എകെജി സെന്ററിനും ഇന്ദിരാ ഭവനുമിടയിൽ ഒപ്പ് ചുരുൾ നിവർത്തി പെൺമെമ്മോറിയൽ, ലക്ഷ്യമിത്...
കേരള ചരിത്രത്തിന്റെ ഭാഗമായ ഈഴവ മെമ്മോറിയലിനും മലയാളി മെമ്മോറിയലിനും ഒപ്പം ഇനി പെൺമെമ്മോറിയലും
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ, സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം ആവശ്യപ്പെട്ട് തലസ്ഥാനത്ത് പെൺമെമ്മോറിയൽ. എകെജി സെന്ററിനും ഇന്ദിര ഭവനുമിടയിൽ ഒപ്പ് ചുരുൾ നിവർത്തിയായിരുന്നു വേറിട്ട സമരം. തുല്യ പ്രാതിനിധ്യ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലായിരുന്നു സമരം.
കേരള ചരിത്രത്തിന്റെ ഭാഗമായ ഈഴവ മെമ്മോറിയലിനും മലയാളി മെമ്മോറിയലിനും ഒപ്പം ഇനി പെൺമെമ്മോറിയലും. ആവശ്യം ഒന്ന് മാത്രം. നിയമനിർമാണ സഭകളിൽ സ്ത്രീകൾക്ക് തുല്യപ്രാതിനിധ്യം ഉറപ്പാക്കണം. പതിറ്റാണ്ടുകൾ നീണ്ട സമരത്തിനും ചർച്ചകൾക്കും ഒടുവിലാണ് 33 ശതമാനം സ്ത്രീ സംവരണത്തിനുള്ള ബിൽ പാസ്സാക്കിയത്. ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്നെ സംവരണം നടപ്പാക്കണമെന്ന്
ആവശ്യപ്പെട്ടാണ് ഒപ്പ് ചുരുൾ നിവർത്തൽ സമരം.
തുല്യപ്രാതിനിധ്യ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ, ഒരു ലക്ഷത്തോളം പേരിൽ നിന്നാണ് ഒപ്പുകൾ ശേഖരിച്ചത്. പാളയം രക്തസാക്ഷി മണ്ഡപം മുതൽ എകെജി സെന്റർ വരെയും ഇന്ദിരാ ഭവൻ വരെയും ഒപ്പ് ചുരുളുകൾ നിവർത്തിയായിരുന്നു സമരം. വിദ്യാർത്ഥികൾ, വീട്ടമ്മമാർ, തൊഴിലാളികൾ, സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തകർ എന്നിങ്ങനെ എല്ലാ മേഖലകളിൽ നിന്നുള്ളവര്‍ ഒപ്പിട്ടു. വരുന്ന തെരഞ്ഞെടുപ്പിൽ 33 ശതമാനം സീറ്റുകളിൽ സ്ത്രീകളെ മത്സരിപ്പിക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ്, യുഡിഎഫ് കൺവീനർമാർക്ക് മെമ്മോറാണ്ടവും നൽകിയിട്ടുണ്ട്.