Asianet News MalayalamAsianet News Malayalam

വീട്ടിൽ നിന്നിറങ്ങി പിന്നെ മടങ്ങിവന്നില്ല, ഒരു മാസം കഴി‌ഞ്ഞ് വസ്ത്രവും ചെരുപ്പും കാണിച്ചു; ദുരൂഹത മാറുന്നില്ല

പൂരത്തിനും മറ്റും പോകുന്ന ആളായത് കൊണ്ട് കുറച്ച് ദിവസം കാത്തിരുന്നു. പിന്നീട് പരാതി നൽകി. തൃശൂരിൽ നിന്ന് കാണാതായ ആളിനെക്കുറിച്ചുള്ള ഫോൺ വിളി വന്നത് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ നിന്ന്.

went from home as usual but never returned got a call after one month and found cloths and foot wear
Author
First Published Oct 8, 2024, 10:46 AM IST | Last Updated Oct 8, 2024, 10:46 AM IST

തൃശ്ശൂർ: ഒന്നര വർഷം മുന്പ് കാണാതായ തൃശ്ശൂ‍ർ സ്വദേശിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഭാര്യയും ബന്ധുക്കളും. അജ്ഞാതനെന്ന പേരിൽ ഈരാറ്റുപേട്ട പൊലീസ് അടയാളപ്പെടുത്തി സംസ്കരിച്ച മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്ത് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ആത്മഹത്യ ചെയ്തയാളുടെ മൃതദേഹമാണ് ബന്ധുക്കളാരും എത്താതെ സംസ്കരിച്ചതെന്ന് ഈരാറ്റുപേട്ട പൊലീസ് പറയുമ്പോൾ., വില്ലുകുളങ്ങരയിൽ കോൺട്രാക്ടയിരുന്ന സുനിൽകുമാർ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം ഉറച്ച് വിശ്വസിക്കുന്നു.

കഴിഞ്ഞ വർഷം ഏപ്രില്‍ 28 നാണ് സുനില്‍കുമാറിനെ കാണാതാവുന്നത്. കോൺട്രാക്ടറായിരുന്ന സുനിൽകുമാർ ജോലിക്കാ‍‍‍ർക്ക് നൽകാനുള്ള പണവുമായി തൃപ്രയാറിലേക്ക് പോയിട്ട് പിന്നീട് മടങ്ങിയെത്തിയില്ല. പൂരങ്ങള്‍ക്കും മറ്റും പോകുന്നയാളായത് കൊണ്ട് മടങ്ങിയെത്തുമെന്ന് കരുതി കുടുംബം കാത്തിരുന്നു. പിന്നെയും കാണാതായതിനെത്തുടര്‍ന്ന് മെയ് മൂന്നിന് പൊലീസില്‍ പരാതി നല്‍കി. മെയ് 27 ന് കുടുംബത്തിന് പൊലീസ് സ്റ്റേഷനില്‍ നിന്നൊരു ഫോൺ വിളിയെത്തി. 

ഈരാറ്റുപേട്ട സ്റ്റേഷന്‍ പരിധിയില്‍ ആത്മഹത്യ ചെയ്യുകയും ബന്ധുക്കളാരും വരാനില്ലാതെ സംസ്കരിക്കുകയും ചെയ്ത ആളുടെ വസ്ത്രങ്ങളും ചെരുപ്പും സൂക്ഷിച്ച് വച്ചിട്ടുണ്ട്. സ്റ്റേഷന്‍ വരെയെത്തി ഒന്ന് ബോധ്യപ്പെടണം എന്നായിരുന്നു പറഞ്ഞത്. അങ്ങനെ കുടുംബാംഗങ്ങൾ പൊലീസ് സ്റ്റേഷനിലെത്തി ചെരുപ്പും വസ്ത്രങ്ങളും സുനിലിന്‍റേത് തന്നെയാണെന്ന് തിരിച്ചറിഞ്ഞു.

അതേസമയം സുനില്‍ ആത്മഹത്യ ചെയ്യാന്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് കുടുംബം പറയുന്നത്. മാത്രമല്ല, ഈരാറ്റുപേട്ടയിലെ റബ്ബര്‍ തോട്ടത്തില്‍ എങ്ങനെ എത്തി എന്നും അന്വേഷണം ഉണ്ടായില്ല. ഇതിലും ദുരൂഹതയുണ്ട്. സുനിലിന്‍റെ കൈയ്യിലുണ്ടായിരുന്ന മുപ്പതിനായിരത്തിലേറെ രൂപ എവിടെ നഷ്ടപ്പെട്ടു എന്നും വിവരമില്ല. തൊഴിലാളികള്‍ക്ക് പണം നല്‍കിയിരുന്നില്ല. 

തൊഴിലാളികള്‍ മെസഞ്ചര്‍ വഴി ബന്ധപ്പെട്ടതോടെയാണ് സുനില്‍ തൃപ്രയാറിലത്തിയില്ലെന്ന് വീട്ടുകാര്‍ അറിയുന്നത്. സുനിലിന്‍റെ ഫോണും ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. ഈരാറ്റുപേട്ട സ്റ്റേഷനില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ എത്തിയ ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ട്, നിരന്തരം പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയിട്ടും നല്‍കിയില്ല. ഒടുവില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കുമെന്ന് പറഞ്ഞപ്പോഴാണ് ആറുമാസത്തിന് ശേഷം റിപ്പോർട്ട് നല്‍കിയതെന്നും സുനിത ആരോപിക്കുന്നു

ആരെയോ സംരക്ഷിക്കാനോ ഒളിക്കാനോ ആണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് ഭാര്യ സുനിതയുടെ ആരോപണം. കേസില്‍ തുടരന്വേഷണം വേണമെന്നും പാലാ പൊതു ശ്മശാനത്തില്‍ സംസ്കരിച്ച മൃതദേഹം റീ പോസ്റ്റ്മോട്ടം നടത്തണമെന്നും സുനിത ആവശ്യപ്പെടുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios