മധുകൊലക്കേസിലെ മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ടിന് എന്ത് സംഭവിച്ചു?, നിർണായക നീക്കവുമായി പ്രൊസിക്യൂഷൻ 

മധുവിന്റേത് കസ്റ്റഡി മരണമാണോ എന്നന്വേഷിച്ച മജിസ്റ്റീരിയിൽ അന്വേഷണ റിപ്പോർട്ടുകൾ കോടതി വിളിപ്പിക്കണമെന്നാണ് കേസ് വിചാരണ അവസാന ഘട്ടത്തിൽ എത്തിയപ്പോൾ പ്രൊസിക്യൂട്ടർ ആവശ്യപ്പെട്ടത്.

what happened to Magisterial inquiry report on Madhu murder case

സാക്ഷികളുടെ കൂറുമാറ്റം, കൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കൽ, പുനർവിസ്താരത്തിനിടയിൽ മൊഴി തിരുത്തൽ, കോടതിയെ തെറ്റിദ്ധരിപ്പിച്ച സാക്ഷിയുടെ കാഴ്ച പരിശോധിപ്പിക്കൽ...അങ്ങനെ അസാധാരണ സംഭവങ്ങളുടെ ഘോഷയാത്രയാണ്  മധുകൊലക്കേസ് സാക്ഷി വിസ്താരത്തിനിടയിലെ ഹൈലൈറ്റുകൾ. 122 സാക്ഷികളുള്ള കേസിൽ രണ്ടു അന്വേഷണ ഉദ്യോഗസ്ഥരെ മാത്രാണ് ഇനി വിസ്തരിക്കാനുള്ളത്. അതിനിടെയിലാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ വളരെ ​ഗൗരവതരവും നിർണായകവുമായ നീക്കം നടത്തിയത്. മധുവിന്റേത് കസ്റ്റഡി മരണമാണോ എന്നന്വേഷിച്ച മജിസ്റ്റീരിയിൽ അന്വേഷണ റിപ്പോർട്ടുകൾ കോടതി വിളിപ്പിക്കണമെന്നാണ് കേസ് വിചാരണ അവസാന ഘട്ടത്തിൽ എത്തിയപ്പോൾ പ്രൊസിക്യൂട്ടർ ആവശ്യപ്പെട്ടത്. ഇതിനെ എതിർത്ത് പ്രതിഭാ​ഗം രം​ഗത്തെത്തി. എന്തിനാണ് മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് വിളിപ്പിക്കുന്നതെന്നും അതിനെന്താണ് പ്രസക്തി എന്നും പ്രതിഭാ​ഗം ചോദിച്ചു. മധുവിന്റെ മരണത്തിന് കാരണമായ മർദ്ദനം പൊലീസ് കസ്റ്റഡിയിൽ സംഭവിച്ചതല്ലെന്ന് പോസ്റ്റ്മോർട്ടം ചെയ്ത പൊലീസ് സർജൻ ഡോ. എൻ.എ. ബലറാം കോടതിയിൽ മൊഴി നൽകിയിരുന്നു. ശാസ്ത്രീയമായ തെളിവുകൾ സഹിതമായിരുന്നു അദ്ദേഹത്തിന്റെ കോടതിയിലെ മൊഴി. പൊലീസ് ലാത്തി കൊണ്ടുള്ള മർദ്ദനമേറ്റാണ് മധു മരിച്ചതെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാ​ഗത്തിന്റെ ശ്രമം. 


അന്വേഷണ റിപ്പോർട്ടുകൾ കേസ് ഫയലിൽ വരാത്തതിന് കാരണം അശ്രദ്ധയോ, അറിവില്ലായ്മയോ  !

മധുകൊലക്കേസിൽ മൂന്ന് അന്വേഷണമുണ്ടായി. ഒന്ന് പൊലീസ് അന്വേഷണം. ഇതിനു പുറമെ, രണ്ട് മജിസ്റ്റീരിയൽ അന്വേഷണങ്ങളും. ഒറ്റപ്പാലം സബ്കളക്ടർ ആയിരുന്ന ജെറോമിക്  ജോർജാണ് ഒരന്വേഷണം പൂർത്തിയാക്കിയത്.  മറ്റൊന്ന് അന്നത്തെ മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആയിരുന്ന എം. രമേശൻ്റേതാണ്. ഈ രണ്ട് അന്വേഷണ റിപ്പോർട്ടുകളും കേസ് ഫയലിൽ ഉണ്ടായിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥനോ വിചാരണ തുടങ്ങുന്ന  സമയത്തെ പ്രോസിക്യൂട്ടറോ ഇതു ​ഗൗനിച്ചില്ല. അല്ലെങ്കിൽ എവിഡൻഷ്യൽ വാല്യൂ ഇല്ലെന്ന ധാരണയിൽ ഉപേക്ഷിച്ചു.  അല്ലെങ്കിൽ അശ്രദ്ധ. എന്തുവിളിച്ചാലും  രണ്ട് മജിസ്റ്റീരിയിൽ അന്വേഷണവും ഇതുവരെ കേസ് ഫയലിൽ വന്നിട്ടില്ല.
മധുവിൻ്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത് ഒറ്റപ്പാലം നോഡൽ ഓഫീസർ കൂടിയായ അന്നത്തെ ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക ജോർജ് ആയിരുന്നു. കേസിലെ തൊണ്ണൂറ്റിയാറാം സാക്ഷിയാണ് അദ്ദേഹം. സാക്ഷി വിസ്താരത്തിനിടെയാണ് മജിസ്റ്റീരിയൽ അന്വേഷണം നടത്തിയ കാര്യം  ജെറോമിക് ജോർജ്ജ്  പരാമർശിച്ചത്.  ഇത് പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ്റെ ചെവിയിലുടക്കി. രണ്ട് അന്വേഷണവും  കസ്റ്റഡി മരണമാണോ എന്ന് പരിശോധിക്കാനായിരുന്നു. ഈ റിപ്പോർട്ടാണ് കോടതി രേഖകളിൽ കാണാത്തത്. കേസ് ഫയലുകൾ ഒന്നുകൂടി നോക്കി പ്രോസിക്യൂട്ടർ  രണ്ട് റിപ്പോർട്ടും ഇല്ലെന്ന് ഉറപ്പാക്കി. പൊലീസ് ഉദ്യോഗസ്ഥരോടും സംസാരിച്ചു. കിട്ടിയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. 

'കുറ്റബോധം മാറിക്കിട്ടിയെന്ന് നേരത്തെ കൂറുമാറിയ സാക്ഷി' മധു കേസിൽ കോടതി മുറിയിലെ നാടകീയ സംഭവങ്ങൾ

അന്വേഷണ റിപ്പോർട്ട് വരുത്തണമെന്ന് പ്രോസിക്യൂഷൻ, സമയം കളയരുതെന്ന് പ്രതിഭാഗം, പഠിക്കണമെന്ന് കോടതി 

കേസിൽ ഈ രണ്ട് റിപ്പോർട്ടുകൾക്കും നിർണായക സ്ഥാനമുണ്ടെന്ന് വ്യക്തമായതിന് പിന്നാലെ റിപ്പോർട്ടുകൾ  വിളിച്ചു വരുത്തണമെന്ന് പ്രോസിക്യൂട്ടർ ഹർജി നൽകി. അന്വേഷണ റിപ്പോർട്ടുകൾ വിളിച്ചു വരുത്തണമെന്നും അത് തയ്യാറാക്കിയവരെ വിസ്തരിക്കേണ്ടിവരുമെന്നും രാജേഷ് എം. മേനോൻ നിലപാട് എടുത്തു. എവിഡൻഷ്യറി വാല്യൂ ഇല്ലാത്ത റിപ്പോർട്ട് വിളിച്ചുവരുത്തി കോടതിയുടെ സമയം കളയണോ എന്നായിരുന്നു പ്രതിഭാഗത്തിൻ്റെ ആദ്യവാദം. തെളിവുകൾക്ക് തുല്യമായ മൂല്യം മജിസ്ട്രേറ്റിൻ്റെ അന്വേഷണ റിപ്പോർട്ടിനുണ്ടെന്ന് രാജേഷ് എം. മേനോൻ പറഞ്ഞതോടെ അത് പുതിയ അറിയാവി. മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ടുകൾക്ക് എവിഡൻഷ്യൽ മൂല്യമുണ്ടെങ്കിൽ അതിന്റെ തെളിവ് ഹാജരാക്കട്ടെയെന്ന് വിചാരണക്കോടതി ജഡ്ജ് കെ.എം. രതീഷ് കുമാർ പറഞ്ഞു. മദ്രാസ്, ബോംബൈ ഹൈക്കോടതി റൂളിങ്ങുകളുമായാണ് അന്വേഷണ റിപ്പോർട്ടുകൾക്ക് എവിഡൻഷ്യൽ വാല്യൂ ഉണ്ടെന്ന് സ്ഥാപിച്ചത്. 

മധു കൊലക്കേസ്; കൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കും, രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകളും ഹാജരാക്കണം: കോടതി

കസ്റ്റഡി മരണം എന്നാരോപണമുയർന്നാൽ മജിസ്റ്റീരിയിൽ അന്വേഷണം വേണമെന്ന നിർദേശം വന്നത് 2006 ജൂൺ 23നാണ്. എന്നാൽ അന്വേഷണ റിപ്പോർട്ട് എന്തു ചെയ്യണമെന്ന കാര്യത്തിൽ  വ്യക്തതക്കുറവുണ്ടായി. കണ്ടെത്തലുകൾ എവിടെ നൽകണം, അതിന് മൂല്യമുണ്ടോ എന്നതൊക്കെയായിരുന്ന സംശയം. 176 1 (A) രേഖ പ്രകാരം നിർബന്ധമായും കോടതിയിലെ  കേസ് രേഖയിൽ അന്വേഷണ റിപ്പോർട്ടുണ്ടാകണം.  മജിസ്ട്രേറ്റ് അന്വേഷണം പൂർത്തിയാക്കാൽ എത്രയും വേഗം രേഖകളും റിപ്പോർട്ടും അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണം എന്നതാണ് ചട്ടം. എന്നാൽ മധുകൊലക്കേസിൽ മജിസ്ട്രേറ്റ് അന്വേഷണ റിപ്പോർട്ട് ഇപ്പോഴും വെളിച്ചം കണ്ടിട്ടില്ല. ഭേദഗതി അനുസരിച്ച് കേസ് രേഖകളിലുമില്ല. മദ്രാസ് ഹൈക്കോടതിയിലെ മധുര ബെഞ്ചിലെ ജസ്റ്റിസ് നാഗമുത്തു നടത്തിയ റൂളിങ് ആണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ സമർപ്പിച്ചവയിൽ ഒന്ന്.

തിരുനെൽവേലി പൊലീസിന്റെ  കസ്റ്റഡിയിലിരിക്കെ വെടിവയ്പ്പിൽ കൊല്ലപ്പെട്ട കിട്ടപ്പയുടേത് കസ്റ്റഡി മരണമാണെന്ന് പരാതിയെത്തി. ഇത് അന്നത്തെ തിരുനെൽവേലി സെഷൻസ് ജഡ്ജ് അന്വേഷിച്ചു. റിപ്പോർട്ട് മജിസ്ട്രേറ്റ് ജില്ലാ കളക്ടർക്കാണ് കൈമാറിയത്. ഇതൊരു നിയമപ്രശ്നമായി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന് മുന്നിലെത്തി. എക്സ്യൂട്ടീവ് ജുഡീഷ്യറിയിൽ നിന്ന് വ്യത്യസ്തമാണെന്നു പറഞ്ഞ കോടതി  മജിസ്ട്രേറ്റ് നടത്തിയ അന്വേഷണ റിപ്പോർട്ട് കളക്ടറിൽ നിന്ന് തിരിച്ചു വാങ്ങി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ്റെ ഫയലിന് ഒപ്പം വെക്കാനാണ് നിർദേശിച്ചത്.  മജിസ്ട്രേറ്റിൻ്റെ കണ്ടെത്തലുകൾ പൊലീസ് അന്വേഷണത്തെ സ്വാധീനിക്കരുതെന്നും ഓർമിപ്പിച്ചു. പൊലീസ് അന്വേഷണം പൂർത്തിയാക്കി  കുറ്റപത്രം സമർപ്പിക്കുമ്പോൾ,  മജിസ്ട്രേറ്റ് നടത്തിയ അന്വേഷണ റിപ്പോർട്ടും രേഖകളിൽ സൂക്ഷിക്കണം എന്നതായിരുന്നു റൂളിങ്.  എന്നാൽ മധുകേസിൽ അങ്ങനെയുണ്ടായില്ല. 

