ജലസമൃദ്ധ നവകേരളത്തിലേക്ക്

ജല സുരക്ഷയിലും ജലസംരക്ഷണത്തിലും പ്രത്യേക ശ്രദ്ധ നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഹരിത കേരളം മിഷന് കീഴിൽ പ്രത്യേക ഉപമിഷന്‍.

water conservation haritha keralam mission

പ്രകൃതി വിഭവങ്ങളുടെ കരുതലോടെയുള്ള വിനിയോഗത്തെക്കുറിച്ചുള്ള ബോധ്യം ഇപ്പോള്‍ ലോക വ്യാപകമായി വന്നു കഴിഞ്ഞിട്ടുണ്ട്. ഭക്ഷണത്തെപ്പോലെ തന്നെ വെള്ളത്തിന്‍റെ ലഭ്യതയിലും കടുത്ത അസമത്വം ലോകത്ത് നില നില്‍ക്കുന്നുണ്ട്. സമ്പത്തുള്ളവര്‍ ആവശ്യത്തിലധികം ഉപയോഗിക്കുകയും അനാവശ്യമായി പാഴാക്കി കളയുകയും ചെയ്യുന്നത് ഭക്ഷണത്തിന്‍റെയും വെള്ളത്തിന്‍റെയും കാര്യത്തില്‍ ഒരുപോലെ ബാധകമാണ്.

സാമ്പത്തിക ശ്രേണിയുടെ താഴെത്തട്ടിലുള്ളവര്‍ക്ക് ഇവയുടെ ലഭ്യത കുറയുകയോ ലഭിക്കുന്നവയുടെ ഗുണമേന്മ കുറയുകയോ ചെയ്യുന്നു എന്നത് രണ്ടിന്‍റെയും കാര്യത്തില്‍ ഒരുപോലെ ബാധകമാണ്. എന്നാല്‍ ആവശ്യത്തിന് മഴ ലഭിക്കുന്ന കേരളത്തില്‍ ഇതില്‍ നിന്നും അല്‍പം വിഭിന്നമായ ഒരു സ്ഥിതി കൂടി നിലവിലുണ്ട്. മഴയിലൂടെ ലഭിക്കുന്ന ജലം കരുതലോടെയും ശാസ്ത്രീയമായും കൈകാര്യം ചെയ്യാത്തതു നിമിത്തം മഴക്കാലത്ത് വെള്ളപ്പൊക്കവും വേനല്‍കാലത്ത് വരള്‍ച്ചയും ഉണ്ടാകുന്ന സ്ഥിതിയാണ് കേരളത്തില്‍ ഉള്ളത്.  ഭൂമിയില്‍ പെയ്തു വീഴുന്ന ജലം പരമാവധി ഭൂജലമായും ഉപരിതല ജലസ്രോതസ്സുകളിലും സംരക്ഷിച്ചു നിര്‍ത്തുകയും നീരൊഴുക്ക് സുഗമമാക്കേണ്ട സ്ഥലങ്ങളില്‍ അതിനുള്ള വഴിയൊരുക്കുകയും ചെയ്യുക എന്നതാണ് ഈ അവസ്ഥ പരിഹരിക്കുന്നതിനുള്ള ഒന്നാമത്തെ മാര്‍ഗ്ഗം.

water conservation haritha keralam mission

ജല സുരക്ഷയിലും ജലസംരക്ഷണത്തിലും പ്രത്യേക ശ്രദ്ധ നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാരിന്‍റെ പ്രകടന പത്രികയില്‍ തന്നെ ഇതുസംബന്ധിച്ചു സ്വീകരിക്കേണ്ട ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനനുസരണമായുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരികയാണ്. 2016 ഡിസംബര്‍ 8 ന് ഹരിതകേരളം മിഷന്‍ രൂപീകരിച്ചപ്പോള്‍ അതില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക ഉപമിഷന്‍ രൂപീകരിച്ചാണ് ഇതിന് നേതൃത്വം നല്‍കുന്നത്. കേരളം ജല സുരക്ഷയുള്ള സംസ്ഥാനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ശാസ്ത്രീയ അടിത്തറയോടുകൂടിയ ജനകീയ പ്രവര്‍ത്തനമായാണ് ഹരിതകേരളം മിഷന്‍റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്.

water conservation haritha keralam mission

കേരളത്തിന്‍റെ ഭൂപ്രകൃതിയും മഴയുടെ ലഭ്യതയും ജലസ്രോതസ്സുകളുടെ ശോഷണവും ഭൂവിനിയോഗത്തില്‍ വന്ന മാറ്റവുമൊക്കെ കാരണം മഴക്കാലത്തുണ്ടാകുന്ന ദുരിതങ്ങള്‍ ചെറുതല്ല. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് താല്ക്കാലിക മാര്‍ഗ്ഗങ്ങളല്ല മിറച്ച് ശാസ്ത്രീയ സമീപനത്തോടെയുള്ളതും സുസ്ഥിരവുമായ ഇടപെടല്‍ ആവശ്യമാണ്.

പുഴകളുടെയും നദികളുടെയും പുനരുജ്ജീവനം, നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടിട്ടുള്ള 'ഇനി ഞാനൊഴുകട്ടെ' കാമ്പയിന്‍, കുടിവെള്ളത്തിന്‍റെ ഗുണനിലവാരം പരിശോധിക്കാന്‍ ജലഗുണ നിലവാര പരിശോധന ലാബുകള്‍, ജലലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ തയ്യാറാക്കുന്ന ജലബജറ്റ് തുടങ്ങി ഹരിതകേരളം മിഷന്‍ ജലമേഖലയുമായി ബന്ധപ്പെട്ട് നടപ്പാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്.

നമ്മുടെ സ്വാഭാവിക ജലസ്രോതസ്സുകളില്‍ പ്രധാനപ്പെട്ട പുഴകളും നദികളും ജലാശയങ്ങളും വീണ്ടെടുക്കാന്‍ ലക്ഷ്യമിട്ടാണ് 'ഇനി ഞാനൊഴുകട്ടെ' എന്ന കാമ്പയിനാരംഭിച്ചത്. ഇതിലൂടെ രണ്ടു ഘട്ടങ്ങളിലായി ഇതിനകം 412 കി.മീ. ദൂരം പുഴകളും, 60855 കി.മീ ദൂരം തോടുകളും വൃത്തിയാക്കാനായി. ജനപങ്കാളിത്തംകൊണ്ട് രണ്ടുഘട്ടങ്ങളിലും സജീവമായിയുന്നു. 162295ഓളം പേരാണ് വിവിധ ഇടങ്ങളിലായി ഇതില്‍ പങ്കെടുത്തത്.

water conservation haritha keralam mission

'ഇനി ഞാനൊഴുകട്ടെ' മൂന്നാംഘട്ടത്തില്‍ പശ്ചിമഘട്ട പ്രദേശത്തെ 230 ഗ്രാമപഞ്ചായത്തുകളിലെ നീര്‍ച്ചാല്‍ വീണ്ടെടുപ്പിന് ഊന്നല്‍ നല്‍കി സംസ്ഥാനത്തൊട്ടാകെയുള്ള നീര്‍ച്ചാല്‍ ശൃംഖല വീണ്ടെടുക്കല്‍ പ്രവര്‍ത്തനമാണ് ലക്ഷ്യമിടുന്നത്. അധിക ജലം മണ്ണിലേക്കിറങ്ങി പശ്ചിമഘട്ട പ്രദേശത്തുണ്ടാകുന്ന ഉരുള്‍പൊട്ടലും മണ്ണിടിച്ചിലിനും സാധ്യത കുറയ്ക്കുക കൂടി ഇതില്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിന്‍റെ ആദ്യഘട്ടമെന്ന നിലയില്‍ നീര്‍ച്ചാലുകളെ ഭൂപടത്തില്‍ അടയാളപ്പെടുത്തുന്ന മാപത്തോണ്‍ പ്രക്രിയ അവസാന ഘട്ടത്തിലാണ്.

water conservation haritha keralam mission

ജനസാന്ദ്രത എന്നതിലുപരി ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങള്‍ സംസ്ഥാനത്ത് ഗ്രാമങ്ങളില്‍ പോലും വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കുടിവെള്ളത്തിന്‍റെ ഗുണനിലവാരം സുപ്രധാന വിഷയമാണ്. ഇത് പരിശോധിച്ച് ഉറപ്പു വരുത്തുന്നതിനും ആവശ്യമായ തുടര്‍ നടപടികള്‍ക്കുമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും പ്രാഥമിക ജല ഗുണനിലവാര പരിശോധന ലാബുകള്‍ സ്ഥാപിച്ചു വരികയാണ്. ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ രസതന്ത്രം ലാബിനോട് ചേര്‍ന്നാണിത്. 166 ലാബുകള്‍ ഇതിനകം പ്രവര്‍ത്തമാരംഭിച്ചു. 313 ലാബുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

water conservation haritha keralam mission

രാജ്യത്താദ്യമായി ഗ്രാമപഞ്ചായത്തു തലത്തില്‍ ജലബജറ്റ് രൂപീകരിക്കുന്ന പ്രവര്‍ത്തനം ഹരിതകേരളം മിഷന്‍റെ നേതൃത്വത്തില്‍ നടന്നു വരികയാണ്. 14 ജില്ലകളില്‍ തെരഞ്ഞെടുക്കപ്പെട്ട 15 ബ്ലോക്കുകളിലായി 94 ഗ്രാമപഞ്ചായത്തുകളില്‍ ജലബജറ്റ് തയ്യാറായി. ഈ വര്‍ഷം ലോക ജലദിനത്തോടനുബന്ധിച്ച് ഈ പഞ്ചായത്തുകളില്‍ ഇതു സംബന്ധിച്ച അവതരണവും ജലസഭയും സംഘടിപ്പിക്കുന്നുണ്ട്. ഓരോ കാലങ്ങളിലുമുള്ള ജലലഭ്യതയും ആവശ്യങ്ങളും തുലനം ചെയ്ത് ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ ജനകീയമായാണ് ജലബജറ്റ് തയ്യാറാക്കുന്നത്.

water conservation haritha keralam mission

സംസ്ഥാനത്തിന്‍റെ ജലവിഭവ പരിപാലന സംരക്ഷണ മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍, ജല വിഭവ വകുപ്പ്, മണ്ണ് സംരക്ഷണ മണ്ണ് പര്യവേക്ഷണ വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരെ ചേര്‍ത്ത് ജനകീയമായാണ് ഹരിതകേരളം മിഷന്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios