ഡീസല് ഇല്ലാതെ സര്‍വീസ് മുടക്കം, കാസര്‍കോട് കെഎസ്ആര്‍ടിസിയില്‍ സംഭവിക്കുന്നതെന്ത്?

സര്‍ക്കാറിന്‍റെ ശ്രദ്ധ, ബുദ്ധിപരമായ പ്ലാനിംഗ്, ചെറിയ ഒരു ആവേശം ഇത്രയും മതി, കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോയെ കേരളത്തിലെ ഏറ്റവും ലാഭമുള്ള ഡിപ്പോയാക്കി മാറ്റാൻ. പക്ഷേ പൂച്ചയ്ക്ക് ആര് മണികെട്ടും? 

What is happening in Kasargod KSRTC?

ഇടി വെട്ടിയവനെ പാമ്പ് കടിച്ചു. കാസര്‍കോട് കെഎസ്ആര്‍ടിസിയുടെ അവസ്ഥ ഇപ്പോഴിങ്ങനെ. ശമ്പളമില്ലായ്മയും മറ്റ് പ്രശ്നങ്ങളും അലട്ടാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഇതിനിടയില്‍ ഡീസല്‍ ക്ഷാമവും. ഡീസല്‍ ഇല്ലാതെ കാസര്‍കോട് കെ.എസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് സര്‍വീസ് മുടങ്ങല്‍ തുടര്‍ക്കഥയാണ്.

ഏറ്റവും ഒടുവില്‍ മെയ് അഞ്ചിന് മുടങ്ങിയത് പത്തിലധികം ട്രിപ്പുകള്‍. ഈ ടിപ്പുകള്‍ മുടങ്ങിയത് കൊണ്ട് മാത്രം വരുമാന നഷ്ടം 1,67,000 രൂപ. 24,700 കിലോമീറ്റര്‍ ഓടേണ്ടിയത്ത് സര്‍വീസ് നടത്തിയത് 21000 കിലോമീറ്റര്‍ മാത്രം. 12,58,880 രൂപ കളക്ഷന്‍ ലഭിക്കുകയും ചെയ്തു. കേരളത്തിലെ തന്നെ ഏറ്റവും വരുമാനമുള്ള കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ഒന്നാണ് കാസര്‍കോട്. 14 ലക്ഷം രൂപ വരെ ദിവസ വരുമാനം രേഖപ്പടുത്തിയ ഡിപ്പോ. ഡീസല്‍ കൃത്യമായി കിട്ടിയാല്‍ വരുമാനം ഇനിയും വര്‍ധിപ്പിക്കാന് സാധ്യത.

ഡീസലില്ലാത്ത വണ്ടി

ഡീസല്‍ ഇല്ല എന്ന ഒറ്റക്കാരണത്താല്‍ മാത്രം ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തുകയാണ് അധികൃതര്‍. കറന്തക്കാടുള്ള പമ്പില്‍ നിന്നാണ് ഇപ്പോള്‍ ഡീസല്‍ വാങ്ങുന്നത്. എന്നാല്‍ 30 ലക്ഷം കുടിശിക ആയതോടെ പമ്പുടമ ഡീസല്‍ വിതരണം നിര്‍ത്തി. കുടിശിക കിട്ടിയിട്ടേ ഡീസല്‍ നല്‍കൂ എന്നാണ് പമ്പുടമയുടെ തീരുമാനം.

ഇതോടെ ഡീസല്‍ സംഘടിപ്പിക്കാന്‍ നെട്ടോട്ടമോടുകയാണ് അധികൃതര്‍. ഒടുവില്‍ പൊയ്നാച്ചിയിലെ പമ്പില്‍ നിന്ന് 5000 ലിറ്റര്‍ സംഘടിപ്പിച്ചു. അതും കടമായിട്ട്. ഇവിടേയും കുടിശിക ഉയര്‍ന്നാല്‍ എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് ഇവർ. ദിവസവും 66 സര്‍വീസുകളാണ് കാസര്‍കോട് ഡിപ്പോയില്‍ നിന്നുള്ളത്. പ്രതിദിനം 6500 ലിറ്റര്‍ ഡീസല്‍ വേണം. പക്ഷേ അത് കൃത്യമായി ലഭിക്കാത്ത അവസ്ഥ. കഴിഞ്ഞ മാസം 30 ന് ഒറ്റയടിക്ക് 17,000 ലിറ്റര്‍ എത്തി, സന്തോഷം, സമാധാനം!

