബാലസാഹിത്യ പുരസ്ക്കാരം അടക്കം നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ബാലസാഹിത്യകാരി വിമല മേനോൻ (76) അന്തരിച്ചു. സംസ്കാരം നാളെ വൈകുന്നേരം മൂന്നുമണിക്ക് നടക്കും. കേരള സംസ്ഥാന ബാലസാഹിത്യ പുരസ്ക്കാരം അടക്കം നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 1945 ല്‍ എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ ഭാനുമതിയമ്മയും രാഘവപ്പണിക്കരുടെയും മകളായി ജനിച്ച വിമല മേനോൻ, ആലുവാ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ്, തൃശൂര്‍ വിലമാ കോളേജ് എന്നിവിടങ്ങളില്‍ പഠനം പൂർത്തിയാക്കി. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയ അവർ കേരള സ്‌റ്റേറ്റ് ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പാള്‍ സ്ഥാനത്തു നിന്നാണ് വിരമിച്ചത്.
സംസ്ഥാന അവാർഡിനൊപ്പം കൈരളി ബുക്ക് ട്രസ്റ്റ് അവാര്‍ഡ്, എസ്. ബി. ടി. അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങ ഇവരെ തേടിയെത്തി. അമ്മപ്പശുവിന്റെ ഊഞ്ഞാലാട്ടം, ഗോലികളിക്കാന്‍ പഠിച്ച രാജാവ്, മന്ദാകിനി പറയുന്നത്, ശ്യാമദേവന്‍, നമ്മളെ നമ്മള്‍ക്കായി തുടങ്ങിയ നിരവധി കൃതികൾ രചിച്ചിട്ടുണ്ട്.