മധു കേസ്: പ്രതിഭാഗത്തിന്റെ ചോദ്യശരങ്ങൾ, മുനയൊടിച്ച് ഡോ എൻഎ ബലറാമിന്റെ മറുപടി, കോടതി നടപടികൾ ഇങ്ങനെ...

മജിസ്ട്രേറ്റ് അന്വേഷണം പൂർത്തിയാക്കിയാൽ ഉടനെ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറേണ്ട രേഖയാണ് നാല് വർഷമായിട്ടും കസ്റ്റോഡിയൻ്റെ കൈകളിൽ തന്നെയുള്ളത്. ഇത് വിളിച്ചു വരുത്തണമെന്നാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ മധുര ബെഞ്ചിൻ്റെ റൂളിങ് സഹിതം ആവശ്യപ്പെട്ടത്. ഇതോടെ പ്രതിഭാഗം പ്രതിരോധത്തിലായി. റൂളിങ്ങിൻ്റെ കോപ്പി പഠിക്കാൻ സമയം വേണമെന്ന പ്രതിഭാഗത്തിൻ്റെ ആവശ്യം വിചാരണക്കോടതി മുഖവിലക്കെടുത്തു . തിങ്കാളാഴ്ച ഹർജി വീണ്ടും പരിഗണിക്കും. കേരളത്തിൽ ഏതൊക്കെ കേസുകളിൽ മജിസ്ട്രേറ്റ് അന്വേഷണം നടന്നിട്ടുണ്ട്, ആ റിപ്പോർട്ടുകളൊക്കെ കേസ് ഫയലുകളിലുണ്ടോ എന്നതും പരിശോധിക്കപ്പെടേണ്ട കാര്യമാണ്. !

നാലു സാക്ഷികളെ വിസ്താരത്തിൽ നിന്ന് ഒഴിവാക്കി

മധുകൊലക്കേസിലെ സാക്ഷി വിസ്താരത്തിൽ നിന്ന് നാലു സാക്ഷികളെ ഒഴിവാക്കി. 63,  64, 67, 100 സാക്ഷികളെയാണ് വിസ്താരത്തിൽ നിന്ന് ഒഴിവാക്കിയത്. അറുപത്തി മൂന്നാം സാക്ഷി നികുൽ യുകെയിലാണ്. അറുപത്തി നാലാം സാക്ഷി ആൽഫിൻ മാത്യു ഗൾഫിലും. വിസ്താരത്തിനുള്ള ക്രമീകരണം എംബസി വഴി വേണ്ടതിനാലും ഏറെ സമയം പിടിക്കുന്നതും പരിഗണിച്ചാണ് തീരുമാനം. പ്രോസിക്യൂഷൻ്റെ ആവശ്യത്തെ പ്രതിഭാഗം എതിർത്തില്ല.  അറുപത്തിയേഴാം സാക്ഷി ജോസ് ജോർജ്, നൂറാം സാക്ഷി മുഹമ്മദ് ഹനീഫ എന്നിവരെ ആരോഗ്യ പ്രശ്നങ്ങളാലും വിസ്താരത്തിൽ നിന്ന് ഒഴിവാക്കി. കേസിൽ ഇനി രണ്ടു സാക്ഷികളെ മാത്രമാണ് വിസ്തരിക്കാൻ ഉള്ളത്. 

Latest Videos
Follow Us:
Download App:
  • android
  • ios