'ചില തെളിവുകൾ ലഭിച്ചു', അഞ്ജുശ്രീയുടെ മരണകാരണത്തെ കുറിച്ച് കാസർകോട് എസ് പി
'മരണ കാരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്ന രീതിയിലുള്ള ചില നിരീക്ഷണങ്ങൾ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ നടത്തിയിരുന്നു'.
കാസർകോട് : കാസർകോട് സ്വദേശി അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ പ്രതികരിച്ച് കേസന്വേഷിക്കുന്ന കാസര്‍കോട് എസ്പി. അഞ്ജുശ്രീയുടെ മരണ കാരണത്തെ കുറിച്ച് ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. മരണ കാരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്ന രീതിയിലുള്ള ചില നിരീക്ഷണങ്ങൾ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ നടത്തിയിരുന്നു. ചില തെളിവുകൾ പൊലീസിനും ലഭിച്ചിട്ടുണ്ട്. മരണകാരണം ഉറപ്പാക്കണമെങ്കിൽ രാസ പരിശോധന വളരെ പ്രധാനമാണ്. സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും വിശദമായ രാസ പരിശോധനാ ഫലം വന്ന ശേഷമേ കൂടുതൽ വിവരങ്ങൾ വിശദീകരിക്കാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭക്ഷ്യവിഷബാധയല്ല! കാസർകോട്ടെ പെൺകുട്ടിയുടെ മരണം വിഷം ഉള്ളിൽ ചെന്നെന്ന് റിപ്പോർട്ട്
ആരോഗ്യവകുപ്പിനും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും കിട്ടിയ പ്രാഥമിക തെളിവിൽ കാസര്‍കോട് തലക്ലായിയിൽ അഞ്ചുശ്രീ പാര്‍വതിയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ല. വിഷം ഉള്ളിൽ ചെന്നിട്ടുണ്ട്. എന്നലത് ഭക്ഷണത്തിൽ നിന്നല്ല. കരൾ അടക്കം ആന്തരികാവയവങ്ങൾ പ്രവര്‍ത്തന രഹിതമായിരുന്നു. ഏത് തരം വിഷമാണ് ഉള്ളിൽ ചെന്നത് എന്നറിയാൻ ആന്തരിക അവയവങ്ങൾ രാസപരിശോധന ഫലം വരണം. സാധാരണ ഭക്ഷ്യ വിഷബാധകളിൽ നിന്ന് വ്യത്യസ്തമായ തെളിവുകളാണ് പുറത്ത് വരുന്നതെന്നും വിശദമായ റിപ്പോര്‍ട്ട് കിട്ടയ ശേഷം തുടര്‍ നടപടി എന്ന നിലപാടിലാണ് പൊലീസ്.
അഞ്‍ജുശ്രീയെ ചികിത്സിച്ച മംഗലാപുരം ആശുപത്രിയിലെ ഡോക്ടര്‍മാരിൽ നിന്നും പോസ്റ്റ്മോര്‍ട്ടം ചെയ്ത പരിയാരം മെഡിക്കൽ കോളേജിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് കാസര്‍കോട്ടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്കും പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിലും മരണ കാരണം ഭക്ഷ്യ വിഷബാധയല്ലെന്നാണ് നിഗമനം. ഡിസംബർ 31 നാണ് അഞ്ജുശ്രീ അൽറോമാന്‍സിയ ഹോട്ടലിൽ നിന്ന് ഓൺലൈനായി ഭക്ഷണം വാങ്ങി കഴിച്ചത്. ദേഹാസ്വാസ്ഥ്യം തോന്നിയതിന് പിന്നാലെ ചികിത്സ തേടി. ശനിയാഴ്ച രാവിലെ മംഗളൂരുവിലെ ആശുപത്രിയിൽ വച്ചായിരുന്നു മരണം.