എസ്.ഐയായ ഭ‍ർത്താവിനെതിരെ ഭാര്യയുടെ പരാതി; ഭ‍ർത്താവിന്റെ സുഹൃത്തായ വനിതാ എസ്.ഐ വീട്ടിൽ കയറി തല്ലിയെന്ന് ആരോപണം

താൻ താമസിക്കുന്ന വീട്ടിൽ കയറി ഭർത്താവിനും മാതാപിതാക്കൾക്കും മുന്നിൽ വെച്ചാണ് വനിതാ എസ്.ഐ തന്നെ മർദിച്ചതെന്ന് യുവതി ആരോപിക്കുന്നു.

Wife of a police sub inspector files complaint against her husband and his friend who is a woman SI

കൊല്ലം: കൊല്ലത്ത് വനിതാ എസ്.ഐ മർദ്ദിച്ചെന്ന പരാതിയുമായി എസ്ഐയുടെ ഭാര്യ. യുവതിയുടെ പരാതിയിൽ വനിതാ സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐക്കെതിരെ പരവൂർ പൊലീസ് കേസെടുത്തു. യുവതിയുടെ ഭർത്താവായ എസ്ഐക്കെതിരെയും ഭർതൃ വീട്ടുകാർക്കെതിരെയും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയും കേസെടുത്തു.

പരാതിക്കാരിയുടെ ഭർത്താവായ വർക്കല എസ്.ഐ അഭിഷേകിനും, സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ആശയ്ക്കും എതിരെയാണ് പരവൂർ സ്വദേശിയായ യുവതിയുടെ പരാതി. ഭർത്താവുമായി താമസിച്ചിരുന്ന വീട്ടിൽ വെച്ച് വനിതാ എസ്.ഐ മർദ്ദിച്ചെന്നാണ് യുവതി പറയുന്നത്. വനിതാ എസ്.ഐ വീട്ടിൽ വരുന്നതിനെ എതിർത്തായിരുന്നു പ്രകോപനത്തിന് കാരണമെന്നും പരാതിക്കാരി പറഞ്ഞു.

തന്റെ വീട്ടിൽ കയറി മ‍ർദിച്ചിട്ടും അവിടെയുണ്ടായിരുന്ന അച്ഛനും അമ്മയും ഭർത്താവും അത് നോക്കി നിന്നുവെന്നും യുവതി ആരോപിച്ചു.  യുവതിയുടെ പരാതിയിൽ വനിതാ എസ്ഐക്കെതിരെ പരവൂർ പൊലീസ് കേസെടുത്തു. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും ഭർതൃവീട്ടുകാരും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും യുവതി പറയുന്നു. ഇവർക്കെതിരെയും കേസെടുത്തു.

തന്നെ എന്തെങ്കിലും ചെയ്യുമെന്നും അച്ഛനെയും അനിയത്തിയെയും കള്ളക്കേസിൽ കുടുക്കി തന്റെ ജീവിതം നശിപ്പിക്കുമെന്നും ബോധ്യപ്പെട്ടതു കൊണ്ടാണ് പൊലീസിൽ പരാതി കൊടുത്തതെന്ന് യുവതി പറഞ്ഞു. "100 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും കാറും കൊടുത്തു. ഇപ്പോഴത്തെ വീടും തന്റെ അച്ഛൻ വാങ്ങി കൊടുത്തതാണ്. എന്നാൽ ഇപ്പോൾ പറയുന്നത് തന്നേക്കാൾ നല്ല പെണ്ണിനെ കിട്ടുമായിരുന്നെന്നാണ്. ജോലിയുള്ള പെണ്ണിനെ വലിയ വീട്ടിൽ നിന്ന് എസ്.ഐ ആയ മകന് കിട്ടുമെന്ന് പറ‌ഞ്ഞ് മാതാപിതാക്കളും ഭർത്താവുംഉപദ്രവിക്കുകയാണെന്നും" യുവതി പറയുന്നു.  

ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവതി പരാതി നൽകിയിട്ടുണ്ട്. അതേസമയം പരാതിയിൽ കഴമ്പില്ലെന്നും വ്യക്തിഹത്യ നടത്തുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും യുവതിയുടെ ഭർത്താവും വനിതാ എസ്ഐയും പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios