വയനാട് ഉപതെര‍ഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധിയ്ക്ക് 5 ലക്ഷം റെക്കോർഡ് ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ശ്രമത്തിൽ കോൺഗ്രസ്

2019 ല്‍ 4,30,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ വിജയിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ അതും പ്രിയങ്ക ആദ്യമായി മത്സരിക്കുമ്പോള്‍ ഭൂരിപക്ഷം 5 ലക്ഷം കടത്തി റെക്കോർഡ് തീർക്കാനുള്ള പ്രവർത്തനത്തിലാണ് യുഡിഎഫ്.

Wayanad byelection Congress workers try to make 5 lakh record majority for Priyanka Gandhi

വയനാട്: വയനാട് ഉപതെര‍ഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിക്ക് അഞ്ച് ലക്ഷത്തിലധികം വോട്ടിന്‍റെ റെക്കോര്‍ഡ് ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ശ്രമത്തില്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഉന്നത നേതാക്കളെയും ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമായ നേതാക്കളെയും എത്തിച്ചുള്ള പ്രചാരണത്തിനാണ് പാർട്ടി നീക്കം. തെര‍ഞ്ഞെടുപ്പില്‍ ദേശീയ വിഷയങ്ങള്‍ക്കൊപ്പം സംസ്ഥാന-രാഷ്ട്രീയ വിഷയങ്ങളും പ്രിയങ്ക ഉന്നയിച്ചേക്കും.

2019 ലോക്സഭ തെര‍ഞ്ഞെടുപ്പില്‍ 4,30,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ അതും പ്രിയങ്ക ആദ്യമായി മത്സരിക്കുമ്പോള്‍ ഭൂരിപക്ഷം അഞ്ച് ലക്ഷം കടത്തി റെക്കോർഡ് തീർക്കാനുള്ള പ്രവർത്തനത്തിലാണ് യുഡിഎഫ്. തനിക്ക് ശേഷം പ്രിയങ്കയെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ സാധാരണ സ്ഥാനാർ‍ത്ഥിയെ സംബന്ധിച്ചുള്ള ആശയക്കുഴപ്പമോ ആകാംഷയോ വയനാട് യുഡിഎഫ് ക്യാമ്പില്‍ ഇല്ല. വോട്ട് ചേർക്കല്‍ പ്രക്രിയയും പഞ്ചായത്ത് നിയോജക മണ്ഡലം ഏകോപനവും വളരെ മുൻപ് തന്നെ പൂര്‍ത്തികരിച്ചു. 

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും കേരളത്തിന്‍റെ ചുമതലയുള്ള ദീപദാസ് മുൻഷിയും പങ്കെടുത്ത യുഡിഎഫ്, കോണ്‍ഗ്രസ് യോഗങ്ങളും കഴിഞ്ഞ മാസത്തോടെ ചേർന്നു. ബൂത്ത് ഏജന്‍റുമാർക്കും കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്‍റുമാർക്കും പ്രത്യേക ശില്‍പ്പശാല നടത്തിയും പാര്‍ട്ടി ഇത്തവണ മുന്നൊരുക്കം നടത്തി. കോണ്‍ഗ്രസ് ഉറ്റക്കെട്ടെന്ന സന്ദേശം നല്‍കണമെന്നാണ് കെസി വേണുഗോപാലിന്‍റെ നിര്‍ദേശം. ഗാന്ധി കുടുംബത്തിന് അമേഠി, റായ്ബറേലി മണ്ഡലങ്ങള്‍പോലെ വയനാടും മാറിയതോടെ കെസി വേണുഗോപാല്‍ നേരിട്ടാണ് തെരഞ്ഞെടുപ്പിനുള്ള പ്രധാന ഏകോപനം നിര്‍വഹിക്കുന്നത്. വയനാട് ‌ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ സഹായം വൈകുന്നത്, കേന്ദ്ര സർക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ എന്നിവിഷയങ്ങള്‍ക്കൊപ്പം എൽഡിഎഫ് സർക്കാരിനെതിരെയും പ്രിയങ്കയുടെ വിമർശനമുയർന്നേക്കും.

ഉപതെര‍ഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുടെ വൻ നിര തന്നെ പ്രിയങ്കഗാന്ധിയുടെ പ്രചാരണത്തിനെത്തും. മമത ബാനർജിയെ പോലുള്ള ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമായ നേതാക്കളും പ്രിയങ്കക്ക് ഐക്യദാർഡ്യം അറിയിച്ച് വയനാട്ടിലെത്തിയേക്കും. അതേസമയം കുടംബരാഷ്ട്രീയത്തിനെതിരെ ഇടത് ക്യാപും ബിജെപിയും വിമർശനം കടുപ്പിക്കുന്നത് പ്രിയങ്കക്ക് വെല്ലുവിളിയാകും. ജനപ്രീയരായവരെ രംഗത്തിറക്കി പ്രിയങ്കയ്ക്ക് കടുത്ത മത്സരം നല്‍കാനുള്ള നീക്കവും അണിയറയയില്‍ നടക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios