ശാപവചനം ഉരുവിട്ടവര്‍ക്ക് വികസനം കൊണ്ട് മറുപടി; സില്‍വര്‍ ലൈനില്‍ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി
എതിര്‍പ്പിന് വേണ്ടി എതിര്‍പ്പ് ഉയര്‍ത്തുന്ന നിക്ഷിപ്ത താല്‍പ്പര്യകാര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ വഴങ്ങില്ല.സമയലാഭത്തിന് പുറമെ കൂടുതല്‍ സ്ഥാപനങ്ങള്‍ വരാനും പദ്ധതി വഴിവയ്ക്കുമെന്നും കക്ഷിരാഷ്ട്രീയ ഭേദമന്യേ ഏല്ലാവരും പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി
സില്‍വര്‍ ലൈനുമായി (Silver Line) മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan). നാടിനെ കൂടുതല്‍ അഭിവൃദ്ധിയിലേക്ക് നയിക്കാന്‍ സില്‍വര്‍ ലൈന്‍ പദ്ധതി ആവശ്യമാണ്. എതിര്‍പ്പിന് വേണ്ടി എതിര്‍പ്പ് ഉയര്‍ത്തുന്ന നിക്ഷിപ്ത താല്‍പ്പര്യകാര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സമയലാഭത്തിന് പുറമെ കൂടുതല്‍ സ്ഥാപനങ്ങള്‍ വരാനും പദ്ധതി വഴിവയ്ക്കുമെന്നും കക്ഷിരാഷ്ട്രീയ ഭേദമന്യേ ഏല്ലാവരും പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി. കേരളത്തില്‍ ഒന്നും നടക്കില്ലെന്ന് ചിലര്‍ ശാപവാക്കുകള്‍ ഉരുവിട്ടുവെന്നും എന്നാല്‍ വികസനം കൊണ്ട് സര്‍ക്കാര് മറുപടി നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെലങ്കാന മലയാള അസോസിയേഷന്‍റെ ചടങ്ങില്‍ സംസാരിക്കുകയാണ് മുഖ്യമന്ത്രി. മൂന്ന് ദിവസത്തെ സിപിഎം കേന്ദ്രകമ്മിറ്റിക്ക് ഹൈദരാബാദിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണന്‍, മണിക് സര്‍ക്കാര്‍ തുടങ്ങി മുതിര്‍ന്ന സിപിഎം നേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പ്രാദേശിക പാര്‍ട്ടികളുമായുള്ള മൂന്നാം മുന്നണി സാധ്യത യോഗത്തില്‍ ചര്‍ച്ചയായി. ചന്ദ്രശേഖര്‍ റാവുവിന്‍റെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനില്‍ മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്കൊപ്പമാണ് മുഖ്യമന്ത്രി പിണറായി ഉച്ചവിരുന്നിന് എത്തിയത്. സൗഹൃദ സന്ദര്‍ശനമെന്നാണ് പറഞ്ഞതെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ചയായി.
കോണ്‍ഗ്രസ് ഇല്ലാത്ത മൂന്നാം മുന്നണി ചര്‍ച്ച സജീവമായതിനിടെയായിരുന്നു കൂടിക്കാഴ്ച. പ്രാദേശിക പാര്‍ട്ടികളെ അണിനിരത്തിയുള്ള മൂന്നാം മുന്നണി നീക്കം ചന്ദ്രശേഖര്‍ റാവു തന്നെ യോഗത്തില്‍ മുന്നോട്ട് വച്ചു. ബിജെപി വിരുദ്ധ പോരാട്ടത്തിന് സഖ്യം അനിവാര്യമെന്ന് മുതിര്‍ന്ന സിപിഎം നേതാക്കളും അഭിപ്രായപ്പെട്ടു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോടിയേരി , മണിക് സര്‍ക്കാര്‍, എസ്ആര്‍പിയും സഖ്യസാധ്യതയെ അനുകൂലിച്ചു. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യം അനുസരിച്ച് പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമാകാം എന്ന് സിപിഎം പിബി വിലയിരുത്തിയിരുന്നു. നേരത്തെ ഫെഡറല്‍ മുന്നണി നീക്കവുമായി മുന്നിട്ടിറങ്ങിയ നേതാവാണ് കെ ചന്ദ്രശേഖര്‍ റാവു. പിണറായിക്ക് പുറമേ എം കെ സ്റ്റാലിന്‍ കുമരസ്വാമി മമതാ ബാനര്‍ജി തുടങ്ങിയവരുമായി നേരത്തെ കെസിആര്‍ ചര്‍ച്ച നടത്തിയിരുന്നു.