റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവേ ഓടയിലേക്ക് തല കീഴായി വീണു; നെയ്യാറ്റിൻകരയിൽ സ്ത്രീക്ക് തലയ്ക്ക് ഗുരുതര പരുക്ക്
ഓടയിൽ തലകീഴായി വീണ് സ്ത്രീക്ക് തലക്ക് ഗുരുതരമായി പരുക്ക്
തിരുവനന്തപുരം: നെയ്യാറ്റിൻകര കുന്നത്തുകാലിൽ ഓടയിലേക്ക് തെറിച്ച് വീണ് സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റു. നെയ്യാറ്റിൻകര പുല്ലന്തേരി സ്വദേശി ലീലയ്ക്കാണ് പരുക്കേറ്റത്. തലകീഴായി ഓടയിൽ വീണ ലീലയെ തലക്ക് ഗുരുതരമായി പരുക്കേറ്റ നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലെന്നാണ് വിവരം.
ഇന്ന് പകൽ 11 മണിയോടെയാണ് അപകടം സംഭവിച്ചത്. കുന്നത്തുകാലിൽ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്നു ലീല. ഇവിടെ ഓട നിർമ്മാണത്തിനായി റോഡിൽ കല്ലിട്ടിട്ടുണ്ടായിരുന്നു. നടക്കുന്നതിനിടെ ഈ കല്ലിൽ കാൽ തട്ടി തലകീഴായി ഓടയിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരടക്കം ചേർന്നാണ് ലീലയെ കുഴിയിൽ നിന്ന് പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അപകടം നടന്ന അമരവിള കാരക്കോണം റോഡിൻ്റെ നിർമ്മാണം അശാസ്ത്രീയമാണെന്ന് ആരോപണം നിലവിലുണ്ട്. ഇതിനിടെയാണ് സ്ത്രീക്ക് ഓടയിൽ വീണ് പരുക്കേറ്റത്.