ജീവിതം തകർത്ത അജ്ഞാത വാഹനം ഇന്നും കാണാമറയത്ത്; ഏഴു മാസമായി ചലനമറ്റ് കിടപ്പിലായിരുന്ന അനുജ മരിച്ചു

തൃശൂര്‍ കൊടകരയില്‍ അജ്ഞാത വാഹനമിടിച്ച് തെറിപ്പിച്ച് ഗുരുതരമായി പരിക്കേറ്റ് ഏഴുമാസമായി കിടപ്പിലായിരുന്ന നൂലുവള്ളി സ്വദേശി അനുവിന്‍റെ ഭാര്യ അനുജ മരിച്ചു

woman who was bedridden for seven months after being hit by an unknown vehicle in Thrissur passed away

തൃശൂര്‍: തൃശൂര്‍ കൊടകരയില്‍ അജ്ഞാത വാഹനമിടിച്ച് തെറിപ്പിച്ച് ഗുരുതരമായി പരിക്കേറ്റ് ഏഴുമാസമായി കിടപ്പിലായിരുന്ന നൂലുവള്ളി സ്വദേശി അനുവിന്‍റെ ഭാര്യ അനുജ മരിച്ചു. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു മരണം. ഇന്ന് ഉച്ചയ്ക്കുശേഷം സംസ്കാരം നടക്കും. അപകടത്തിനുശേഷം കഴിഞ്ഞ ഏഴു മാസമായി അനുജ ചലനമറ്റ് കിടപ്പിലായിരുന്നു. കഴിഞ്ഞ മെയ് 14നാണ് അപകടമുണ്ടായത്. അനുജയെയും അനുവിനെയും ഇവരുടെ മകനെയും ഇടിച്ചിട്ട് നിര്‍ത്താതെ പോയ അജ്ഞാത വാഹനം ഇതുവരെ കണ്ടെത്താനായിട്ടില്ല.

സംഭവത്തിൽ കൊടകര പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. ഇടിച്ചവര്‍ ആരാണെന്നോ ഏതു വാഹനമാണെന്നോ പോലും അറിയാൻ നിൽക്കാതെ ഏഴു മാസത്തെ ചികിത്സക്കൊടുവിലാണ് അനുജ ഇന്നലെ വിടവാങ്ങിയത്. തങ്ങളുടെ ജീവിതം തകര്‍ത്ത വാഹനം കണ്ടെത്തണമെന്നും മനുഷ്യത്വ രഹിതമായ കാര്യമാണ് വാഹനയാത്രക്കാരൻ ചെയ്തതെന്നും ദിവസങ്ങള്‍ക്ക് മുമ്പ് അനു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. 

കഴിഞ്ഞ മെയ് 14നാണ് അനുവിന്‍റെ കുടുംബത്തിന്‍റെ ജീവിതം തകര്‍ത്ത അപകടമുണ്ടായത്. ഭാര്യയുടെ സുഹൃത്തിന്‍റെ അനുജന്‍റെ കല്യാണത്തിന്‍റെ റിസപ്ഷനിൽ പങ്കെടുക്കാൻ വേണ്ടിയാണ് തൃശൂരിൽ എത്തിയത്. ഇതിനിടെ, കൊടുങ്ങല്ലൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് തിരിച്ച് വരും വഴി രാത്രി എട്ടോടെയാണ് അപകടമുണ്ടായത്. മഴ പെയ്ത് തോര്‍ന്ന സമയമായിരുന്നു. അനുവും ഭാര്യ അനൂജയും മകൻ അര്‍ജുനും കൊടകര കുഴിക്കാണി ഭാഗത്ത് വെച്ച് റോഡരികിലൂടെ നടന്നുവരുകയായിരുന്നു.

സമീപത്ത് വഴി വിളക്കുകളൊന്നും ഉണ്ടായിരുന്നില്ല. പെട്ടെന്നാണ് ഒരു വാഹനം മൂന്നുപേരെയും ഇടിച്ചുതെറിപ്പിച്ചശേഷം കടന്നുപോയത്. ഇടിയുടെ ആഘാതത്തിൽ മൂവരും പലയിടത്തായി തെറിച്ച് വീണു. മകൻ ചെളിക്കുഴിയിലേക്ക് വീണതിനാൽ പരിക്ക് ഗുരുതരമായില്ല. ചോരവാര്‍ന്നു കിടക്കുന്ന അമ്മയുടേയും അച്ഛന്‍റെയും കാഴ്ച അവൻ ഇന്നും മറന്നിട്ടില്ല.

അന്നത്തെ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനുജ പിന്നെ എഴുന്നേറ്റിട്ടില്ല. മൂന്ന് ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും ആരോഗ്യനിലയിൽ പുരോഗതിയുണ്ടായില്ല. ലക്ഷങ്ങളാണ് ഇതിനോടകം ചികിത്സയ്ക്കായി ചെലവായത്. 20 ലക്ഷത്തിലധികം രൂപയുടെ കടവുമുണ്ട്. വാഹനം കണ്ടെത്തിയാല്‍ ഇന്‍ഷുറന്‍സ് സഹായമെങ്കിലും ലഭിക്കുമെന്നാണ് അനുവും കുടുംബവും കരുതുന്നത്. കോഴിക്കോട്ടെ അപകട വാഹനം മാസങ്ങള്‍ക്കു ശേഷം കണ്ടെത്തിയോടെ തങ്ങളെട ഇടിച്ച വാഹനവും കണ്ടെത്താനാകുമെന്ന പ്രതീക്ഷ അനു പങ്കുവെച്ചിരുന്നു. 

അന്വേഷണത്തിൽ പുരോഗതിയില്ലാത്തതിനാൽ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ അനു അപേക്ഷ നൽകിയിരുന്നു. പിന്നീട് ചാലക്കുടി ഡിവൈഎസ്‍പി വിളിച്ച് അന്വേഷണം നടത്തിയിരുന്നു.  ഇപ്പോഴും അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. ഇടിച്ച വാഹനത്തിന്‍റെ ഡ്രൈവര്‍ അന്ന് അവിടെ നിര്‍ത്തി ആശുപത്രിയിലെത്തിക്കാൻ പോലും തയ്യാറായില്ല. മനുഷ്യത്വ രഹിതമായ കാര്യമാണ് ചെയ്തത്. ഒന്ന് ബ്രേക്ക് ചവിട്ടിയിരുന്നെങ്കില്‍ ഞങ്ങളുടെ കുടുംബം താറുമാറാകില്ലായിരുന്നുവെന്നും അനു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

'ജീവിതം തകർത്ത അജ്ഞാത വാഹനം കണ്ടെത്തണം'; 7 മാസമായി ചലനമറ്റ് അനൂജ, ഇന്നും ഞെട്ടൽ മാറാതെ മകൻ, ജീവിതം വഴിമുട്ടി

 

Latest Videos
Follow Us:
Download App:
  • android
  • ios