സ്വപ്നയുടെ മൊഴിയിൽ പ്രയോജനം ആർക്ക്? അന്വേഷണം മുഖ്യമന്ത്രിയിലെത്തുമോ?

കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെന്‍റ് ഡിറക്ട്രേറ്റ് കൊച്ചിയിൽ ചോദ്യം ചെയ്യുകയാണ്. 

Will the probe reach the Chief Minister Pinarayi vijayan in Swapna Sureshs Revelation Joshy kurian Analysis

കൊച്ചി: കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെന്‍റ് ഡിറക്ട്രേറ്റ് കൊച്ചിയിൽ ചോദ്യം ചെയ്യുകയാണ്. സ്വപ്ന സുരേഷ് സ്വന്തം ഇഷ്ടപ്രകാരം കോടതിയിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ തുടർ നടപടി. നടപടികൾ ഉടനെയെങ്ങും തീരില്ലെന്ന് തിരിച്ചറിഞ്ഞാണ്  ജോലിവാവശ്യത്തിനായി പാലക്കാട് താമസിച്ചിരുന്ന സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം കൊച്ചിയിലേക്ക് താമസം  മാറിയത്.

സ്വപ്ന സുരേഷിനെ മുമ്പൂം എൻഫോഴ്സ്മെന്‍റ് അടക്കമുളള കേന്ദ്ര ഏജൻസികൾ പലവട്ടം ചോദ്യം ചെയ്തതാണ്. അന്നൊന്നും പറയാത്തത് പുതുതായി എന്താണ് ഈ രഹസ്യമൊഴിയിലുളളത് എന്നാണ് ഉയർന്ന ചോദ്യം. സംസ്ഥാന മുഖ്യമന്ത്രിയെ കുറിച്ചാണെന്നും മകൾ വീണാ വിജയൻ ഉൾപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണെന്നും സ്വപ്ന തന്നെ പലവട്ടം പറ‌ഞ്ഞു കഴിഞ്ഞു. പുറത്തുപറയാത്തതെന്താണ് രഹസ്യമൊഴിയുളളത് എന്നറിയാനാണ് സംസ്ഥാന സർക്കാർ പലവഴിക്ക് പലവട്ടം ശ്രമിച്ചത്. തന്നെക്കുറിച്ച് പരാമ‍ർശം ഉണ്ടെന്ന പേരിൽ മൊഴിയുടെ പകർപ്പാവശ്യപ്പെട്ട് സോളാർ കേസ് പ്രതി സരിതാ നായർ  ഹൈക്കോടതിയെ സമീപിച്ചതിനെ ഇതുമായി കൂട്ടിവായിക്കണം.

സ്വപ്നയുടെ മൊഴിയെടുപ്പ് അനന്തമായി നീളുന്നതിന് കാരണമെന്താണ്?  മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ രാഷ്ടീയ കോലാഹലങ്ങളെ പരമവാധി നാൾ കത്തിച്ചു നിർത്താനാണ്  കേന്ദ്ര സർക്കാർ നീക്കം. അതുണ്ടാക്കുന്ന രാഷ്ട്രീയ കോലാഹലങ്ങൾ അങ്ങ് ദില്ലിയിൽ നന്നായി രസിക്കുന്നുമുണ്ട്. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിന്  ഗൂഡാലോചനക്കുറ്റം ചുമത്തി സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പി സി ജോ‍ർജും ക്രൈം നന്ദകുമാറുമൊക്കെ ഈ അന്വേഷണത്തിന്‍റെ പരിധിയിൽ വന്നുകഴിഞ്ഞു. ആരോപണം ഉന്നയിച്ച സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് പലവട്ടം നോട്ടീസും നൽകി. 

Read more: സ്വപ്‍ന സുരേഷിന്‍റെ മൊഴി; ഷാജ് കിരണിന് ഇഡി നോട്ടീസ്

എന്നാൽ അപ്പോഴൊക്കെ എൻഫോഴ്സ്മെന്‍റിന്‍റെ മൊഴിയെടുക്കലുണ്ട് എന്ന് പറഞ്ഞാണ് സ്വപ്ന ഒഴിഞ്ഞുമാറി. ഇടയ്ക്ക് ആരോഗ്യ പ്രശ്നങ്ങളും പറഞ്ഞു. ഇപ്പോഴത്തെ നിലയിൽ സ്വപ്നയെ ചോദ്യം ചെയ്ത് മുഖ്യമന്ത്രിക്കെതിരായ ഗൂഡാലോചനയ്ക്ക് അറസ്റ്റ് ചെയ്യാനാണ്  ക്രൈംബ്രാഞ്ച് നീക്കം. രാഷ്ടീയമായി പറഞ്ഞുനിൽക്കാൻ സംസ്ഥാന സർക്കാരിനും ഇത് ആവശ്യവുമാണ്. ഇതറിഞ്ഞുകൊണ്ടുതന്നെയാണ് ക്രൈംബ്രാഞ്ചിന്‍റെ വലയിൽ പോയി ചാടുന്നത് പരമാവധി ഒഴിവാക്കാൻ സ്വപ്ന ശ്രമിക്കുന്നതും. മാത്രവുമല്ല ഈ കേസുതന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയേയും സമീപിച്ചിട്ടുണ്ട്.

സ്വപ്നയുടെ രഹസ്യമൊഴിയുടെയും പുതിയ വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസികൾക്ക് ഇനി  എത്രകണ്ട് മുന്നോട്ടുപോകാനാകും എന്നതാണ് ഉയരുന്ന ചോദ്യം.  സ്വോഭാവികമായും കളളപ്പണ ഇടപാടുകളെപ്പറ്റിയാണ് എൻഫോഴ്സ്മെന്‍റ് അന്വേഷിക്കുന്നത്. അന്വേഷണ മുന ചെന്നു നിൽക്കുന്നത് മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെതന്നെ. സ്വപ്നയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയ്ക്കെതിരെ നീങ്ങാനാകില്ലെന്നാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ. മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരെ ഏതാണ്ട് സമാനമായ മൊഴി സ്വപ്ന സുരേഷ്  കഴിഞ്ഞ വർഷം  കസ്റ്റംസിന് നൽകിയിട്ടുണ്ട്. എന്നാൽ സ്വപ്ന ആരോപിക്കുന്ന വഴിവിട്ട ഇടപാടുകളിൽ യുഎഇ  കോൺസൽ ജനറൽ അടക്കം പങ്കാളിയാണ്. 

Read more:  സ്വർണകടത്ത് ഗൂഡാലോചന കേസ്: സ്വപ്ന സുരേഷിന് പ്രത്യേക സംഘം നോട്ടീസ് നൽകി

ഇദ്ദേഹത്തെ രാജ്യത്തെ  നിയമങ്ങളിലേക്ക് കൊണ്ടുവരാൻ  നിലവിലെ സാഹചര്യത്തിൽ കഴിയില്ല. നയതന്ത്ര പരിരക്ഷയുണ്ട് എന്നത് മാത്രമല്ല ഇതിന്‍റെ പേരിൽ യു എ ഇ രാജകുടുംബത്തെ പിണക്കാൻ കേന്ദ്ര സർക്കാരിന് താൽപര്യവുമില്ല. അതുകൊണ്ടുതന്നെ കെ ടി ജലീലിനെതിരെ അടക്കം സ്വപ്ന ഉന്നയിച്ച ആരോപണങ്ങളെ നിയമപരമായി സ്ഥാപിക്കാൻ കഴിയില്ല എന്നായിരുന്നു കസ്റ്റംസിനടക്കം ലഭിച്ച നിയമോപദേശം. ഈ പശ്ചാത്തലിത്താണ് ഡോളർ കേസിലടക്കം കസ്റ്റംസ് പാതി വഴിക്ക് പിൻവലിഞ്ഞത്

എങ്കിലും സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്‍റിന് നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ചില  അന്വേഷണങ്ങൾ നടത്താൻ നിലവിൽ സാധ്യതകൾ തുറന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്‍റെ ഉടമസ്ഥതയിലുളള എക്സാലോജിക്കിന്‍റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുകയാണ് ഇതിലൊന്ന്.  ഇതുമായി ബന്ധപ്പെട്ട് ചില രേഖകൾ നേരത്തെ തന്നെ ആദായനികുതി വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇതുമായി കൂട്ടിയിണക്കി അന്വേഷണം തുടരാം. ബിലീവേഴ്സ് ചർച്ച് അടക്കം മുഖ്യമന്ത്രിയുമായി അടുപ്പമുണ്ടെന്ന് ആരോപണമുയർന്ന സ്ഥാപനങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാം.  ഇതിന്‍റെ ചുവടുപിടിച്ച്  വീണാ വിജയനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാം. ഇതുണ്ടാക്കുന്ന രാഷ്ട്രീയ കോലാഹലം മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കുമെന്ന് കേന്ദ്ര സർക്കാരും കണക്കുകൂട്ടുന്നു. ഇതുവഴി പറ്റുമെങ്കിൽ മുഖ്യമന്ത്രിയിലേക്കും എത്താം.

മുഖ്യമന്ത്രിയുടെ ദൂതനെന്ന പേരിൽ സ്വപ്ന സുരേഷിന് മുന്നിൽ അവതരിച്ച ഷാജ് കിരണിന്‍റെ മൊഴിയെടുക്കുന്നതിന് പിന്നിലും ഇ ‍ഡിയുടെ ഉദ്ദേശം മറ്റൊന്നല്ല. ബിലീവേഴ്സ് ചർച്ചുമായി തനിക്കുളള ബന്ധത്തെപ്പറ്റി ഷാജ് കിരൺ സ്വപ്നയോട് പറഞ്ഞിരുന്നു. ഇക്കാര്യം സ്വപ്ന എൻഫോഴ്സ്മെന്‍റിനോട് പറഞ്ഞിട്ടുണ്ട്.   അതു കൂടി മനസിൽ വെച്ചാണ് ഷാജ് കിരണിനെ വിളിപ്പിച്ചിരിക്കുന്നത്.

Read more: സ്വർണക്കടത്തിലെ ചോദ്യത്തിനുള്ള ഉത്തരം; കാണാം കവർ സ്റ്റോറി

എന്തായാലും സ്വപ്ന സുരേഷ് തൊടുത്തുവിട്ട ആരോപണങ്ങളുടെ ഭൂതം ഉടനെയെങ്ങും കുപ്പിയിൽ കയറുമെന്ന് തോന്നുന്നില്ല. സ്വർണക്കളളക്കടത്തിലെ കളളപ്പണ ഇടപാടിലടക്കം ഇഡി കുറ്റപത്രം സമർപ്പിച്ചതാണ്. ഡോളർ കേസിൽ കസ്റ്റംസിന്‍റെ അന്തിമ റിപ്പോർട് മാത്രമാണ് ഇനി ശേഷിക്കുന്നത്. അതുകൊണ്ടുതന്നെ ആരോപണമുനയിലുളള മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ശക്തമായ തെളിവുകളോടെ വന്നെ പറ്റൂ. അല്ലെങ്കിൽ പതിയെപ്പതിയെ കത്തിക്കെട്ടടങ്ങുന്ന വിവാദങ്ങളും ആരോപണങ്ങളുമായി ഇതും മാറും. 

Latest Videos
Follow Us:
Download App:
  • android
  • ios