മാതനെ റോഡില്‍ വലിച്ചിഴച്ച സംഭവം; പ്രതികള്‍ക്കെതിരെ ചാര്‍ത്തിയിരിക്കുന്നത് ദുര്‍ബല വകുപ്പുകളെന്ന് എം.ഗീതാനന്ദൻ
കൃത്യത്തിന്റെ കാഠിന്യമനുസരിച്ചുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടില്ലെന്ന് ഗീതാനന്ദന്‍ ആരോപിച്ചു.
കല്‍പ്പറ്റ: പയ്യമ്പള്ളി ചെമ്മാട് ഉന്നതിയിലെ മാതനെ കൂടല്‍ക്കടവിന് സമീപം റോഡില്‍ വലിച്ചിഴച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ നിലവില്‍ ചാര്‍ത്തിയിരിക്കുന്ന കുറ്റങ്ങള്‍ ദുര്‍ബലമെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കണ്‍വീനര്‍ എം. ഗീതാനന്ദന്‍. വധശ്രമത്തിന് കേസെടുക്കേണ്ട സംഭവത്തില്‍ ഭാരതീയ ന്യായ സംഹിതയിലെ 110 ആണ് പ്രധാന വകുപ്പ് ആയി ഇട്ടിട്ടുള്ളത്. ബോധപൂര്‍വ്വമല്ലാത്ത നരഹത്യ ചെയ്യാന്‍ മുതിര്‍ന്നു എന്ന കുറ്റത്തിന് മൂന്ന് വര്‍ഷം മാത്രം തടവുശിക്ഷ കിട്ടാവുന്ന വകുപ്പ് മാത്രമാണിതെന്നും ഗീതാനന്ദന്‍ കല്‍പ്പറ്റയില്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
കൃത്യത്തിന്റെ കാഠിന്യമനുസരിച്ചുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടില്ലെന്ന് ഗീതാനന്ദന്‍ പറഞ്ഞു. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പഴുത് നല്‍കുന്ന വിധത്തിലാണ് എഫ്ഐആര്‍ തയാറാക്കിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 296(ബി), 351(2), 126(2), 115(2), 110, 3(5) വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇതില്‍ പ്രധാനം ബോധപൂര്‍വമല്ലാത്ത നരഹത്യാശ്രമത്തിനുള്ള 110-ാം വകുപ്പ് മാത്രമാണ്. ഇതിനു പകരം വധശ്രമത്തിനുള്ള 109-ാം വകുപ്പ് ചേര്‍ത്ത് കേസ് മുന്നോട്ട് കൊണ്ടുപോകണമെന്നും ഗീതാനന്ദന്‍ ആവശ്യപ്പെട്ടു. ഒരാളെ ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ വാതിലില്‍ കൈ കുരുക്കി മീറ്ററുകളോളം വലിച്ചിഴച്ചത് വധശ്രമം തന്നെയാണ്. കേസില്‍ കുറ്റപത്ര സമര്‍പ്പണവും വിചാരണയും സമയബന്ധിതമായി നടത്തണം. പ്രതികളുടെ ഡ്രൈവിംഗ് ലൈസന്‍സും വാഹനത്തിന്റെ രജിസ്ട്രേഷനും റദ്ദാക്കണം. ചെമ്മാട്, ചാലിഗദ്ദ പ്രദേശങ്ങളില്‍ വിനോദസഞ്ചാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് ഒപ്പം പ്രദേശത്തെ തടയണ പൊളിച്ചുനീക്കണമെന്നും ആദിവാസി ഗോത്ര മഹാസഭ ആവശ്യപ്പെട്ടു.
എടവക പഞ്ചായത്തിലെ പള്ളിക്കല്‍ വീട്ടിച്ചാല്‍ ഉന്നതിയിലെ ചുണ്ടമ്മയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നതിന് കുടുംബാംഗങ്ങളെ പ്രേരിപ്പിച്ചവരെ കണ്ടെത്തി അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സംഭവത്തില്‍ ഗൂഢാലോചന നടന്നതായി തങ്ങള്‍ സംശയിക്കുന്നുണ്ട്. മന്ത്രിയുടെ വാക്കുകളെ അവിശ്വാസിക്കേണ്ടതില്ലെന്നും എന്നാല്‍ എസ്ടി പ്രമോട്ടറെ പിരിച്ചുവിട്ട നടപടി അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും ഗീതാനന്ദന്‍ പറഞ്ഞു. എല്ലാ കുറ്റങ്ങളും പ്രമോട്ടറുടെ തലയില്‍ കെട്ടിവച്ചത് ആദിവാസി വിഭാഗങ്ങളെ ഇപ്പോഴും മനുഷ്യരായി കാണാത്തതിന് തുല്ല്യമാണ്. സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടന്നിട്ടുണ്ട്. പട്ടികവര്‍ഗ ക്ഷേമവകുപ്പ് ഉദ്യോഗസ്ഥര്‍ മുതല്‍ വാര്‍ഡ് അംഗം വരെയുള്ളവരുടെ ഇടപെടല്‍ അന്വേഷണ വിധേയമാക്കണം. പ്രമോട്ടറെ തിരിച്ചെടുക്കാനും ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കാനും ബന്ധപ്പെട്ടവര്‍ തയാറാകണ ഗോത്രമഹാസഭാ നേതാക്കള്‍ പറഞ്ഞു. സംസ്ഥാന സമിതി അംഗങ്ങളായ രമേശന്‍ കൊയാലിപ്പുര, ഗോപാലന്‍ മരിയനാട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.