നടിയുടെ ആരോപണം: കോൺഗ്രസ് നേതാവിനെ സ്ഥാനത്ത് നിന്നും മാറ്റി അന്വേഷിക്കണമെന്ന് വനിതാ അഭിഭാഷക കൂട്ടായ്മ
പൊലീസ് അന്വേഷണത്തോടൊപ്പം പാർട്ടി തലത്തിൽ പ്രത്യേക അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
തിരുവനന്തപുരം : ലൈംഗിക ചൂഷണത്തിനായി നടിയെ നിർമാതാവ് താമസിക്കുന്ന ഹോട്ടൽ മുറിയിലേക്ക് എത്തിച്ചുവെന്ന വെളിപ്പെടുത്തലിൽ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് അഡ്വ വി.എസ് ചന്ദ്രശേഖരനെതിരെ ഹൈക്കോടതിയിലെ വനിത അഭിഭാഷക കൂട്ടായ്മ രംഗത്ത്. വി. എസ് ചന്ദ്രശേഖരനെ എല്ലാ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകി. ആരോപണം അതീവ ഗുരുതരമായത് കൊണ്ട് തന്നെ പൊലീസ് അന്വേഷണത്തോടൊപ്പം പാർട്ടി തലത്തിൽ പ്രത്യേക അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. അഡ്വ. സറീന ജോർജ്ജ് അടക്കം പതിനഞ്ചോളം വനിതാ അഭിഭാഷകരാണ് പരാതി നൽകിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.
സ്ത്രീകളെ ഉപഭോഗവസ്തുക്കളായി കാണുന്നത് അനുവദിക്കാനാകില്ല; കടുത്ത രോഷം പ്രകടിപ്പിച്ച് രാഷ്ട്രപതി
മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു ലോയേഴ്സ് കോൺഗ്രസ് നേതാവ് ചന്ദ്രശേഖരൻ എന്നിവര്‍ക്കെതിരെയാണ് ഒരു നടി പരാതി നൽകിയത്. ഷൂട്ടിങ് ലൊക്കേഷനായ ബോൾഗാട്ടി കാണിക്കാൻ കൊണ്ടുപോകുന്നതിനിടെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചുവെന്നും മറ്റൊരാളുടെ അടുത്തേക്കാണ് തന്നെ എത്തിച്ചതെന്നുമായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.