പിന്നെ ഡീസലേ വന്നില്ല. മെയ് അഞ്ച് ഉച്ചയോടെ പൂര്‍ണ്ണമായും ഇന്ധനം തീര്‍ന്നു. ടിപ്പുകള്‍ മുടങ്ങി. ഡീസല്‍ വന്നില്ലെങ്കില്‍ സര്‍വീസ് പൂര്‍ണ്ണമായും നിര്‍ത്തി വയ്ക്കേണ്ട അവസ്ഥ/eCd. അങ്ങനെയുള്ള നെട്ടോട്ടത്തിലാണ് പൊയ്നാച്ചിയില്‍ നിന്ന് ഇന്ധനം കടമായി സംഘടിപ്പിക്കാനായത്. കഴിഞ്ഞ ഒരു മാസത്തിനിടയില് ഡീസല്‍ ഇല്ല എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം 6000 കിലോമീറ്റര്‍ സര്‍വീസാണ് റദ്ദ് ചെയ്യേണ്ടി വന്നത്. അതായത് രണ്ടര ലക്ഷം രൂപയാണ് ഈ ഒറ്റക്കാരണം കൊണ്ട് വരുമാനത്തിലുണ്ടായ നഷ്ടം.

ഡീസല്‍ ഇല്ലാത്തത് കൊണ്ട് മാത്രം സര്‍വീസുകള്‍ മുടങ്ങാന്‍ തുടങ്ങിയതോടെ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ തന്നെ പ്രതിഷേധവുമായി എത്തി. ഇന്ധം കൃത്യമായി ലഭിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് മന്ത്രി അടക്കമുള്ളവരോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം. കാസര്‍കോട് ജില്ലയോട് മറ്റ് എല്ലാ മേഖലയിലും ഉള്ളത് പോലെയുള്ള അവഗണനയാണ് ഇതെന്നും എംഎല്‍എ ആരോപിക്കുന്നു.

കൃത്യമായി ഡീസല്‍ ലഭിക്കാന്‍ വന്‍ വരുമാനമുണ്ടാക്കി കാണിക്കാമെന്ന് ജീവനക്കാര്‍ പറയുമ്പോഴും അതിന് മുഖം കൊടുക്കുന്നില്ല സര്‍ക്കാര്‍. കൃത്യമായ ഫണ്ട് അനുവദിക്കുന്നില്ല. അനുവദിച്ചത് തന്നെ പലപ്പോഴും വെട്ടികുറയ്ക്കുന്ന അവസ്ഥയാണുള്ളത്.

കര്‍ണാടക ഡീസല്‍

കാസര്‍കോട് നിന്ന് കര്‍ണാടകയിലേക്ക് ദിവസവും 23 സര്‍വീസുകളുണ്ട് കെഎസ്ആര്‍ടിസിക്ക്. കേരളത്തേക്കാള്‍ ഡീസല്‍ ലിറ്ററിന് ഏഴ് രൂപ വരെ കുറവാണ് കര്‍ണാടകയില്‍. ഈ ബസുകള്‍ക്കെല്ലാം കര്‍ണാടകയില്‍ നിന്ന് ഡീസല്‍ അടിക്കാന്‍ സംവിധാനം ഒരുക്കിയില്‍ മാസത്തില്‍ ലാഭിക്കാനാവുന്നത് ലക്ഷങ്ങള്‍. പക്ഷേ അതിനുള്ള നടപടിയോ ആലോചനയോ ഉണ്ടാവുന്നില്ല.

ടോളിലും ലാഭിക്കാം

കേരളത്തില്‍ നിന്ന് കര്‍ണാടകയില്‍ പോയി വരാന് 220 രൂപ ഓരോ ബസും ടോള്‍ നല്‍കുന്നുണ്ട്. മാസത്തില്‍ ഒന്നിച്ച് അടക്കുന്ന സംവിധാനമുണ്ട്. കുറഞ്ഞ നിരക്ക് നല്‍കിയാല്‍ മതി. 25 റൗണ്ട് ട്രിപ്പിന് 5500 രൂപ നല്‍‍കേണ്ട സ്ഥാനത്ത് 4835 രൂപ മാത്രം. പക്ഷേ കെഎസ്ആര്‍ടിസി ഇപ്പോഴും ദിവസ ടോള്‍ നല്‍കിയാണ് ഓടുന്നത്. ഇതുവഴി മാസത്തില്‍ നഷ്ടം 15,000 ത്തില്‍ അധികം രൂപയാണ്. ഒന്നിച്ച് ടോള് അടക്കാനുള്ള ഫണ്ട് അനുവദിക്കാത്തതാണ് ഇതിന് കാരണം.

സര്‍ക്കാറിന്‍റെ ശ്രദ്ധ, ബുദ്ധിപരമായ പ്ലാനിംഗ്, ചെറിയ ഒരു ആവേശം ഇത്രയും മതി, കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോയെ കേരളത്തിലെ ഏറ്റവും ലാഭമുള്ള ഡിപ്പോയാക്കി മാറ്റാൻ. പക്ഷേ പൂച്ചയ്ക്ക് ആര് മണികെട്ടും? 

Latest Videos
Follow Us:
Download App:
  • android
  • ios