സമ്പൂർണ വാക്സിനേഷനിലൂടെ മാതൃകയായി വയനാട്; പഞ്ചായത്തുകൾ ഒറ്റകെട്ടായി നിന്നത് നേട്ടത്തിന് കാരണമെന്ന് കളക്ടർ
ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളും ഒറ്റകെട്ടായി നിന്നതാണ് നേട്ടത്തിന് പിന്നിലെന്ന് ജില്ലാ കളക്ടർ അദീല അബ്ദുള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആദിവാസി സമൂഹമടക്കം പിന്നോക്ക ജനവിഭാഗങ്ങൾ ഏറെയുള്ള വയനാട്ടിൽ കൊവിഡിനെ നേരിടാൻ കൃത്യമായ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു.
വയനാട്: മൂന്ന് മാസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചവർ ഒഴികെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകിയ വയനാട് രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്. ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളും ഒറ്റകെട്ടായി നിന്നതാണ് നേട്ടത്തിന് പിന്നിലെന്ന് ജില്ല കളക്ടർ അദീല അബ്ദുള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ആദിവാസി സമൂഹമടക്കം പിന്നോക്ക ജനവിഭാഗങ്ങൾ ഏറെയുള്ള വയനാട്ടിൽ കൊവിഡിനെ നേരിടാൻ കൃത്യമായ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. മറ്റ് ജില്ലകളിൽ രോഗം വ്യാപനം ഏറിയപ്പോൾ ഒരു പരിധി വരെ കൊവിഡിനെ പിടിച്ചുകെട്ടാൻ വയനാടിന് കഴിഞ്ഞു. ഇപ്പോൾ ഐസിഎംആർ മാനദണ്ഡങ്ങൾ പ്രകാരം 18 വയസിന് മുകളിൽ അർഹരായ എല്ലാവർക്കും വാക്സിൻ നൽകാനായി. രാജ്യത്തെ തന്നെ ആദ്യ സമ്പൂർണ്ണ വാക്സിനേഷൻ ജില്ലയായി വയനാട് മാറിയെന്ന് ജില്ല കളക്ടർ അദീല അബ്ദുള്ള പറഞ്ഞു. എന്നാൽ ഈ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വരേണ്ടതുണ്ട്.
വാക്സിൻ ലഭ്യത കുറവ് പ്രതിസന്ധിയുണ്ടാക്കിയെങ്കിലും ഉടൻ പരിഹാരങ്ങൾ കണ്ടെത്താനായത് നേട്ടമായി. വയനാട്ടിൽ ആകെ 6, 51, 968 പേരാണ് 18 വയസിന് മുകളിൽ ഉള്ളവർ. ഇതിൽ 6, 11, 430 പേരാണ് വാക്സിൻ സ്വീകരിക്കാൻ അർഹരായത്. മൂന്ന് മാസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചവരും സന്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുമാണ് ഇനി വാക്സിൻ സ്വീകരിക്കാനുള്ളത്.
Read Also: വയനാട്ടിൽ 18 കഴിഞ്ഞ അർഹതയുള്ളവർക്കെല്ലാം വാക്സീൻ നൽകിയെന്ന് ജില്ലാ ഭരണകൂടം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona