രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത കേസ്: എംപി ഓഫീസിലെ പിഎ അടക്കം 4 കോൺഗ്രസുകാർ അറസ്റ്റിൽ
രാഹുൽ ഗാന്ധിയുടെ വയനാട് കൽപറ്റയിലെ എംപി ഓഫീസ് ആക്രമണ കേസിൽ കോൺഗ്രസ് പ്രവർത്തകരെ പ്രതിക്കൂട്ടിലാക്കിയുള്ളതായിരുന്നു എസ്പിയുടെ റിപ്പോർട്ട്
കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് പേരും കോൺഗ്രസ് പ്രവർത്തകരാണ്. രാഹുൽ ഗാന്ധി എംപിയുടെ കൽപ്പറ്റ ഓഫീസിലെ പേഴ്സണൽ അസിസ്റ്റ് രതീഷ് കുമാർ, ഓഫീസ് സ്റ്റാഫ് രാഹുൽ എസ്ആർ, കോൺഗ്രസ് പ്രവർത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് ചോദ്യം ചെയ്യലിനു ശേഷം ഇന്ന് അറസ്റ്റ് ചെയ്തത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 427, 153 വകുപ്പുകൾ പ്രകാരമാണ് ഇവർ നാല് പേർക്കുമെതിരെ കേസെടുത്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഇവ. നാല് പേരെയും ഇന്ന് തന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമെന്നാണ് വിവരം. പിടിയിലായ കെ എ മുജീബ് കോൺഗ്രസ് അനുകൂല സർക്കാർ ജീവനക്കാരുടെ സംഘടനയായ എൻ ജി ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറിയാണ്.
രാഹുൽ ഗാന്ധിയുടെ വയനാട് കൽപറ്റയിലെ എംപി ഓഫീസ് ആക്രമണ കേസിൽ കോൺഗ്രസ് പ്രവർത്തകരെ പ്രതിക്കൂട്ടിലാക്കിയുള്ളതായിരുന്നു എസ്പിയുടെ റിപ്പോർട്ട്. ഓഫീസിലെ ചുവരിൽ തൂക്കിയിരുന്ന മഹാത്മാ ഗാന്ധിയുടെ ചിത്രം തകർത്തത് എസ് എഫ് ഐ പ്രവർത്തകരല്ലെന്നായിരുന്നു റിപ്പോർട്ടിൽ വ്യക്തമാക്കിയത്.. പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയുമായിരുന്നു ഇതിനുള്ള പ്രധാന തെളിവ്. ഫോട്ടോകളും റിപ്പോർട്ടിനൊപ്പം ഹാജരാക്കിയിരുന്നു.
എസ് എഫ് ഐ പ്രവർത്തകർ എംപി ഓഫീസിൽ എംപിയുടെ കസേരയിൽ വാഴ വെക്കുന്ന സമയത്ത് രാഹുൽ ഗാന്ധിയുടെ ചിത്രം ചുമരിലുണ്ടായിരുന്നു. അതിനുശേഷം ചിത്രം ആദ്യം തറയിൽ കാണുന്നത് കമഴ്ത്തിയിട്ട നിലയിലായിരുന്നു. എം പി ഓഫിസിൽ അതിക്രമിച്ച് കയറിയ എസ് എഫ് ഐ പ്രവർത്തകർ ഗാന്ധി ചിത്രം നശിപ്പിച്ചുവെന്നായിരുന്നു കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചത്.
സമരത്തിന് ശേഷം 25 എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യുമ്പോൾ അകത്തുണ്ടായിരുന്ന പൊലീസ് ഫോട്ടോഗ്രാഫർ 3.59ന് പകർത്തിയ ചിത്രങ്ങളിൽ ഗാന്ധി ചിത്രം ചുമരിൽ ഉണ്ടായിരുന്നു. ഇവരെ അറസ്റ്റ് ചെയ്തതിനു ശേഷം താഴേക്ക് പോയ ഫോട്ടോഗ്രാഫർ തിരികെ എത്തുന്നത് 4.30 ന് ആണ്. ആ സമയം ഓഫീസിനുള്ളിൽ കോൺഗ്രസ് , യു ഡി എഫ് പ്രവർത്തകർ മാത്രമാണുള്ളത്. ഈ സമയത്ത് പകർത്തിയ ഫോട്ടോയിൽ ഓഫിസ് അലങ്കോലപ്പെട്ട നിലയിലും ഗാന്ധി ചിത്രം നിലത്തുകിടക്കുന്ന അവസ്ഥയിലുമാണെന്നായിരുന്നു പൊലീസ് റിപ്പോർട്ട്.
കേസിൽ 29 എസ് എഫ് ഐ പ്രവർത്തകർക്ക് ജൂലൈ ആറിന് കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയിരുന്നു. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റായിരുന്ന ജോയൽ ജോസഫ്, സെക്രട്ടറിയായിരുന്ന ജിഷ്ണു ഷാജി, എന്നിവരും മൂന്ന് വനിതാ പ്രവർത്തകരും അടക്കം 29 പേർ ജൂൺ 26 നാണ് അറസ്റ്റിലായത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇവർക്ക് അന്ന് പാർട്ടി പ്രവർത്തകരും എസ് എഫ് ഐ പ്രവർത്തകരും വലിയ വരവേൽപ്പാണ് നൽകിയിരുന്നത്.