ഇതുവരെ ഒഴുകിയെത്തിയത് 67 മൃതദേഹങ്ങള്‍, 121 ശരീരഭാഗങ്ങൾ; ചാലിയാറിൽ തെരച്ചിൽ തുടരുമെന്ന് കൃഷി മന്ത്രി
ഇന്ന് മാത്രം ചാലിയാറിൽ നിന്ന് അഞ്ച് മൃതദേഹങ്ങളും പത്ത് ശരീരഭാഗങ്ങളുമാണ് ലഭിച്ചത്.
മലപ്പുറം: വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടേതായി മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ ആകെ ലഭിച്ചത് 67 മൃതദേഹങ്ങളും 121 ശരീര ഭാഗങ്ങളും. ആകെ 188 എണ്ണം. 35 പുരുഷന്മാരുടെയും 27 സ്ത്രീകളുടെയും 3 ആൺകുട്ടികളുടെയും 2 പെൺകുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇത് കൂടാതെ 121 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. പൊലീസ്, വനം, ഫയർഫോഴ്സ്, എൻ ഡി ആർ എഫ് , നാട്ടുകാർ, നൂറുകണക്കിന് വളണ്ടിയർമാർ തുടങ്ങിയവർ ചേർന്ന് നാല് ദിവസമായി നടത്തിയ തിരച്ചിലിലാണ് ഇത്രയും മൃതദേഹങ്ങൾ ലഭിച്ചത്. ഇന്ന് (വെള്ളി) മാത്രം 5 മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളുമാണ് ലഭിച്ചത്.
ഇതുവരെ 180 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റ് മോർട്ടം പൂർത്തിയായി. 149 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോകുകയും മൂന്നെണ്ണം ബന്ധുക്കൾ ഏറ്റെടുക്കുകയും ചെയ്തു. ചാലിയാറിന്‍റെ ചുങ്കത്തറ കൈപ്പിനി, എഴുമാംപാടം, കുട്ടംകുളം, അമ്പിട്ടംപൊട്ടി, മുണ്ടേരി വാണിയംപുഴ എന്നിവിടങ്ങളില്‍ നിന്നുമാണ് സംയുക്ത പരിശോധാ സംഘവും സന്നദ്ധ സംഘടനകളും ഇന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. രാവിലെ മുതല്‍ എന്‍.ഡി.ആര്‍.എഫ്, നവികസേന, അഗ്നിരക്ഷാ സേന, വനം, പോലീസ് സേനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ ചാലിയാറിന്റെ വിവിധ ഭാഗങ്ങളില്‍ തിരച്ചിലാരംഭിച്ചിരുന്നു.
ഏഴ് മണിക്ക് സംയുക്ത സേനകള്‍ നാവികസേനയുടെ ചോപ്പറില്‍ വയനാട്-മലപ്പുറം ജില്ലാ അതിര്‍ത്തി മേഖലയായ സൂചിപ്പാറയില്‍ തിരച്ചില്‍ നടത്തി. പോലിസ് സേനയുടെ ചോപ്പറും ഇന്നലെ തിരച്ചിലിനായി ഉപയോഗിച്ചിരുന്നു. അതിദുര്‍ഘടമായ വനമേഖലയായതിനാലാണ് ചോപ്പറുകള്‍ ഉപയോഗിച്ചത്. സേനകള്‍ സൂചിപ്പാറയിലിറങ്ങി വനമേഖലയില്‍ നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്നിവര്‍ മടങ്ങുകയയിരുന്നു. മണ്ണില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് പ്രത്യേകം പരിശീലനം സിദ്ധിച്ച നായയുമായി ഇടുക്കിയില്‍ നിന്നെത്തിയ പോലീസ് സേനാംഗങ്ങള്‍ മുണ്ടേരി ഇരട്ടുകുത്തി മുതല്‍ മാളകം വരെയുള്ള ചാലിയാര്‍ പുഴയുടെ തീരങ്ങളില്‍ പരിശോധന നടത്തിയിരുന്നു.
എന്നാല്‍ മൃതദേഹങ്ങളോ ഭാഗങ്ങളോ നായയ്ക്കും കണ്ടെത്താനയില്ല. വാണിയംപുഴ, കുമ്പളപ്പാറ ഭാഗങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനകളും ഇന്നലെ നടന്നു. ലഭിച്ച മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ അശുപത്രിയിലേക്ക് മാറ്റി. ചാലിയാറിന്റെ കൂടുതല്‍ ഭാഗങ്ങളില്‍ വെള്ളിയാഴ്ച തിരച്ചില്‍ നടത്തിയിരുന്നു. ഉച്ചവരെ മഴ മാറിനിന്നത് തിരച്ചിലിന് അനകൂലഘടകമായി. ഉച്ചയോടെ കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ഇരുട്ടുകുത്തിയിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
അവസാന മൃതദേഹം കണ്ടെത്തുംവരെ ചാലിയാര്‍ പുഴയില്‍ പരിശോധന തുടരുമെന്ന് മന്ത്രി അറിയിച്ചു. വൈകിട്ട് അഞ്ച് മണിയോടെ നാലാം ദിനത്തിലെ പരിശോധനകള്‍ നിര്‍ത്തി സംഘാംഗങ്ങളും ഉദ്യോഗസ്ഥരും മടങ്ങി. ശനിയാഴ്ചയും പരിശോധനകള്‍ തുടരും.
ചാലിയാറിൽ പരിശോധന തുടരും - കൃഷി മന്ത്രി
ഉരുൾ പൊട്ടലിനെ തുടർന്ന് ചാലിയാറിലൂടെ ഒഴുകിയെത്തിയ മുഴുവൻ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും കണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരുമെന്ന് കൃഷി മന്തി പി പ്രസാദ്. ഇതിനായി നേവിയുടെയും ഹെലികോപ്റ്ററിൻ്റെയും സഹകരണം ലഭിക്കും. നിലമ്പൂരിൽ നടന്ന ഉന്നത തല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഹെലികോപ്റ്റർ, മണ്ണിനടിയിൽ തിരച്ചിൽ നടത്താനുള്ള ആധുനിക യന്ത്ര സംവിധാനങ്ങൾ എന്നിവയും ലഭ്യമാക്കുന്നു. ആവശ്യമായ ഭാഗങ്ങളിൽ ഡോഗ് സ്ക്വാഡും പരിശോധന നടത്തും. ഉരുൾപൊട്ടൽ മേഖലയോട് ചേർന്ന ഭാഗം മുതൽ ചാലിയാറിൻ്റെ അവസാന ഭാഗം വരെ തിരച്ചിൽ നടത്തും. മണ്ണിൽ മൃതദേഹങ്ങൾ അകപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കും. പാലങ്ങളിലും റഗുലേറ്റർ കം ബ്രിഡ്ജുകളിലും അടിഞ്ഞ മരങ്ങൾ മാറ്റി തിരച്ചിൽ നടത്തും.
പി.വി അൻവർ എം.എൽ.എ, ജില്ലാ കളക്ടർ വി.ആർ വിനോദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇസ്മായീൽ മൂത്തേടം, നഗരസഭാ അധ്യക്ഷൻ മാട്ടുമ്മൽ സലിം, അസിസ്റ്റന്റ് കളക്ടർ വി.എം ആര്യ, ഡി.എം.ഒ ഡോ. ആർ രേണുക, ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു, ഡി.എഫ് ഒ കാർത്തിക്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ പങ്കെടുത്തു.