'ഇതേത് സ്ഥാനാർത്ഥിയാ? ഞാൻ വിചാരിച്ചു ബിജെപി സ്ഥാനാർത്ഥി പറഞ്ഞതാണെന്ന്': സരിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

സന്ദീപ് വാര്യർ സിപിഎമ്മിൽ പോകുന്നുവെന്ന വാർത്ത ബിജെപിയെ സഹായിക്കാനുള്ള നീക്കമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

which candidate said I thought it was said by the BJP candidate Rahul Mamkootathil mocks Sarin

പാലക്കാട്‌: കൊടകര കുഴൽപ്പണ കേസ് പാലക്കാട്‌ ചർച്ചയാകില്ലെന്ന ഇടത് മുന്നണി സ്ഥാനാർത്ഥി സരിന്‍റെ പരാമർശം ബിജെപിയെ സഹായിക്കാനെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. കൊടകര ചർച്ചയായാൽ അത് ബാധിക്കുക ബിജെപിയെ ആണ്. ഈ കാര്യം മനസിലാക്കിയാണ് സരിൻ കൊടകര ചർച്ചയാകില്ലെന്നു പറയുന്നത്. സി കൃഷ്ണകുമാർ കൊടകര ചർച്ചയാകില്ലെന്നു പറഞ്ഞാൽ അതിൽ യുക്തിയുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. 

"ഇതേത് മുന്നണിയുടെ സ്ഥാനാർത്ഥിയാ? ഞാൻ വിചാരിച്ചു ബിജെപി സ്ഥാനാർത്ഥി പറഞ്ഞതാണെന്ന്. ഇവരൊക്കെയാണോ പാലക്കാട് എന്തെല്ലാം ചർച്ച ചെയ്യുമെന്ന് തീരുമാനിക്കുന്നത്? ഇവരിട്ട് കൊടുക്കുന്ന ഒന്ന് രണ്ട് വിവാദങ്ങൾ മാത്രമേ ചർച്ചയാവൂ എന്നാണ് ഇവരുടെ വിചാരം. ഇവിടെ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന സിപിഎം - ബിജെപി അവിശുദ്ധ ബന്ധം ചർച്ചയാവും. കൊടകര കുഴൽപ്പണ കേസിന്‍റെ ആദ്യ അന്വേഷണത്തിന് എന്തു സംഭവിച്ചു? കൊടകരയും ചർച്ചയാവും സിപിഎം - ബിജെപി ഒത്തുതീർപ്പും ചർച്ചയാവും"- രാഹുൽ  മാങ്കൂട്ടത്തിൽ പറഞ്ഞു.  

സന്ദീപ് വാര്യർ സിപിഎമ്മിൽ പോകുന്നുവെന്ന വാർത്ത ബി ജെ പിയെ സഹായിക്കാനുള്ള നീക്കമാണ്. പാലക്കാട്‌ സി പി എമ്മിന് സ്വാധീനമില്ല. ചില വാർത്തകളിലൂടെ സ്പെയ്സ് കൊടുക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ആ ശ്രമത്തിന്‍‌റെ ഭാഗമായാണ് സന്ദീപ് വാര്യർ സിപിഎമ്മിലേക്ക് എന്ന വാർത്ത വരുന്നത്. ഈ വാർത്തകളുടെയെല്ലാം ഏക ലക്ഷ്യം ബി ജെ പിയെ സഹായിക്കുക എന്നതാണ്. സി പി എം കൂടി സജീവമാണെന്ന് ധരിപ്പിച്ചു മതേതര വോട്ട് ഭിന്നിപ്പിക്കാനാണ് ശ്രമമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഇടതു സ്ഥാനാർഥിക്ക് കോൺഗ്രസ്‌ നേതാക്കൾ പിന്തുണ പ്രഖ്യാപിച്ച വാർഡിൽ യു ഡി എഫ് മൂന്നക്ക ലീഡ് നേടുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ അവകാശപ്പെട്ടു. 

പാലക്കാട് മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രൻ നേതൃത്വത്തെ അറിയിച്ചിരുന്നു: കെ സുരേന്ദ്രൻ

Latest Videos
Follow Us:
Download App:
  • android
  • ios