ഇനി വയനാടിന്‍റെ പ്രിയങ്കരി, 4 ലക്ഷത്തിലധികം വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം, കന്നിയങ്കം ജയിച്ച് പ്രിയങ്ക

വയനാട് ലോക്സഭ മണ്ഡലത്തിൽ 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിൽ പ്രിയങ്ക ഗാന്ധി വിജയിച്ചു. രാഹുല്‍ ഗാന്ധിയുടെ 2024ലെ ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് പ്രിയങ്ക കന്നിയങ്കത്തിൽ വിജയിച്ചത്.

Wayanad Lok Sabha bypoll result live priyanka gandhi won by above 4 lakh votes margin, surpasses rahul gandhi victory margin

കല്‍പ്പറ്റ: വയനാട് ലോക്സഭ മണ്ഡലത്തിൽ റെക്കോഡ് ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി വിജയിച്ചു. വോട്ടെണ്ണലിന്‍റെ എല്ലാ റൗണ്ടിലും എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറിയ പ്രിയങ്ക ഗാന്ധി 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തിൽ വിജയമുറപ്പിച്ചത്. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചപ്പോള്‍ ലഭിച്ച ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് പ്രിയങ്കയുടെ മിന്നും ജയം.

വോട്ടിങ് ശതമാനം കുറഞ്ഞത് പ്രിയങ്കയുടെ ഭൂരിപക്ഷത്തെ ബാധിക്കുമെന്ന പ്രചാരണം ഉണ്ടായിരുന്നെങ്കിലും വോട്ടെണ്ണൽ തുടങ്ങിയതോടെ തന്നെ പ്രിയങ്കയുടെ ഭൂരിപക്ഷം നാലു ലക്ഷം കടക്കുമെന്ന് വ്യക്തമായിരുന്നു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 6,47,445 വോട്ടുകള്‍ നേടി 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വിജയിച്ചത്. ഈ റെക്കോഡ് ഭൂരിപക്ഷമാണ് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മറികടന്നത്.

അഞ്ചു ലക്ഷം ഭൂരിപക്ഷത്തിന് പ്രിയങ്ക ജയിക്കുമെന്നാണ് യുഡിഎഫ് നേതാക്കള്‍ വോട്ടെടുപ്പിന് മുമ്പ് പറഞ്ഞിരുന്നതെങ്കിലും വോട്ടിങ് ശതമാനം കുറഞ്ഞതോടെ ഭൂരിപക്ഷം കുറയുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, വോട്ടിങ് ശതമാനം കുറഞ്ഞിട്ടും നാലുലക്ഷത്തിലധികം വോട്ടുകള്‍ നേടിയത് വയനാട് മണ്ഡലം യുഡിഎഫിന്‍റെ ഉറച്ച കോട്ടയാണെന്ന് ഒന്ന് കൂടി അടിവരയിടുന്നതായി മാറി. ദില്ലിയിലെ പ്രിയങ്ക ഗാന്ധിയുടെ വസതിക്ക് മുന്നിൽ മധുരം വിതരണം ചെയ്താണ് പ്രവര്‍ത്തകര്‍ പ്രിയങ്കയുടെ വിജയം ആഘോഷിച്ചത്.

പ്രിയങ്കയുടെ വൻ വിജയം ജനങ്ങൾക്കു വേണ്ടി നിൽക്കുന്നതിനുള്ള അംഗീകാരമാണെന്നും കൂടുതൽ റോൾ നൽകണോ എന്ന് പാർട്ടി തീരുമാനിക്കുമെന്നും ഭര്‍ത്താവ്; റോബർട്ട് വാദ്ര പ്രതികരിച്ചു. 617942 വോട്ടുകളാണ് പ്രിയങ്ക ആകെ നേടിയപ്പോള്‍ രണ്ടാമതെത്തിയ എൽഡിഎഫിന്‍റെ സത്യൻ മോകേരി 209906 വോട്ടുകളാണ് നേടിയത്. 109202 വോട്ടുകളാണ് ബിജെപിയുടെ നവ്യ ഹരിദാസിന് നേടിനായത്. പ്രിയങ്ക ഗാന്ധിക്ക് അഭിനന്ദനം നേരുന്നതായും വയനാടിനൊപ്പം  പ്രിയങ്ക എന്നുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അഹമ്മദ് പട്ടേലിന്‍റെ മകൾ മുംതാസ് പട്ടേൽ ഏഷ്യാനെറ്റ് ന്യൂസിനോട്  പ്രതികരിച്ചു.

മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡിയുടെ പ്രകടനം നിരാശപ്പെടുത്തി. മഹാവികാസ് അഘാഡി തന്‍റെ പിതാവിന്‍റെ ആശയമാണ്. തോൽവിയിൽ ആത്മപരിശോധന നടത്തണമെന്നും മുംതാസ് പട്ടേൽ പറഞ്ഞു. വയനാട് ഉപതെരഞ്ഞെടുപ്പിൽ ഫലം പുറത്തുവരുമ്പോൾഎല്ലാ റൗണ്ടിലും പ്രിയങ്ക ഗാന്ധിയ്ക്ക് രാഹുലിന് കിട്ടിയതിനേക്കാൾ ലീഡ് നേടാനായിരുന്നു. സത്യൻ മൊകേരിക്കു ഓരോ റൗണ്ടിലും ശരാശരി 3000 വോട്ടുകളുടെ കുറവ് ഉണ്ടായപ്പോൾ നവ്യ ഹരിദാസിന് ഓരോ റൗണ്ടിലും ശരാശരി 2000 വോട്ടുകളുടെ കുറവുമാണ് ഉണ്ടായത്. രാഹുലിന്‍റെ ഭൂരിപക്ഷം പ്രിയങ്കയ്ക്ക് നിലനിർത്താനാവുമോ എന്ന് യുഡിഎഫിന് ആശങ്കയുണ്ടായിരുന്നു.

എന്നാൽ ഫലം പുറത്തുവന്നപ്പോള്‍ ഇത്തരം ആശങ്കകളെ ഇല്ലാതാക്കുകയാണ് പ്രിയങ്കയുടെ ഭൂരിപക്ഷം. രാവിലെ 11.30ഓടെ തന്നെ പ്രിയങ്കയുടെ ലീഡ് മൂന്നു ലക്ഷം കടന്നിരുന്നു. വോട്ടെണ്ണലിന്‍റ തുടക്കം മുതൽ എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി രണ്ടാം സ്ഥാനത്തും ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തുമായിരുന്നു. ഒരു ഘട്ടത്തിൽ പോലും പ്രിയങ്ക ഗാന്ധിയ്ക്കൊപ്പമെത്താൻ എതിരാളികള്‍ക്കായില്ല.

ബിജെപിയെ പാലക്കാട് നിന്നും മാറ്റാൻ ജനം തീരുമാനിച്ചു, ഇത് രാഷ്ട്രീയ മതേതരത്വ വിജയം: ഷാഫി പറമ്പിൽ

പ്രിയങ്ക കുതിച്ചു; വോട്ടെണ്ണിത്തീരും മുമ്പേ വീട്ടിലേക്ക് മടങ്ങി മൊകേരി, പ്രതീക്ഷ തെറ്റിക്കാതെ യുഡിഎഫ്

Latest Videos
Follow Us:
Download App:
  • android
  • ios