നരഭോജി കടുവയെ ബത്തേരിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി, ചികിത്സക്കുശേഷം തൃശ്ശൂര്‍ മൃഗശാലയിലേക്കോ?

കടുവയെ സുല്‍ത്താന്‍ ബത്തേരികുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തില്‍ എത്തിച്ചശേഷം ആരോഗ്യപരിശോധന നടത്തും. കടുവയുടെ മുഖത്തും മറ്റിടങ്ങളിലും വലിയ രീതിയിലുള്ള പരിക്കുണ്ട്.

wayand tiger to thrissur zoo? Transfer to center in sulthan bathery, follow up after treatment

കല്‍പ്പറ്റ:വയനാട് വാകേരിയില്‍ കെണിയിലകപ്പെട്ട നരഭോജി കടുവയെ സുല്‍ത്താന്‍ ബത്തേരി കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.ഇന്ന് ഉച്ചയോടെയാണ് വാകേരി കൂടല്ലൂരില്‍ സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്. ഉച്ചയ്ക്കുശേഷം 2.30 മുതല്‍ നാട്ടുകാര്‍ നടത്തിയ പ്രതിഷേധത്തെതുടര്‍ന്ന് കടുവയെ ഇതുവരെ അവിടെനിന്ന് കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നില്ല. മാനന്തവാടി സബ് കളക്ടര്‍ ഉള്‍പ്പെടെ എത്തി നടത്തിയ ചര്‍ച്ചക്കൊടുവില്‍ രാത്രി എട്ടുമണിയോടെയാണ് കടുവയെയും വഹിച്ചുള്ള വനംവകുപ്പിന്‍റെ കോണ്‍വോയ് കുപ്പാടിയിലേക്ക് പുറപ്പെട്ടത്. കടുവയെ വെടിവച്ചുകൊല്ലണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. കടുവയെ കാട്ടിലേക്ക് തുറന്നുവിടില്ലെന്നും ചികിത്സക്കുശേഷം മൃഗശാലയിലേക്ക് മാറ്റുന്നത് ഉള്‍പ്പെടെ പരിഗണിക്കുമെന്ന അധികൃതരുടെ ഉറപ്പിനെതുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

കടുവയെ സുല്‍ത്താന്‍ ബത്തേരി കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തില്‍ എത്തിച്ചശേഷം ആരോഗ്യപരിശോധന നടത്തും. കടുവയുടെ മുഖത്തും മറ്റിടങ്ങളിലും വലിയ രീതിയിലുള്ള പരിക്കുണ്ട്. 13 വയസുള്ള കടുവയാണ് കെണിയിലായത്. വാകേരി കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെ കടിച്ചുകൊന്ന കടുവയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.മൃഗപരിപാലന കേന്ദ്രത്തില്‍ കടുവയ്ക്ക് ചികിത്സ നല്‍കിയശേഷം പിന്നീട് തൃശ്ശൂരിലെ മൃഗശാലയിലേക്ക് മാറ്റാനാണ് സാധ്യത. തൃശ്ശൂര്‍ മൃഗശാലയിലേക്ക് മാറ്റുന്ന കാര്യമാണ് അധികൃതര്‍ പരിഗണിക്കുന്നത്. നിലവില്‍ കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തില്‍ സ്ഥലപരിമിതിയുണ്ട്. നേരത്തെ പിടികൂടിയ കടുവകള്‍ ഇവിടെയുണ്ട്. ഇതിനാല്‍ ഒരു കടുവയെ കൂടി ഇവിടെ പാര്‍പ്പിക്കാനുള്ള സൗകര്യമില്ല. ഈ സാഹചര്യത്തിലാണ് തൃശ്ശൂരിലേക്ക് മാറ്റുന്ന കാര്യം അധികൃതര്‍ പരിഗണിക്കുന്നത്. 

സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരയ്ക്കാര്‍ തുടങ്ങിയ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നാട്ടുകാര്‍ക്കൊപ്പം നേരത്തെ പ്രതിഷേധിച്ചിരുന്നു. കൂട്ടിലായ കടുവയെ കൊണ്ടുപോകുന്ന വനംവകുപ്പിന്‍റെ വാഹന വ്യൂഹം ത‍ടഞ്ഞുകൊണ്ട് കുത്തിയിരുന്നുള്ള പ്രതിഷേധമാണ് നടത്തിയത്. മാനന്തവാടി സബ് കളക്ടര്‍ മിസല്‍ സാഗര്‍ ഭരത് സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിക്കുകയായിരുന്നു.മൂടക്കൊല്ലി കൂടല്ലൂര്‍ സ്വദേശിയായ ക്ഷീര കര്‍ഷകന്‍ പ്രജീഷിനെ കടുവ കടിച്ചുകൊന്ന സംഭവം നടന്ന് പത്താം ദിവസമാണ് കടുവ കൂട്ടിലായത്. കോളനിക്കവലയ്ക്ക് സമീപം കാപ്പി തോട്ടത്തിൽ വച്ച കൂട്ടിലാണ് രണ്ടുമണിയോടെ കടുവ കയറിയത്. സംഭവത്തിന് പിന്നാലെയാണ് വെടിവച്ചു കൊല്ലണം എന്നാവശ്യപ്പെട്ടു നാട്ടുകാർ കടുവയുമായുള്ള കോൺവോയ് തടഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിലായി കടുവയ്ക്കായി മേഖലയില്‍ വലിയ തെരച്ചിലാണ് വനംവകുപ്പ് നടത്തിയിരുന്നത്. ഇതിനുപിന്നാലെയാണ് വിശന്നു വലഞ്ഞ കടുവ ഒടുവില്‍ കൂട്ടില്‍ കയറിയത്. സ്ഥലത്ത് കൂടുതല്‍ പൊലീസ് എത്തിയിരുന്നു.

5മണിക്കൂർ പിന്നിട്ട് പ്രതിഷേധം, നരഭോജി കടുവയുടെ മുഖത്ത് മുറിവ്, കൊണ്ടുപോകാൻ സമ്മതിക്കാതെ നാട്ടുകാര്‍

 

Latest Videos
Follow Us:
Download App:
  • android
  • ios