08:47 PM (IST) Jul 31

വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് നിരോധനം നീട്ടി

തൃശൂര്‍ ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് രണ്ടു ദിവസം കൂടി നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. ഇന്നും നാളെയും (ഓഗസ്റ്റ് 1, 2) പ്രവേശനം നിരോധിക്കും. കൂടാതെ ചാലക്കുടി മലക്കപ്പാറ വഴിയുള്ള എല്ലാ യാത്രയ്ക്കും രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തി. അടിയന്തര സാഹചര്യങ്ങളില്‍ അധികൃതരുമായി ബന്ധപ്പെട്ട് യാത്രയ്ക്ക് അനുമതി തേടാവുന്നതാണ്.

08:36 PM (IST) Jul 31

കെഡാവർ നായകൾ അഞ്ച് സ്പോട്ടുകൾ കണ്ടെത്തി

കൽപ്പറ്റ: കേരളാ പൊലീസിൻ്റെ കെഡാവർ നായകൾ ഇന്ന് മുണ്ടക്കൈയിൽ നടത്തിയ തെരച്ചിലിൽ അഞ്ച് സ്പോട്ടുകൾ കണ്ടെത്തി. എന്നാൽ ഇവിടെയൊന്നും ഇന്ന് പരിശോധന നടത്താൻ കഴിഞ്ഞില്ല. വലിയ പാറക്കല്ലുകൾക്ക് ഇടയിലും പൊളിഞ്ഞ വീടുകൾക്ക് ഇടയിലുമാണ് നായകൾ കണ്ടെത്തിയ സ്പോട്ടുകൾ. ഇവിടെ പരിശോധന നടത്താൻ നാട്ടുകാരും, ഫയർ ഫോഴ്‌സും, നേവിയും ശ്രമിച്ചെങ്കിലും സ്ലാബുകളും കല്ലും മാറ്റാൻ കഴിഞ്ഞില്ല. ജെസിബി എത്തിച്ചെങ്കിൽ മാത്രമേ ഇവിടങ്ങളിൽ പരിശോധന നടത്താനാകൂവെന്നാണ് വിവരം. മുണ്ടക്കൈയിൽ മാത്രമാണ് ഇന്ന് പരിശോധന നടത്താനായത്.

08:07 PM (IST) Jul 31

ഒമാൻ സുൽത്താൻ അനുശോചിച്ചു

വയനാട് ദുരന്തത്തിൽ അനുശോചനം അറിയിച്ച് ഒമാൻ സുൽത്താൻ. വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഇരയായവർക്കും അവരുടെ കുടുംബങ്ങൾക്കും ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് ഇന്ത്യൻ പ്രസിഡണ്ട് ദ്രൗപതി മുർമുവിന് അനുശോചന സന്ദേശം അയച്ചു.

07:29 PM (IST) Jul 31

വയനാട്ടിൽ 167 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു

 വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ 167 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 96 പേരെ തിരിച്ചറിഞ്ഞു. 77 പേർ പുരുഷൻമാരും 67 പേർ സ്ത്രീകളുമാണ്. 22 കുട്ടികളുണ്ട്. ഒരു മൃതദേഹത്തിൻ്റെ ആൺ പെൺ വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല. 166 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു. 61 മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചിരുന്നു. 49 എണ്ണവും പോസ്റ്റുമോർട്ടം ചെയ്തു. 75 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. 219 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളിൽ എത്തിച്ചത്. ഇതിൽ 78 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു. 142 പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിക്ക് മാറ്റി. വയനാട്ടിൽ 73 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളത്.

07:03 PM (IST) Jul 31

മഴ കനക്കാൻ സാധ്യതയെന്ന് അറിയിപ്പ്

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ കനക്കാൻ സാധ്യതയെന്ന് അറിയിപ്പ്. കൂടുതൽ മഴ മേഘങ്ങൾ കടലിൽ നിന്ന് കര കയറുന്ന സ്ഥിതിയാണ്.

07:02 PM (IST) Jul 31

ആലപ്പുഴ ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍

ആലപ്പുഴ ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മഴയെത്തുടര്‍ന്ന് ജില്ലയില്‍ അമ്പലപ്പുഴ, ചെങ്ങന്നൂര്‍ താലൂക്കുകളില്‍ രണ്ട് വീതം ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. ഏഴ് കുടുംബങ്ങളിലെ ഒന്‍പത് പുരുഷന്‍മാരും പത്ത് സ്ത്രീകളും 12 കുട്ടികളും ഉള്‍പ്പെടെ 31 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്.

07:01 PM (IST) Jul 31

കോഴിക്കോട് ജില്ലയിൽ 121 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു.

കോഴിക്കോട് ജില്ലയിൽ 121 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 1514 കുടുംബങ്ങളിൽ നിന്നായി 4730 പേര്‍ ക്യാംപുകളിൽ കഴിയുന്നുണ്ട്. താലൂക്ക് തിരിച്ചുള്ള കണക്ക് ഇങ്ങനെ -

  • കോഴിക്കോട് താലൂക്ക് - 72 (701 കുടുംബങ്ങള്‍, 2176 പേര്‍)
  • വടകര താലൂക്ക്- 18 (330 കുടുംബങ്ങള്‍, 1135 പേര്‍)
  • താമരശ്ശേരി താലൂക്ക്- 18 (263 കുടുംബങ്ങള്‍, 772 പേര്‍)
  • കൊയിലാണ്ടി താലൂക്ക് - 13 (220 കുടുംബങ്ങള്‍, 647 പേര്‍)
07:00 PM (IST) Jul 31

ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിൽ നിന്നും മാറിത്താമസിക്കണം

വയനാട് ജില്ലാ കളക്ടറുടെ അറിയിപ്പ്

ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലും മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടിൽ കോൽപ്പാറ കോളനി,കാപ്പിക്കളo, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തണം. അപകട ഭീഷണി നിലനിൽക്കുന്നതിനാൽ ക്യാമ്പിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുള്ളവർ എത്രയും വേഗം താമസസ്ഥലത്തു നിന്നും ക്യാമ്പുകളിലേക്ക് മാറണമെന്നും കളക്ടർ അറിയിച്ചു. തദ്ദേശ സ്ഥാപന സെക്രട്ടറിമാരും വില്ലേജ് ഓഫീസർമാരും വേണ്ട നടപടികൾ സ്വീകരിക്കണം.

06:59 PM (IST) Jul 31

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 1) ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.

06:59 PM (IST) Jul 31

പാലക്കാട് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത കാലവർഷത്തിൻ്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അംഗണവാടികൾ, കിൻറർഗാർട്ടൻ, മദ്രസ്സ, ട്യൂഷൻ സെൻ്റർ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ( 01.08.2024 ന്) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. 

മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും റസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ല. ടർഫുകളിലും മറ്റു കളിക്കളങ്ങളിലും കളികളിൽ ഏർപ്പെടുന്നതിൽ നിന്നും പാലത്തിനും ജലാശയങ്ങൾക്കും സമീപം സെൽഫി എടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതിൽ നിന്നും സുരക്ഷാ കാരണങ്ങളാൽ ഏതാനും ദിവസം വിട്ടുനിൽക്കേണ്ടതാണ്.കുട്ടികൾ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. നഷ്ടമാവുന്ന അധ്യയന ദിനങ്ങൾക്ക് പകരം പ്രവർത്തിദിനങ്ങൾ വിദ്യാഭ്യാസ വകുപ്പ് ക്രമീകരിക്കേണ്ടതാണെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്.

06:58 PM (IST) Jul 31

ആഗസ്റ്റ് രണ്ട് വരെയുള്ള പരീക്ഷകൾ മാറ്റി

കാലിക്കറ്റ് സർവകലാശാലയുടെ ആഗസ്റ്റ് രണ്ട് വരെയുള്ള എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ സമയക്രമം പിന്നീടറിയിക്കും.

06:57 PM (IST) Jul 31

തൃശ്ശൂര്‍ ജില്ലയില്‍ 124 ക്യാമ്പുകള്‍ തുറന്നു

തൃശ്ശൂര്‍ ജില്ലയില്‍ നിലവില്‍ ആറ് താലൂക്കുകളിലായി 124 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2364 കുടുംബങ്ങളിലെ 6636 പേരാണുള്ളത്. ഇതില്‍ 2863 പുരുഷന്മാരും 2727 സ്ത്രീകളും 1046 കുട്ടികളും ഉള്‍പ്പെടുന്നു. ചാലക്കുടി- 27, മുകുന്ദപുരം- 15, തൃശൂര്‍- 40, തലപ്പിള്ളി - 23, ചാവക്കാട്- 9, കുന്നംക്കുളം - 10 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിലായി പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളുടെ എണ്ണം. ചാലക്കുടി- 1041 പേര്‍, മുകുന്ദപുരം-1183 , തൃശൂര്‍- 2761, തലപ്പിള്ളി - 815, ചാവക്കാട്- 439, കുന്നംക്കുളം - 383 പേര്‍ എന്നിങ്ങനെയാണ് ക്യാമ്പുകളില്‍ കഴിയുന്നവരുടെ എണ്ണം.

