വയനാട് പുനരധിവാസം; സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രിയുടെ ചർച്ച നാളെ
50 വീടുകളിൽ കൂടുതൽ നിര്‍മ്മിക്കാമെന്ന് വാഗ്ദാനം ചെയ്തവരെയാണ് ആദ്യഘട്ടത്തിൽ മുഖ്യമന്ത്രി കാണുന്നത്. മുസ്ലീം ലീഗ് ഡിവൈഎഫ്ഐ സംഘടനകളേയും കൂടിക്കാഴ്ചയ്ക്ക് വിളിച്ചിട്ടുണ്ട്.
തിരുവനന്തപുരം: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് സന്നദ്ധത അറിയിച്ചവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കൂടിക്കാഴ്ച തുടങ്ങും. 50 വീടുകളിൽ കൂടുതൽ നിര്‍മ്മിക്കാമെന്ന് വാഗ്ദാനം ചെയ്തവരെയാണ് ആദ്യഘട്ടത്തിൽ മുഖ്യമന്ത്രി കാണുന്നത്. കര്‍ണാടക സര്‍ക്കാരിന്‍റെയും രാഹുൽ ഗാന്ധിയുടേയും പ്രതിനിധികൾ യോഗത്തിന് എത്തും. മുസ്ലീം ലീഗ് ഡിവൈഎഫ്ഐ സംഘടനകളേയും കൂടിക്കാഴ്ചയ്ക്ക് വിളിച്ചിട്ടുണ്ട്. 12 മണി മുതൽ തിരുവനന്തപുരത്താണ് കൂടിക്കാഴ്ച നടക്കുന്നത്.
ദുരന്തബാധിതരുടെ പുനരധിവാസത്തിന് വേണ്ടി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്‍റെ വിശദാംശങ്ങൾ, പണിത് നൽകാൻ ഉദ്ദേശിക്കുന്ന വീടുകളുടെ രൂപരേഖ പ്രതീക്ഷിക്കുന്ന ചെലവ് അടക്കമുള്ള കാര്യങ്ങൾ മുഖ്യമന്ത്രി ധരിപ്പിക്കും. ടൗൺഷിപ്പുകളുടെ നിര്‍മ്മാണത്തിന് കണ്ടെത്തിയ എൽസ്റ്റോൺ നെടുമ്പാല എസ്റ്റേറ്റുകളിലെ സര്‍വ്വേ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. ഫീൽഡ് സര്‍വ്വേ പൂര്‍ത്തിയാക്കിയ ശേഷം ദുരന്ത നിവാരണ നിയമപ്രകാരം ഉള്ള നഷ്ടപരിഹാരം കണക്കാക്കി തുടര്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം.
Also Read: 'മതേതര കേരളത്തിന്റെ നന്ദി , എംടിയ്ക്ക് ഒരു രണ്ടാമൂഴം കൂടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചു':മുഖ്യമന്ത്രി
വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസ ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ കാലതാമസം കൂടാതെ നിര്‍വഹിക്കുന്നതിന് സ്‌പെഷ്യല്‍ ഓഫീസറായി (വയനാട് ടൗണ്‍ഷിപ്പ് - പ്രിലിമിനറി വര്‍ക്ക്‌സ്) ഡോ. ജെ.ഒ അരുണിന് അധിക ചുമതല നല്‍കി കൊണ്ട് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജില്ലയിലെ വൈത്തിരി താലൂക്കിലെ മേപ്പാടി പഞ്ചായത്തിലെ ഉരുള്‍പ്പൊട്ടലില്‍ ദുരന്ത ബാധിതരായവരുടെ പുനരധിവാസത്തിന് മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നതിന് അനുയോജ്യമെന്ന് കണ്ടെത്തിയിട്ടുള്ള വൈത്തിരി താലൂക്കിലെ കോട്ടപ്പടി വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 28, സര്‍വെ നമ്പര്‍ 366 ല്‍ പ്പെട്ട നെടുമ്പാല എസ്റ്റേറ്റിലെ സ്ഥലവും കല്‍പ്പറ്റ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 19ലെ സര്‍വെ നമ്പര്‍ 88/1ല്‍പെട്ട എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ സ്ഥലവും പൊസഷന്‍ ഏറ്റെടുക്കുന്നതിനും മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുവാനും 2024 ഒക്ടോബര്‍ 10 ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം