'കിരണിന് പരോൾ അനുവദിച്ചതിനെതിരെ മുഖ്യമന്ത്രിയെ സമീപിക്കും': വിസ്മയയുടെ കുടുംബം
ജയിലിന് ഉള്ളിൽ നിന്ന് പ്രതിയ്ക്ക് സഹായം കിട്ടിയെന്ന സംശയമുണ്ടെന്ന് വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ
കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരണിന് പരോൾ അനുവദിച്ചതിനെതിരെ മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് വിസ്മയയുടെ കുടുംബം. മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകുമെന്ന് വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരോൾ അനുവദിച്ച നടപടി പൊലീസ് റിപ്പോർട്ടിന് വിപരീതമാണ്. ജയിലിന് ഉള്ളിൽ നിന്ന് പ്രതിയ്ക്ക് സഹായം കിട്ടിയെന്നാണ് സംശയിക്കുന്നത്. സമഗ്രമായ അന്വേഷണം വേണം. നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അച്ഛൻ പറഞ്ഞു.
കിരണിന് 30 ദിവസത്തെ പരോള്‍ ആണ് അനുവദിച്ചത്. പൊലീസ് റിപ്പോർട്ട് എതിരായിട്ടും ജയിൽ മേധാവിയാണ് പരോള്‍ അനുവദിച്ചത്. 10 വർഷത്തെ തടവാണ് കിരണിന് വിധിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന കിരണ്‍ പരോളിന് ആദ്യം അപേക്ഷ നൽകിയെങ്കിലും പെബ്രേഷൻ റിപ്പോർട്ടും പൊലീസ് റിപ്പോർട്ടും എതിരായതിനാൽ ജയിൽ സൂപ്രണ്ട് അപേക്ഷ തള്ളി.
വീണ്ടും അപേക്ഷ നൽകിയപ്പോള്‍ പൊലീസ് റിപ്പോർട്ട് എതിരായിരുന്നു. പ്രൊബേഷൻ റിപ്പോർട്ട് അനുകൂലമായി വന്നു. സൂപ്രണ്ട് അപേക്ഷ ജയിൽ മേധാവിയുടെ പരിഗണനക്ക് വിട്ടു. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ 30 ദിവസത്തെ പരോള്‍ അനുവദിക്കുകയും ചെയ്തു. കടുത്ത നിബന്ധനകളോടെയാണ് പരോള്‍ അനുവദിച്ചതെന്നാണ് ജയിൽ ആസ്ഥാനത്തിന്‍റെ വിശദീകരണം.
ഭർതൃപീഡനത്തെ തുടർന്നാണ് 2021 ജൂണില്‍ വിസ്മയ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. ഭർത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതൽ ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും കിരൺ കുമാറിനെ പ്രതിയാക്കുകയും ചെയ്തു. 100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും നൽകിയാണ് വിസ്മയയെ കിരൺ കുമാറിന് വിവാഹം ചെയ്ത് നൽകിയത്. എന്നാൽ വിവാഹം കഴിഞ്ഞതോടെ കൂടുതൽ സ്ത്രീധനതുക ആവശ്യപ്പെട്ട് കിരൺ, വിസ്മയയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു.
വിസ്മയ കേസ് പ്രതി കിരൺ കുമാറിന് 30 ദിവസത്തെ പരോൾ അനുവദിച്ച് ജയിൽ ഡിജിപി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം