പരിസ്ഥിതി സംരക്ഷിച്ചുള്ള ചരക്കുനീക്കം, ടൂറിസം സാദ്ധ്യത, ദേശീയ ജലപാത 2025 ലെങ്കിലും യാഥാര്‍ത്ഥ്യമാകുമോ?
അനധികൃതമായി താമസിക്കുന്നവരുടെ പുനരധിവാസം, പാലങ്ങളുടെ പുനർനിർമാണം, കനാലിന്റെ ആഴം കൂട്ടൽ, ബോട്ട് ജെട്ടി നിർമാണം എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കണം
തിരുവനന്തപുരം:രാജഭരണകാലത്തുതന്നെ കോവളം മുതല്‍ ഷൊര്‍ണൂര്‍ വരെ നീളുന്ന പാർവതി പുത്തനാർ ജലപാത നിലവിലുണ്ടായിരുന്നു.സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതികളിലൊന്നാണ് കോവളം ബേക്കല്‍ ജലപാതകിഫ്ബിയിൽ നിന്ന് 6000 കോടി രൂപ ചെലവഴിച്ചുള്ള ബൃഹദ് പദ്ധതിയാണ് ദേശിയജലപാത 3.ഇതിനായി 2451.24 കോടി രൂപ ഇതിനകം തന്നെ കിഫ്ബി അനുവദിച്ചു കഴിഞ്ഞു.മൂന്നു ഘട്ടങ്ങളിലായി 616 കിലോമീറ്റർ ദൂരത്തിലാണു ജലപാത പൂർത്തിയാകുന്നത്. ഇതിൽ 238 കിലോമീറ്റർ അടുത്ത സാമ്പത്തിക വർഷം (2023-24) പൂർത്തിയാക്കാനാകും. 2024– 25 ൽ 80 കിലോമീറ്ററും 2025-26 ൽ 61 കിലോമീറ്ററും പൂർത്തീകരിക്കും. നീളത്തിന്‍റെ അടിസ്ഥാനത്തിൽ ഏഷ്യയിൽ രണ്ടാം സ്ഥാനമുള്ള ഈ ജലപാത 2025ൽ പൂർണമായി തുറന്നുകൊടുക്കാനുള്ള പരിശ്രമത്തിലാണു സർക്കാർ. കൊച്ചി രാജ്യാന്തര വിമാനത്താവളവും (സിയാൽ) കേരള സർക്കാരും ചേർന്നുള്ള സംയുക്ത സംരംഭമായ കേരള വാട്ടർ വേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് (ക്വിൽ) വഴിയാണു പദ്ധതി നടപ്പാക്കുന്നത്.
കുറഞ്ഞതു 35 മീറ്റർ വീതിയിലാകും പാതയുടെ അലൈൻമെന്റ്. ശരാശരി 20 മീറ്റർ വീതിയുണ്ട് ജലപാതയ്ക്ക്. ബാക്കിയുള്ള സ്ഥലത്ത് കഴിയാവുന്നിടത്തെല്ലാം റോഡ് അല്ലെങ്കിൽ സൈക്കിൾ ട്രാക്ക് നിർമിക്കും. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളെക്കൂടി വെസ്റ്റ് കോസ്റ്റ് കനാൽ ബന്ധിപ്പിക്കുന്നുണ്ട്. ഇവയ്ക്കു സമീപത്തെ ജലാശയങ്ങളും കനാലിന്റെ ഭാഗമാക്കും. അനധികൃതമായി താമസിക്കുന്നവരുടെ പുനരധിവാസം, പാലങ്ങളുടെ പുനർനിർമാണം, കനാലിന്റെ ആഴം കൂട്ടൽ, ബോട്ട് ജെട്ടി നിർമാണം എന്നിവയ്ക്കാണ് ഊന്നൽ.
ദേശീയ ജലപാത 3ൻ്റെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ വേളി മുതൽ പള്ളിത്തുറ വരെയുള്ള ഭാഗത്തെ നവീകരണ പ്രവൃത്തികൾ ആരംഭിച്ചു.വേളി മുതൽ പള്ളിത്തുറ വരെ 4 കിലോമീറ്ററോളം ഭാഗത്തെ നവീകരണ നിർമ്മാണ പ്രവർത്തികളാണ് ആരംഭിച്ചത്.ഇൻലാൻഡ് നാവിഗേഷൻ വകുപ്പ് നിശ്ചയിച്ച പ്രകാരം 35 മീറ്റർ വീതിയിലാണ് ജലപാതയുടെ നിർമ്മാണം. 25 മീറ്റർ വീതിയിൽ പാർവതി പുത്തനാറിന്‍റെ ആഴം കൂട്ടി നവീകരിക്കുകയും ചെയ്യുന്ന പ്രവൃത്തിയാണ് നടപ്പിലാക്കുന്നത്. 5 മീറ്റർ വീതിയിൽ ഇരുഭാഗത്തും റോഡുകളും പദ്ധതിയിലുണ്ട്.