വാഹനം ഓടിക്കുന്നതിനിടെ വാട്സാപ്പ് ചാറ്റ്;കണ്ണൂരിൽ ബസ് കസ്റ്റഡിയിലെടുത്ത് ആർടിഒ, ഡ്രൈവറോട് ഹാജരാകാൻ നിര്‍ദ്ദേശം
മൊബൈൽ ഉപയോഗിച്ച് കൊണ്ട് ബസ് ഓടിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കോഴിക്കോട് പയ്യന്നൂർ റൂട്ടിലോടുന്ന കൃതിക എന്ന ബസ് ആർടിഒ കസ്റ്റഡിയിലെടുത്തു.
കണ്ണൂര്‍: വാഹനം ഓടിക്കുന്നതിനിടെ വാട്സാപ്പ് ഉപയോഗിച്ച കണ്ണൂരിലെ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പിന്‍റെ നടപടി. കോഴിക്കോട് പയ്യന്നൂർ റൂട്ടിലോടുന്ന കൃതിക ബസ് ആർടിഒ കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവർ തലശ്ശേരി സ്വദേശി ലിജിന് തിങ്കളാഴ്ച ഹിയറിങ്ങിന് ഹാജരാകാൻ മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടർ നോട്ടീസ് നൽകി. മൊബൈൽ ഉപയോഗിച്ച് കൊണ്ട് ബസ് ഓടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. കുറ്റം തെളിഞ്ഞാൽ ഇയാളുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്ന് ആർടിഒ അറിയിച്ചു.
അതേസമയം, വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിൽ വാഹനങ്ങളുടെ നിയമ ലംഘനം കണ്ടെത്താൻ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. പത്തനംതിട്ട റാന്നിയിൽ കുട്ടികളുമായി ടൂറ് പോയ ബസ് ഉദ്യോഗസ്ഥര്‍ തടഞ്ഞിട്ടു. എറണാകുളത്തും കോഴിക്കോട്ടും തൃശ്ശൂരിലും നിയമ ലംഘനങ്ങൾക്ക് പിഴയീടാക്കി. സംസ്ഥാന വ്യാപക പരിശോധന പുരോഗമിക്കുകയാണ്.
വടക്കഞ്ചേരി അപകടത്തിന്‍റെ ഞെട്ടലിൽ നിന്ന് ഉണര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയുമായി നിരത്തിലേക്ക് ഇറങ്ങുന്നത്. നിയമ ലംഘനങ്ങൾക്കെതിരെ നടപടി എടുക്കാത്തതിൽ വ്യാപക വിമര്‍ശനമാണ് വകുപ്പിനെതിരെ ഉയര്‍ന്നത്. ഹൈക്കോടതി ഇടപെടലിന് പിന്നാലെ ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന വ്യാപക പരിശോധന നടക്കുകയാണ്.
ടൂറിസ്റ്റ് ബസ്സ് അടക്കം നിയമം ലംഘിച്ച് നിരത്തിലോടുന്ന എല്ലാ വാഹനങ്ങൾക്കും എതിരെ നടപടി . അന്തര്‍ സംസ്ഥാന സര്‍വീസ് വാഹനങ്ങൾ പ്രത്യേകം പരിശോധിക്കുന്നുണ്ട്. പത്തനംതിട്ട റാന്നിയിൽ നിന്ന് സ്കൂൾ കുട്ടികളുമായി ടൂർ പോയ ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ബസ്സിൽ നിയമവിരുദ്ധ ലൈറ്റുകളും മ്യൂസിക് സംവിധാനവും കണ്ടെത്തി.
തിരുവനന്തപുരം ജില്ലയിലെ വിവിധ ഇടങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന തുടരുകയാണ്. അമിത പ്രകാശം ഉള്ള വാഹനങ്ങളും കൂളിംഗ് ഫിലിമുകൾ ഒട്ടിച്ച വാഹനങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് പിഴയിടാക്കി. എയര്‍ ഹോണുകളും നിയമവിരുദ്ധ ലൈറ്റുകളും കണ്ടെത്തിയതിനെ തുടര്‍ന്ന് കൊച്ചിയിലും ടൂറിസ്റ്റ് ബസ്സുകൾ തടഞ്ഞു. ഈ കൂട്ടത്തിൽ മൂന്ന് തമിഴ്നാട് ബസ്സുകളുമുണ്ട്.
കൊല്ലം കൊട്ടാരക്കരയിൽ നിയമം ലംഘിച്ച ബസ്സിലെ വിനോഡയാത്ര ഉദ്യോഗസ്ഥര്‍ വിലക്കിയിരുന്നു. കോട്ടയത്തും പരിശോധനകൾ നടക്കുകയാണ്. വിനോദയാത്രക്ക് കോഴിക്കോട്ട് നടന്ന പരിശോധനയിൽ 18 കോൺട്രാക്ട് വാഹനങ്ങൾക്ക് പിഴയിട്ടു. ഫിറ്റ്നസ് റദ്ദാക്കാനും നിര്‍ദ്ദേശമുണ്ട്.