06:57 PM (IST) Jul 31

കൂടുതൽ പ്രദേശങ്ങളിൽ ജാഗ്രത നിര്‍ദേശം

വയനാട്ടിൽ കൂടുതൽ പ്രദേശങ്ങളിൽ ജാഗ്രത നിര്‍ദേശം. കുറുമ്പലക്കോട്ട, ലക്കിടി, മണിക്കുന്ന്, മുട്ടിൽ കോൽപാറ കോളനി, സുഗന്ധഗിരി, കാപ്പിക്കളം, പൊഴുതന ഭാഗങ്ങളിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നൽകി. ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലും മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് കലക്ടര്‍ അറിയിച്ചു.

06:56 PM (IST) Jul 31

ആംബുലൻസുകൾക്ക് നിയന്ത്രണം

ചൂരൽമല പ്രദേശത്ത് ആംബുലൻസുകളുടെ എണ്ണം പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. ചൂരൽമലയിലും സമീപത്തും ആവശ്യത്തിൽ കൂടുതൽ ആംബുലൻസുകൾ ഉള്ളത് രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. 
രക്ഷാപ്രവർത്തനത്തിന് 25 ആംബുലൻസുകൾ മാത്രമേ ദുരന്ത സ്ഥലത്ത് ആവശ്യമുള്ളൂ. ബാക്കി 25 ആംബുലൻസുകൾ പോളിടെക്നിക് കോളേജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. ഫയർഎഞ്ചിൻ ദുരന്ത സ്ഥലത്ത് മൂന്നും പോളിടെക്നിക് കോളേജ് ഗ്രൗണ്ടിൽ രണ്ടെണ്ണവുമാണ് പാർക്ക് ചെയ്യേണ്ടത്. ബാക്കിയുള്ളവ അകലെ സൗകര്യപ്രദമായ സ്ഥലത്ത് പാർക്ക് ചെയ്യണം.

06:47 PM (IST) Jul 31

മരണസംഖ്യ 243 ആയി

വയനാട് ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 243 ആയി. ഇന്ന് 92 മൃതദേഹം കൂടി കണ്ടെടുത്തു. ദുരന്തത്തില്‍ നിന്ന് 240 പേരെയാണ് കാണാതായത്. മരണസംഖ്യ ഇനിയും ഉയരുമെന്ന് ആശങ്ക.

06:46 PM (IST) Jul 31

7 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് 7 ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, തൃശൂര്‍, കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമായിരിക്കും.

06:02 PM (IST) Jul 31

ഉരുള്‍പൊട്ടലില്‍ മരണം 222 ആയി

വയനാട് ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 270 ആയി. ഇന്ന് 79 മൃതദേഹം കൂടി കണ്ടെടുത്തു. ദുരന്ത ഭൂമിയില്‍ നിന്ന് 240 പേരെയാണ് കാണാതായത്. മരണസംഖ്യ ഇനിയും ഉയരുമെന്ന് ആശങ്ക.

06:00 PM (IST) Jul 31

കണ്ണാടിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ

വയനാട്ടിലെ ദുരന്ത മുഖത്ത് രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു. ചൂരൽ മലയിൽ കണ്ണാടിപ്പുഴയിൽ അതിശക്തമായ മഴയെ തുടര്‍ന്ന് കനത്ത മലവെള്ളപ്പാച്ചിലാണ് തിരിച്ചടിയായത്. നിര്‍ത്താതെ പെയ്യുന്ന പെരുമഴയാണ് ചൂരൽ മഴയിൽ. പുഴയിൽ ഉരുൾപൊട്ടിയതിന് സമാനമായ നിലയിലാണ് മലവെള്ളം കുതിച്ചൊഴുകുന്നത്. അപായ സാധ്യത മുന്നിൽ കണ്ട് രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തി. 

05:58 PM (IST) Jul 31

മലപ്പുറത്തും നാളെ അവധി

മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി.ആർ വിനോദ് നാളെയും (01.08.2024, വ്യാഴം) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്.

05:45 PM (IST) Jul 31

വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

വയനാട് ജില്ലയിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് ഒന്ന് ) അവധി പ്രഖ്യാപിച്ചു. റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല