അപകടത്തില്‍ പരിക്കേറ്റ് മെഡിക്കൽ കോളേജിൽ കോമയിൽ കഴിയുന്ന 9 വയസുകാരിക്ക് നല്ല ചികിത്സ ഉറപ്പാക്കും: മന്ത്രി
കുട്ടിയുടെ ചികിത്സക്ക് അധിക സാമ്പത്തിക ബാധ്യത വരുന്നുണ്ടോ എന്ന് പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും വീണ ജോര്‍ജ് പ്രതികരിച്ചു.
കോഴിക്കോട് : വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ആറ് മാസത്തോളമായി കോമയില്‍ കഴിയുന്ന ഒമ്പതുവയസുകാരിക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. കുട്ടിയുടെ ചികിത്സക്ക് അധിക സാമ്പത്തിക ബാധ്യത വരുന്നുണ്ടോ എന്ന് പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും വീണ ജോര്‍ജ് പ്രതികരിച്ചു.
ഗുരുതര പരുക്കേറ്റ ഒമ്പതുവയസുകാരി ദൃഷാനയുടെയും കുട്ടിയുടെ ചികിത്സയുടെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ സ്ഥിരതാമസമാക്കേണ്ടി വന്ന പാവപ്പെട്ട കുടുംബത്തിന്റെ ദുരിതത്തെക്കുറിച്ചുമുള്ള വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഹൈക്കോടതി വിഷയത്തില്‍ ഇടപെടുകയും കുട്ടിയെ ഇടിച്ചു തെറിപ്പിച്ച വാഹനം കണ്ടെത്താന്‍ പൊലീസ് പ്രത്യക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 17 നാണ് വടകര ചോറോട് വെച്ച് ദൃഷാനയെയും മുത്തശ്ശിയെയും കാര്‍ ഇടിച്ചു തെറിപ്പിച്ചത്.
നഷ്ടപരിഹാരം, കുടുംബത്തിന് ഒരുക്കിക്കൊടുക്കേണ്ട മറ്റ് സഹായങ്ങള്‍ മെഡിക്കല്‍ കോളേജില്‍ കൂട്ടിരിക്കുന്ന ദൃഷാനയുടെ സഹോദരിയുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി ഏകദേശ ധാരണയുണ്ടാക്കിയിട്ടുണ്ട്. കുട്ടിയെ ഇടിച്ചിട്ട് പോയ വാഹനം കണ്ടെത്താന്‍ പൊലീസ് പൊതുജനങ്ങളുടെ സഹായം കൂടി തേടി. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെയാണ് കാര്‍ കണ്ടെത്താന്‍ വടകര റൂറല്‍ എസ് പി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
കാറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അന്വേഷ ഉദ്യോഗസ്ഥന്റെ 9497980796, 8086530022 എന്ന നമ്പറിലേക്ക് വിവരം അറിയിക്കണം. മുത്തശ്ശിയെയും കുട്ടിയെയും ഇടിച്ച് തെറിപ്പിച്ച വാഹനം അറ്റകുറ്റപണിക്കായി വര്‍ക്ക് ഷോപ്പിലും സ്പെയര്‍ പാര്‍ട്സ് കടയിലോ എത്തിയിട്ടുണ്ടെങ്കില്‍ വടകര പൊലീസിനെ അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. ഫെബ്രുവരി 17 ന് ദേശീയ പാതയില്‍ ചോറോട് വെച്ച് രാത്രി പത്തു മണിയോടെയാണ് ദൃഷാനയെയും മുത്തശ്ശി ബേബിയെയും വെളുത്ത നിറത്തിലുള്ള കാര്‍ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയത്. അപകടത്തില്‍ ബേബി മരിച്ചിരുന്നു.